7 വര്‍ഷംവരെ അകത്ത്... യുവനടിയെ ലുലു മാളില്‍ വച്ച് അപമാനിച്ച പ്രതികളോട് നടി ക്ഷമിച്ചെങ്കിലും അല്‍പം പോലും ക്ഷമ കാട്ടാതെ പോലീസ്; നടിയുടെ വീട്ടില്‍ പോയി ക്ഷമപറയാനുള്ള നീക്കം പൊലീസ് പൊളിച്ചു; നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസിന്റെ ട്വിസ്റ്റ്

കൊച്ചി ലുലുമാളില്‍ രണ്ട് യുവാക്കള്‍ യുവനടിയെ അപമാനിച്ച സംഭവം കൈവിട്ടിരിക്കുകയാണ്. യുവനടി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോള്‍ അത് പരാതിയായി കണക്കാക്കി പോലീസ് നീങ്ങി. ഇതോടെ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തിയത്. ഒരു തുമ്പും ഇല്ലായിരുന്ന കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് രണ്ട് ദിവത്തിനകം പ്രതികളെ കണ്ടെത്തി.
മലപ്പുറം മങ്കട സ്വദേശികളായ മാടശേരില്‍ മുഹമ്മദ് ആദില്‍ (24), ചെന്നെന്‍കുന്നേല്‍ മുഹമ്മദ് റംഷാദ് (25) എന്നിവരാണ് അവരെന്ന് കണ്ടെത്തി. എന്നാല്‍ യുവാക്കള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. തങ്ങള്‍ യാതൊരു ദുരുദ്ദേശവും ഇല്ലാതെ ജോലി തേടിയാണ് കൊച്ചിയില്‍ വന്നതെന്നും ട്രെയിന്‍ വൈകിയതിനാല്‍ ലുലുമാളില്‍ കയറിയെന്നുമാണ് പറഞ്ഞത്. അറിയാതെ നടിയുടെ ദേഹത്ത് കൈകൊണ്ടെങ്കില്‍ മാപ്പാക്കണം. അങ്ങനെയൊരു സംഭവം പിന്നീട് ഓര്‍ത്തതുപോലുമില്ല.
നടിയെന്നറിഞ്ഞില്ല. നടിയെന്നറിഞ്ഞപ്പോള്‍ കാര്യമന്വേഷിച്ചു. പോലീസാകട്ടെ യുവാക്കളെ വലയിലാക്കാന്‍ അന്വേഷണം ശക്തമാക്കി. ഇത് പറഞ്ഞതോടെ നടിക്ക് കാര്യം മനസിലായി ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മാപ്പ് കൊടുത്തു. എന്നാല്‍ പോലീസ് വിട്ടില്ല കേസ് കടുപ്പിച്ചു. യുവാക്കളെ ജയിലിലാക്കി.
പോലീസിന്റെ കാര്യക്ഷമത നല്ലത്. ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണോ മാപ്പ് നല്‍കിയെങ്കിലും ഇത്രയേറെ ആത്മാര്‍ത്ഥത എന്ന് ആരെങ്കിലും ചോദിച്ചാല്‍ തെറ്റ് തോന്നുമോ. പാവപ്പെട്ട നിരവധിയാളുകള്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയാല്‍ ഉണ്ടാകുന്ന സംഭവം നെയ്യാറ്റിന്‍കരയില്‍ തെളിഞ്ഞതാണ്. അച്ഛനും മകളും കൂടി പരാതി പറയാന്‍ പോയ സംഭവത്തില്‍ സോഷ്യല്‍ മീഡിയചര്‍ച്ചയായതുകൊണ്ട് മാത്രമാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. പക്ഷെ ഇതുപോലെ എത്രയെത്ര അച്ഛനും മകളും കാണും. അപ്പോഴാണ് ക്ഷമിച്ച കേസില്‍ പോലീസിന്റെ ട്വിസ്റ്റ്. യുവാക്കള്‍ ചെയ്തത് തെറ്റ് തന്നെയാണ്.
പക്ഷെ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ദുരുദ്ദേശം ഇല്ലെന്നും പോലീസ് തന്നെയാണ് പറയുന്നത്. പിന്നെയെന്തിനാണ് ഈ പയ്യന്‍മാരുടെ ജീവിതം തകര്‍ത്തത്. ഒരു കുറ്റം ചെയ്താല്‍ സാമൂഹ്യ സേവനം ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കി അവരെ പരിവര്‍ത്തനം ചെയ്യുന്ന പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലാണ് ചെറുപ്പക്കാരായ രണ്ട് പേരോടുള്ള ഈയൊരു ഇടപെടല്‍. അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കി വിടേണ്ട കേസാണ് ഇത്രയേറെ സങ്കീര്‍ണമാക്കിയത്.
മാളില്‍വച്ച് അപമാനിക്കപ്പെട്ട യുവനടിയുടെ വീട്ടിലെത്തി ക്ഷമപറയാനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുമുള്ള യുവാക്കളുടെ നീക്കമാണ് പൊലീസ് തന്ത്രപരമായി പൊളിച്ചത്. പൊലീസിന് കീഴടങ്ങാന്‍ അഭിഭാഷകനൊപ്പം ഞായറാഴ്ച രാത്രി മലപ്പുറത്തുനിന്ന് കളമശേരിയിലേക്ക് പുറപ്പെട്ട പ്രതികളുടെ മനസിലിരുപ്പ് തിരിച്ചറിഞ്ഞ പൊലീസ് കുസാറ്റ് ജംഗ്ഷനില്‍വച്ച് വാഹനംതടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചശേഷം നടിയുടെ വീട്ടിലെത്താനായിരുന്നു പദ്ധതി.
അറസ്റ്റിലായ ഇരുവരെയും കളമശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്ഷമപറയാന്‍ തയ്യാറാണെന്ന് യുവാക്കള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ക്ഷമിച്ചുവെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ആദില്‍ ഡെന്റല്‍ ക്‌ളിനിക്ക് ഉപകരണങ്ങള്‍ എത്തിക്കുന്ന റെപ്രസെന്റേറ്റീവാണ്. റംഷാദിന് ജോലിയില്ല. ഓട്ടോമൊബൈല്‍ ഡിപ്‌ളോമ കോഴ്‌സില്‍ സഹപാഠികളായിരുന്ന ഇരുവരുടെയും പിതാക്കന്മാര്‍ വിദേശത്താണ്. റംഷാദിന്റെ കാര്‍ തൃശൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയശേഷം കറങ്ങാനായാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിക്കുണ്ടായ സംഭവം പിറ്റേദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പുറംലേകത്തെ അറിയിച്ചത്.
ലൊക്കേഷനിലായതിനാല്‍ നടിയുടെ മൊഴിയെടുക്കാന്‍ പൊലീസിനും വനിതാകമ്മിഷനും സാധിച്ചിട്ടില്ല. അതിനിടെയാണ് നടി മാപ്പ് നല്‍കിയെങ്കിലും ഈ ട്വിസ്റ്റുകള്‍. നല്ലത്, പോലീസിന് കയ്യടിക്കാം. അടുത്തിടെ യൂട്യൂബറെ വീട്ടില്‍ കയറി തല്ലിയ സെലിബ്രിറ്റിമാര്‍ക്ക് ജാമ്യം കിട്ടാനായി പോലീസിന്റെ സാവകാശം കൂടി ഇതോടൊപ്പം ഓര്‍ക്കുക.
https://www.facebook.com/Malayalivartha