വൈറസിന്റെ സ്വഭാവം മാറ്റുന്ന പുതിയ മ്യൂട്ടേഷൻ; കോവിഡ് 19 വൈറസിനേക്കാൾ 70 ശതമാനം പരക്കാൻ ശേഷിയുള്ള പുതിയ വകഭേദത്തെ തൽക്കാലം നമ്മുടെ നാട്ടിൽ കണ്ടെത്തിയിട്ടില്ല, പുതിയ മ്യൂട്ടേഷൻ കുറച്ച് കരുതലോടെ ഇരിക്കേണ്ട ഒന്ന് തന്നെ...ഡോക്ടർ ഷിംനാ അസീസ് കുറിക്കുന്നു

ബ്രിട്ടനെ വീണ്ടും പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെയാകെ വീണ്ടും അതിജാഗ്രതയിലാക്കുന്നു. മുൻ വൈറസിനേക്കാൾ വളരെ വേഗം പടർന്നുപിടിക്കുന്നതിനാലാണ് പുതിയ വകഭേദം ഏറെ ആശങ്കയാകുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. ലോകരാജ്യങ്ങൾ ധ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുകയുണ്ടായി. വൈറസിന് വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും പുതിയ വൈറസിനെക്കുറിച്ച് നിരവധി ആശങ്കകളും അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ കൊറോണ വൈറസിന്റെ പിതിയ വകഭേദത്തെക്കുറിച്ച് ഡോക്ടർ ശിംനാ അസീസ് പറയുന്നത് ഇങ്ങനെ;
ഫേസ്ബുക്കുറിപ്പ് ഇങ്ങനെ;
വൈറസുകളുടെ ജനിതകഘടന സദാ മാറ്റങ്ങൾക്ക് വിധേയമാണ്. എക്കാലവും ഇവിടെ വൈറസുകളുടെ പല 'വേർഷൻ' പുറത്തിറങ്ങിയിട്ടുണ്ട്. 'മ്യൂട്ടേഷൻ' എന്ന ഈ പ്രതിഭാസം പുതിയതല്ല, അപ്രതീക്ഷിതമല്ല, അതിലൊരു അദ്‌ഭുതവുമില്ല.നമ്മളും നമ്മുടെ മുൻതലമുറകളേറെയും കണ്ടിട്ടില്ലാത്ത ഒരൂ ഭൂലോകദുരന്തമെന്ന് തന്നെ വിളിക്കാവുന്ന പകർച്ചവ്യാധിയാണ് SARS Corona Virus 2 ഉണ്ടാക്കുന്ന Corona VIrus Disease 2019. ഇതുണ്ടാക്കുന്ന വൈറസിന്റെ സ്വഭാവം മാറ്റുന്ന പുതിയ മ്യൂട്ടേഷൻ കുറച്ച് കരുതലോടെ ഇരിക്കേണ്ട ഒന്ന് തന്നെയാണ്.
2020ൽ നമ്മളെ പിടിച്ച് കെട്ടിയിട്ട കോവിഡ് 19 വൈറസിനേക്കാൾ 70 ശതമാനം പരക്കാൻ ശേഷിയുള്ള പുതിയ വകഭേദത്തെ തൽക്കാലം നമ്മുടെ നാട്ടിൽ കണ്ടെത്തിയിട്ടില്ല. ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ഇറ്റലി തുടങ്ങിയയിടങ്ങളിലെല്ലാം ഈ പുതിയ സ്‌ട്രെയിൻ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ലോകത്താകമാനം പതിനേഴിന് ലക്ഷത്തിന് മീതെയും ഇന്ത്യയിൽ ഒന്നര ലക്ഷത്തിനടുത്തും കോവിഡ് മരണങ്ങൾ സംഭവിച്ച് കഴിഞ്ഞു. രോഗം വന്ന് പോയവരിൽ പലരും ഇന്നും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടേയിരിക്കുന്നു.
ഇവിടെ നമുക്ക് ചെയ്യാനാവുന്നത്, ജാഗ്രത തുടരുക എന്നതാണ്. കൊറോണ ഒരു കളിതമാശയല്ല. മനസ്സിലാക്കിയിടത്തോളം, വാക്‌സിൻ ലഭിച്ചാൽ ഈ തരത്തിലുള്ള രോഗാണുവിനെയും തുരത്താൻ
കഴിഞ്ഞേക്കും. ഓർമ്മിപ്പിക്കാനുള്ളത്, വാക്‌സിൻ ലഭിച്ചവരും രോഗം വന്ന് പോയവരും 'I am safe' എന്ന് കരുതി കൂളായിരിക്കേണ്ട എന്നതാണ്. കൊറോണ വന്നവർക്ക് വീണ്ടും വരുന്നുണ്ട്, അങ്ങനെ വന്ന പലരും ഏറെ സങ്കീർണതകളിലേക്ക് പോകുന്നുമുണ്ട്. അതിൽ പ്രായലിംഗഭേദങ്ങളില്ല എന്നതും ശ്രദ്ധേയമാണ്.
വളരെ ചുരുക്കി പറഞ്ഞാൽ, കൈ കഴുകുക, മാസ്‌കിടുക, അകലം പാലിക്കുക. കോവിഡിന് എന്നെങ്കിലും ഒരറുതി വരുമ്പോ നമുക്ക് നല്ലോണം അങ്ങോട്ടും ഇങ്ങോട്ടും നോക്കി മാസ്‌കില്ലാതെ ചിരിക്കാം, കൈയിൽ പിടിക്കുകേം കെട്ടിപ്പിടിക്കുകേം ഒക്കെ ചെയ്യാം.
ഈ എടങ്ങേറ് പിടിച്ച പുതിയ സാധനം എവിടെയൊക്കെ ഉണ്ടെന്നറീല. വിദേശവിമാനങ്ങൾ ഇപ്പഴും തലക്ക് മീതേ പറക്കുന്നുണ്ട്. പണി ചിലപ്പോ പാളിയേക്കും. കൊറോണേടെ കൂടെ തോളിൽ കൈയിട്ട് ഷിഗല്ലയും ഈ റൂട്ടിൽ സർവ്വീസ് ചെയ്യുന്നത് ഏവരും അറിഞ്ഞ് കാണുമല്ലോ.
ഷിഗല്ല ജീവന് അപകടകരമായേക്കാവുന്ന ഒരിനം വയറിളക്കമുണ്ടാക്കുന്ന ബാക്‌ടീരിയയാണ്. ഈ രോഗാണു ശരീരത്തിൽ എത്തിയാൽ മലത്തിൽ രക്‌തവും കഫവും കണ്ടേക്കാം. കടുത്ത വയറിളക്കം, വയറുവേദന, പനി തുടങ്ങി അപസ്‌മാരം മുതൽ മരണം വരെയുണ്ടാകാം. കൈകൾ സമയമെടുത്ത് സോപ്പിട്ട് പതപ്പിച്ച് കഴുകുക (വീണ്ടാമതും), തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, വീടിന് പുറമേ നിന്നുള്ള സാലഡുകളും തുറന്ന് വെച്ച വിഭവങ്ങളും പാടേ ഒഴിവാക്കുക, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക എന്ന കാര്യങ്ങളും ശ്രദ്ധിക്കുകയാണ് പ്രതിരോധമാർഗം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
മൊത്തത്തിൽ നമ്മുടെ ടൈം ബെസ്‌റ്റ് ടൈമാണേ... ഒന്നുകിൽ കൊറോണ കടിക്കും അല്ലേൽ ഷിഗല്ല പിടിക്കും എന്നതാണ് സ്‌ഥിതി. അത് കൊണ്ട് സൂക്ഷിച്ചാൽ പിന്നേം സൂക്ഷിക്കാൻ ആള് ബാക്കീണ്ടാവും എന്നതോർക്കുക.
2020 വർഷമോ കൈയ്യീന്ന് പോയി, 2021നമുക്ക് തിരിച്ച് പിടിക്കാനാകട്ടെ... ആഘോഷങ്ങളും അവധികളും അകലത്ത് നിന്ന് അടുക്കുന്നവയാകട്ടെ...
കരുതലോടെയിരിക്കാം.
Dr. Shimna Azeez
https://www.facebook.com/Malayalivartha