നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിക്കും...

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിക്കും. ഒക്ടോബര്‍ 28 നാണ് ശിവശങ്കറിനെ തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും. ഈ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പമാണ് ശിവശങ്കറിനെ കുടുക്കിയത്. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്നു ഇ.ഡി കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്തിലൂടെയും ലൈഫ് മിഷന്‍ കോഴയായും ശിവശങ്കര്‍ നേടിയ അനധികൃത പണമാണ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്ന് കണ്ടെടുത്തതെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.അന്വേഷണം അവസാനിച്ചിട്ടില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ഡിസംബര്‍ 28 നകം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് ഇ.ഡി തയ്യാറെടുക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ ശിവശങ്കറിനെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കും. പിന്നീടു ലഭിക്കുന്ന വസ്തുതകള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കാനും ഇ.ഡിക്ക് കഴിയും.
സ്വര്‍ണടക്കത്തു കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ പ്രതികളാക്കി ഇ.ഡി ഒക്ടോബര്‍ ഏഴിന് പ്രാഥമിക കുറ്റപത്രം നല്‍കിയിരുന്നു. സ്വപ്ന അറസ്റ്റിലായി 62 ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിനാല്‍ വിചാരണക്കോടതി സ്വപ്നയ്ക്ക് ജാമ്യം നല്‍കി. ശിവശങ്കറിന്റെ കാര്യത്തില്‍ അതു സംഭവിക്കാതിരിക്കാനാണ് ശ്രമം. പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം സൂചിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതെന്നും ശിവശങ്കറിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നും സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചിരുന്നു. ശിവശങ്കറിനെതിരെ വിശദമായ അന്വേഷണം അനിവാര്യമാണെന്നും ആദ്യ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha