മഹാ സംഗമം പോയ പോക്ക്... വാഗമണിലെ നിശാലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് വലിയ പ്ലാനോടെ; നടത്തിപ്പുകാരായ യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിലായതോടെ പുറത്തായത് വന്‍ നീക്കം; ന്യൂ ഇയര്‍ ആഘോഷം വരെ കൊണ്ടുപാകാനിരുന്ന മഹാസംഗമം പൊളിച്ചടുക്കി പോലീസ്

ഇടുക്കി വാഗമണില്‍ നടന്ന വിവാദ നിശാ പാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുകയാണ്. നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വട്ടപ്പതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ എത്തിയതു 24 യുവതികള്‍ അടക്കം പ്രഫഷണലുകളുടെ വന്‍ നിരയാണ്. നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രമായി ടെലഗ്രാമില്‍ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയായിരിന്നു സംഘാടനം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാനേജ്മന്റ് വിദഗ്ധര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആണ് ഭൂരിപക്ഷവും. ഇതില്‍ തന്നെ മലപ്പുറം, കോഴിക്കോട് പ്രദേശത്തു നിന്നുളളവരാണ് കൂടുതലും. സമുഹ മാധ്യമം വഴി ഉണ്ടായ പരിചയം ആണ് ഒത്തുചേരുന്നതിന് ഇടയാക്കിയത്. ന്യൂ ഈയര്‍ പാര്‍ട്ടി ഗംഭീരമാക്കാനായിരുന്നു നീക്കം. പോലീസ് ഇതു പൊളിച്ചതോടെ പല ന്യൂ ഇയര്‍ പാര്‍ട്ടിക്കാരും പേടിച്ചിരിക്കുകയാണ്.
പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്‍ വഴി പരിശോധിച്ചുവരികയാണ്. അതേസമയം കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ലഹരിമരുന്ന് ഉപയോഗം നടത്തിയതിനും ക്ലിഫ് ഇന്‍ റിസോര്‍ട്ടിന് ജില്ലാ കലക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കി.
ജന്മദിനാഘോഷത്തിനായി യുവജനങ്ങളെ ഫെയ്‌സ്ബുക്ക് വഴി സംഘടിപ്പിച്ച ശേഷം ഇവിടെ എത്തുന്നവര്‍ക്ക് ലഹരിമരുന്നുകള്‍ വില്‍പന നടത്തുകയായിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ച ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇവിടെ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് തങ്ങള്‍ക്ക് അറിവില്ല എന്നാണ് പങ്കെടുക്കാന്‍ എത്തിയവരുടെ മൊഴി .
ലഹരിമരുന്നുകള്‍ ഇവരുടെ പക്കല്‍ നിന്നു കണ്ടെത്താത്ത സാഹചര്യത്തില്‍ സംഘാടകര്‍ അല്ലാത്ത ആരെയും കേസില്‍ ഇതു വരെ പ്രതിചേര്‍ത്തിട്ടില്ല. 24 സ്ത്രീകളുള്‍പ്പെടെ 59 പേര്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തെങ്കിലും ഇവരില്‍ പാര്‍ട്ടിയുടെ സംഘാടകരായ ഒരു സ്ത്രീ ഉള്‍പ്പെടെ 9 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവ വഴി പരിശോധിക്കുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ രക്തപരിശോധനയും നടത്തും.
സി.പി.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്‍ വട്ടപ്പതലാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ സ്ത്രീകളടക്കം അറുപതോളം പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടിക്കിടെ വന്‍ലഹരി വേട്ട. എല്‍.എസ്.ഡി സ്റ്റാമ്പടക്കമുള്ള മാരക ലഹരി വയസ്തുക്കളുമായി യുവതിയടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
നിശാപാര്‍ട്ടിക്കെത്തിച്ച എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരവും ഇവിടെ നിന്നു പിടിച്ചെടുത്തു. വാഗമണ്‍ കേന്ദ്രീകരിച്ച് നിശാ പാര്‍ട്ടിയുള്ളതായും ഇവര്‍ക്ക് ഉപയോഗിക്കാന്‍ ലഹരി ഉത്പന്നങ്ങള്‍ എത്തിച്ചതായും ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇടുക്കി അഡീഷണല്‍ എസ്.പി. എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയത്.
എല്ലാവരേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സംഘടിപ്പിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ്.ആക്ട് പ്രകാരം കേസെടുക്കും. മറ്റുള്ളവരില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കാത്തതിനാലാണ് അവരെ അറസ്റ്റ് ചെയ്യാത്തത്. അവരെ സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. ലഹരി മരുന്നുകള്‍ എത്തിച്ചത് മഹാരാഷ്ട്ര, ബംഗ്‌ളൂരു എന്നിവിടങ്ങളില്‍ നിന്നാണെന്ന് പൊലീസ് പറഞ്ഞു.
റിസോര്‍ട്ട് ഉടമയും സി.പി.ഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയുമായ ഷാജി കുറ്റിക്കാട്ടിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ അറിയിച്ചു. ഷാജി ഏലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ്. അതേസമയം ലഹരി പാര്‍ട്ടിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഷാജി കുറ്റിക്കാട്ട് പറഞ്ഞു. എന്തായാലും വലിയൊരു ന്യൂ ഇയര്‍ പാര്‍ട്ടിയാണ് പൊളിഞ്ഞത്.
https://www.facebook.com/Malayalivartha