ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്... ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം മാരകശക്തിയുള്ളത്; ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാപത്ത്; വ്യാപനം അതിവേഗം; സംസ്ഥാനത്തും മുന്‍കരുതല്‍

കോവിഡിന്റെ പിടിയില്‍ നിന്നും ലോകവും കേരളവും ഇതുവരേയും മുക്തമായിട്ടില്ല. അതിനിടെയാണ് അതിവേഗം വ്യാപനം നടക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍, മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയില്‍നിന്ന് അവിടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്നു രാത്രി 12 മുതല്‍ 31നു രാത്രി 12 വരെയാണു നിയന്ത്രണം.
ബ്രിട്ടനില്‍നിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങള്‍ വഴിയെത്തുന്നവരും വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തണം. ഇതില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റും. നെഗറ്റീവാകുന്നവര്‍ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന മേല്‍നോട്ടവും വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കണം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗത്തിലാണു തീരുമാനങ്ങള്‍. ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കോവിഡ് പ്രതിരോധം ഫലപ്രദമാണ്. യുഎസിലും ബ്രിട്ടനിലും കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഏതാനും ആഴ്ചകളായി കാര്യമായ വര്‍ധനയില്ല. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പുകളും ക്രിസ്മസും കണക്കിലെടുത്തു ജാഗ്രതാ മുന്നറിയിപ്പുണ്ട്.
ഫ്രാന്‍സ്, ജര്‍മനി, കാനഡ, തുര്‍ക്കി, ബല്‍ജിയം, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, സ്വിറ്റ്‌സ!ര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഇസ്രയേല്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, റഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ബ്രിട്ടനിലേക്കുള്ള വിമാനയാത്ര താല്‍ക്കാലികമായി നിര്‍ത്തി.
ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ ഏറെയും പുതിയ വൈറസ് വകഭേദം മൂലമെന്നു സ്ഥിരീകരണം. ബ്രിട്ടനില്‍നിന്നെത്തി കോവിഡ് ബാധിതരായ 6 പേരില്‍ 2 പേരുടേതു പുതിയ വൈറസ് വകഭേദമാണെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ബ്രിട്ടനില്‍ സമീപകാല കേസുകളില്‍ 60 % ജനിതക മാറ്റം സംഭവിച്ച വൈറസില്‍ നിന്നാണ്. നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം തന്നെ കേസുകള്‍ കണ്ടെത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള കോവിഡ് വ്യാപനവും കോവിഡിന്റെ രണ്ടാം വരവും തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് ആറിനു ചേരുന്ന യോഗത്തില്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. യുകെയില്‍ കണ്ടെത്തിയ കൊറോണവൈറസ് പുതിയ വകഭേദം ആശങ്കയുയര്‍ത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തില്‍ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്.
70 % അധികമാണു സാംക്രമികശേഷി. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. യുഎസിലെ നിയുക്ത സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ ഡോ. വിവേക് മൂര്‍ത്തിയും ഇക്കാര്യം ആവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha