വായു മലിനീകരണത്തിന് നേരിയ ആശ്വാസം... ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ...

ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ. ഇന്നലെ പുലർച്ചെ തുടങ്ങി ദിവസം മുഴുവൻ നീണ്ട മഴയിൽ നഗരത്തിലെ താണ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വായു മലിനീകരണത്തിന് നേരിയ ആശ്വാസമായി. ശക്തമായ കാറ്റിന്റെയും ഇടി മിന്നലിന്റെയും അകമ്പടിയോടെ രാവിലെ 5.30 ഓടെയാണ് മഴ തുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചവരെ ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് നൽകിയിരുന്നു. പകൽ മുഴുവൻ നേരിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും തുടർന്നു. അയൽ സംസ്ഥാനത്തെ ഗാസിയാബാദ്, ഗുരുഗ്രാം, മനേസർ, ഫരീദാബാദ്, നോയിഡ നഗരങ്ങളിലും മഴ പെയ്‌തു.ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചികയിൽ നേരിയ കുറവ് ദൃശ്യമായി.
എ.ക്യൂഐ 300ന് താഴേക്ക് വന്നു.ഏഴ് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജനുവരി ദിവസമായി രേഖപ്പെടുത്തിയ വ്യാഴാഴ്ച പകൽ താപനില 27.1ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന ശേഷമാണ് ഇന്നലെ കാലാവസ്ഥ പെട്ടെന്ന് മാറി മറിഞ്ഞത്.
https://www.facebook.com/Malayalivartha





















