നെല്ലിയാമ്പതി സീതാര്‍കുന്ന് കൊക്കയിലേക്കു വീണ രണ്ടുപേരില്‍ ഒരാളെ രക്ഷിച്ചു.. ഒരാളുടെ മൃതദേഹം പാറക്കെട്ടില്‍നിന്നു കണ്ടെടുത്തു

നെല്ലിയാമ്പതി സീതാര്‍കുന്ന് കൊക്കയിലേക്കു വീണ രണ്ടുപേരില്‍ ഒരാളെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം പാറക്കെട്ടില്‍നിന്നു കണ്ടെടുത്തു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ സന്ദീപ് (22) ആണ് മരിച്ചത്. കൂടെ അപകടത്തില്‍പെട്ട കോട്ടായി മടത്തിപ്പറന്പ് മണികണ്ഠന്റെ മകന്‍ രഘുനന്ദനെ(22) ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുത്തി.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. സീതാര്‍കുന്നു വ്യൂ പോയിന്റില്‍ നിന്ന് യുവാക്കള്‍ താഴേക്കു വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സഹപാഠികളും സുഹൃത്തുക്കളുമായ ശരത്തും സനിലും ഉള്‍പ്പെടെ രണ്ടു ബൈക്കുകളിലായി ഇവര്‍ നെല്ലിയാമ്പതി കാണാനെത്തിയത്.
നാലുമണിയോടെ സീതാര്‍കുണ്ടിലെത്തിയ ഇവര്‍ സീതാര്‍കുണ്ട് വ്യൂ പോയിന്റിന്റെ വാലറ്റഭാഗങ്ങള്‍ കണ്ട് അഞ്ചരയോടെ മടങ്ങിവരുന്നതിനിടെ നെല്ലിമരത്തിനു 100 മീറ്റര്‍ മാറി സന്ദീപ് കൊക്കയിലേക്കു വീണു. കൂടെ നടന്നുവരികയായിരുന്ന രഘുനന്ദന്‍ സന്ദീപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കൊക്കയിലേക്കു വീണു. കൂടെയുള്ളവര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് രാത്രി തന്നെ ആലത്തൂര്‍ ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍, ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സും വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി.
സീതാര്‍കുണ്ടിന്റെ താഴ്വരയായ കൊല്ലങ്കോടിനു സമീപമുള്ള നെന്മേനി കാട്ടിലൂടെയാണ് താഴ്വരയിലെത്തിയത്. പുലര്‍ച്ചെ മൂന്നുവരെ കാട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നെല്ലിയാമ്പതി പോലീസും ആലത്തൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വീണ ഭാഗത്തു പരിശോധന നടത്തിയിരുന്നു. ഈ സമയത്തു വീഴ്ചയിലുണ്ടായ പരിക്കില്‍ വേദനിച്ചു നിലവിളിക്കുന്ന ശബ്ദം കേട്ടു.
എന്നാല്‍ താഴേക്ക് ഇറക്കുന്നതിനായി റോപ്പ് തികയാതെ വന്നു. രാത്രി ഒന്നരയോടെ വടക്കഞ്ചേരിയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും കൂടി നെല്ലിയാമ്പതിയിലെത്തി. റോപ്പും വടവും ഉപയോഗിച്ച് ഇറങ്ങി പരിശോധിച്ചപ്പോള്‍, 90 അടി താഴ്ചയില്‍ പാറയോടു ചേര്‍ന്നുള്ള മരത്തിന്റെ താഴെനിന്നും രഘുനന്ദനെ കണ്ടെത്തി. ഉടന്‍തന്നെ വലയുപയോഗിച്ച് പുലര്‍ച്ചെ മൂന്നരയോടെ പുറത്തെടുത്തു. കാലിനും തലയ്ക്കും പരിക്കേറ്റ രഘുനന്ദനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വീണ്ടും ഡ്രോണ്‍ ഉപയോഗിച്ച് മൂന്നു തവണ തെരച്ചില്‍ നടത്തിയെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ചിറ്റൂരില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ഫോഴ്‌സിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മുകളില്‍ നിന്നു വനഭാഗത്തുകൂടെ വീണ ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം അപകടത്തില്‍ പെട്ട സ്ഥലത്തുനിന്ന് 200 മീറ്റര്‍ മാറി 600 അടി താഴ്ചയില്‍ സന്ദീപിനെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രമകരമായ വഴികളിലൂടെ മൃതദേഹവുമായി താഴ്വരയായ നെന്മേനിയിലേക്ക് എത്തിച്ചു.19 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലാണ് അപകടത്തില്‍പെട്ടവരെ കണ്ടെത്താനായത്.
"
https://www.facebook.com/Malayalivartha