അത്രയൊക്കെ പറ്റോ... സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ എന്തും കാട്ടിക്കൂട്ടുന്ന ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കും ശക്തമായ താക്കീതായി മാറി 3 ഐ.പി.എസുകാരെ തിരികെ വിളിച്ച സംഭവം; ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ പുറത്ത് ഒരു തരി മണ്ണ് വീണതിന് പശ്ചിമബംഗാളില്‍ മമത ബാനര്‍ജി കൈകാലിട്ടടിക്കുന്നു

പലപ്പോഴും കേന്ദ്രത്തെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പലപ്പോഴും എടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തണലില്‍ ഐഎഎസുകാരും ഐപിഎസുകാരും പലതും കാട്ടിക്കൂട്ടുകയും ചെയ്യും. ശബരിമല പ്രക്ഷോഭ സമയത്ത് കേന്ദ്രമന്ത്രിയെ തടയുന്ന സംഭവം പോലുമുണ്ടായി. എന്നാല്‍ അന്ന് കേന്ദ്രം വിട്ടുകളയുകയായിരുന്നു. അതേസമയം അങ്ങനെ വന്നാല്‍ കേന്ദ്രത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പശ്ചിമബംഗാള്‍ സംഭവത്തില്‍ കാണിച്ച് തരികയാണ് സാക്ഷാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ ദേഹത്ത് ഒരുതരി മണ്ണ് വീഴ്ത്തുന്നത് കണ്ട് നിന്ന ഭരണകൂടത്തിന് വലിയ ശിക്ഷയാണ് അമിത്ഷാ വിധിച്ചത്.
പശ്ചിമബംഗാളില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന് ശിക്ഷാനടപടിയായി മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലോടെ മുഖ്യമന്ത്രി മമതബാനര്‍ജിയും ബി. ജെ. പിയും തമ്മിലുള്ള പോര് രൂക്ഷമായി.
നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബംഗാള്‍ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ഡയമണ്ട് ഹാര്‍ബര്‍ എസ്.പി ബോലോനാഥ് പാണ്ഡെ, ദക്ഷിണ ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി എന്നിവരെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടി.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി മാത്രമേ സാധാരണഗതിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ഉദ്യോഗസ്ഥരെ തിരികെ വിളിക്കാറുള്ളൂ.
ആക്രമണം നടക്കുമ്പോള്‍ ജെ.പി നദ്ദയുടെ സുരക്ഷാ ചുമതല ഈ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ് നദ്ദ ആക്രമിക്കപ്പെട്ട ഡയമണ്ട് ഹാര്‍ബര്‍. ആക്രമണത്തിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡി.ജി.പിഎന്നിവരോട് ഇന്ന് ഡല്‍ഹിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കഴിഞ്ഞദിവസം കേന്ദ്രആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
അസാധാരണമായ ഈ നടപടിക്കെതിരെ രംഗത്തെത്തിയ മമതാ ബാനര്‍ജി, ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്ക് അയയ്ക്കില്ല എന്ന് നിലപാടെടുത്തു. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും തൃണമൂല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റിയത്. നദ്ദയുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് മമത ബാനര്‍ജി പറയുന്നത്. ആക്രമണം നാടകമാണ്. ബി.ജെ.പിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.
അതേസമയം, ക്രമസാമാധാനം തകര്‍ന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും തീകൊണ്ട് കളിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19ന് ബംഗാള്‍ സന്ദര്‍ശിക്കും. ഡയമണ്ട് ഹാര്‍ബറിലെ പരിപാടിക്ക് പോകുമ്പോഴാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. കല്ലുകളും ഇഷ്ടികകളും കൊണ്ടുളള ആക്രമണത്തില്‍ ബി.ജെ.പി നേതാക്കളായ മുകുള്‍ റോയിക്കും കൈലാഷ് വിജയ്‌വര്‍ഗിയക്കും പരിക്കേറ്റിരുന്നു. അതിനാണ് ഇപ്പോള്‍ മമതയ്ക്ക് കനത്ത വില നല്‍കേണ്ടി വരുന്നത്. ഇത് കേരളത്തിനുമുള്ള പാഠമാണ്. ബിജെപി കേന്ദ്ര നേതാക്കള്‍ക്ക് നേരെ ഒരു തരി മണ്ണ് വീണാല്‍ എന്തായിരിക്കും ഫലം എന്ന് അമിത്ഷാ പറയാതെ പറയുകയായിരുന്നു.
"
https://www.facebook.com/Malayalivartha