സഖാവ് പിണറായി തുടങ്ങി... പിണറായിയുടെ യാത്രയെപറ്റി പെരുന്ന തമ്പുരാന്‍ എന്തുപറയുന്നു കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള സഖാവിന്റെ യാത്ര

തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച എൽഡിഎഫ് ഒരു ഇടവേളയിലേക്ക് പോകുന്നില്ല. കുരുക്ഷേത്രയുദ്ധം കഴിഞ്ഞിട്ട് പാണ്ഡവർ അശ്വമേധയാഗം നടത്തി.അഴിച്ചവിട്ട അശ്വത്തിൻ്റെ രക്ഷിതാവായി മധ്യമ പാണ്ഡവനായ അർജുനനെയും അയച്ചു.
ആരുമായിട്ടും എതിർക്കാനോ യുദ്ധത്തിനോ പോകരുതെന്നും പ്രത്യേക നിർദേശവും നൽകി.എന്നാലും അർജ്ജുനന് കുറെയൊക്കെ അത് ലംഘിക്കേണ്ടി വരുകയും ചെയ്തു. ഇപ്പോൾ ഇവിടെ വിജയ ശ്രീലാളിതരായി നിൽക്കുന്ന എൽ ഡി എഫിലെ _നടുനായകത്വം വഹിക്കുന്ന അർജ്ജുനൻ്റെ പര്യായ നാമമായ വിജയൻ ഇതാ കൊല്ലത്ത് നിന്നും അശ്വ രക്ഷിതാവായി യാത്ര തിരിച്ചിരിക്കുകയാണ്.
എല്ലാ പാപങ്ങളുടെയും കറ പുരണ്ട് കിടക്കുന്ന തിരുവനന്തപുരത്തെ മണ്ണിൽ നിന്ന് യാത്ര പുറപ്പെടണ്ടാ എന്ന് മുതിർന്ന സഖാവ് ആചാര്യന്മാർ ഉപദേശിച്ചിട്ടുണ്ടാകും. അതു കൊണ്ടാവാം കൊല്ലത്തെ മണ്ണിൽ നിന്നു തന്നെ യാത്ര പുറപ്പെട്ടത്.അർജ്ജുനന് ആചാര്യന്മാർ നിർദേശം നൽകിയതുപോലെ സഖാവ് പിണറായിയ്ക്കും കുലംകുത്തികൾ അല്ലാത്ത കുലഗുരുക്കന്മാർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. യാത്രയിൽ ഉടനീളം ചിരിക്കണം'മാസ്ക് മാറ്റി തന്നെ ചിരിച്ചു കാണിച്ചു കൊടുക്കണം.
സാമൂഹിക അകലം പാലിക്കണം എങ്കിലും ആവശ്യത്തിന് വോട്ടറന്മാരുടെ കൂടെ ചേർന്ന് നിൽക്കാം. കടക്കു പുറത്ത് എന്ന പ്രയോഗമോ സമാന പ്രയോഗമോ ഉണ്ടാകാൻ പാടില്ല. സാംസക്കാരിക നായകന്മാരെ മുഴുവൻ ചേർത്തു നിർത്തണം' ആവശ്യം വരുമ്പോൾ കുരയ്ക്കേണ്ടവർ ആണ്.പരനാറി എന്ന പ്രയോഗം ഇപ്പോഴും കൊല്ലം മണ്ഡലത്തിൽ മറ്റൊലി കൊണ്ട് നിൽക്കുന്നുണ്ട്.
അത് മുഴുവൻ തുടച്ചു മാറ്റത്തക്ക രീതിയിലുള്ള പ്രസംഗവും കാഴ്ചവെയ്ക്കണം എന്നെല്ലാമുള്ള നിർദ്ദേശങ്ങളുമായിട്ടാണ് പിണറായി സഖാവ് യാത്ര തിരിച്ചിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലും മത സാമുദായിക നേതാക്കൾ, പൗരവ്യവസായ പ്രമുഖരുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകണം. എന്നാൽ തുടക്കത്തിലെ കല്ലുകടി ഉണ്ടായിരിക്കുന്നു -കൊല്ലത്തെ നായന്മാർ ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ല.
കൊതി കെറുവിൻ്റെ പ്രശ്നം ഉണ്ട്. നായർ വിശന്നു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല, ആയതു കേട്ടു കലമ്പി ചെന്നവനങ്ങു ആയുധ മുടനെ കാട്ടിലെറിഞ്ഞു " _ എന്ന് കുഞ്ചൻ നമ്പ്യാർ എഴുതിയത് പോലെയായി. തുടക്കത്തിൽ ഇങ്ങനെ ഉണ്ടായത് പരിഹരിക്കേണ്ടിയിരിക്കുന്നു. കാരണം കേരളം മുഴുവൻ നായന്മാർ ഉണ്ട്.സുകുമാരനായർ ക്ഷോഭിക്കാതെ നോക്കണം. പെരുന്നയിലെ രാജാവിനെ വേണ്ട രീതിയിൽ തൃപ്തിപെടുത്തി പൂജ നടത്തി വേണം മുമ്പോട്ടു പോകേണ്ടത്.
ഇല്ലെങ്കിൽ രാജാവ് ചെന്നിത്തല നായരോട് ആഭിമുഖ്യം കൂടുതൽ കാട്ടിയാൽ അതും പ്രശ്നമാകും. ദേവസ്വം വിഷയം, മുന്നാക്ക സംവരണം ഇവ കാരണമാണ് അകന്നു നിൽക്കാൻ ഇടയായിരിക്കുന്നത്.
എൽ ഡി എഫ് അശ്വമേധയാഗം നടത്തി തുടർ വിജയം ഉറപ്പിക്കാൻ രാപ്പകലില്ലാതെ അദ്ധ്യാനിക്കുമ്പോൾ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് തമ്മിൽത്തല്ലി കുലം മുടിക്കുന്ന അവസ്ഥയിലേക്കാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.' കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും പടവാളുമായി പല നേതാക്കാന്മാരും മുല്ലപ്പള്ളിയക്ക് ഇട്ടു കൊടുത്തു കൊണ്ടിരിക്കുകയാണ്.
വിമർശിക്കാം. വളഞ്ഞിട്ടാക്രമിക്കുന്നത് അല്പം കൂടിപ്പോയി. അനിമൽ പ്ലാനറ്റ് സ്ഥിരമായി കാണുന്ന മുല്ലപ്പള്ളി എന്ന മൃഗസ്നേഹിയോട് അല്പം മൃദുസമീപനം ആകാമല്ലോ.വിജയത്തിൻ്റെ പിതൃത്വം അവകാശപ്പെടാൻ പലരും രംഗത്ത് നിൽക്കുമ്പോൾ പരാജയം അനാഥനാണ്. ശവത്തിൽ കുത്തരുത് എന്നാണ് മുല്ലപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്.
മൂന്ന് മാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസിൻ്റെ രോഗാവസ്ഥ ഭേദപ്പെടുത്താൻ പാർട്ടി യിലെ പ്രഗത്ഭ ഭിഷഗ്വരന്മാർ ശ്രമം നടത്തുകയാണ്. കതകടച്ച് ഇരുന്ന് ചർച്ച ചെയ്യരുതെന്നാണ് കരുണാകരപുത്രൻ പറഞ്ഞിരിക്കുന്നത്.നിരന്തര വാർത്താ സമ്മേളനത്തിന് എതിരെയും പ്രസ്താവനകൾക്ക് എതിരെയും വടക്കൻ പറവൂരുകാരൻ രംഗത്ത് വന്നു.
2016-ൽ മുറിവ് ഉണക്കി വീണ്ടും അധികാരത്തിൽ വരാൻ സാഹചര്യം ഉണ്ടായിട്ടും ഗ്രൂപ്പ് കളിച്ചു. ജോസ് കെ - മാണിയെ പരവതാനി വിരിച്ച് കൊണ്ടിരുത്തി. പാല് കൊടുത്ത കൈയ്യിൽ തന്നെ പാമ്പ് കടിച്ചു എന്നതുപോലെയായി.
എൽ ഡി എഫിൻ്റെ അശ്വം കേരളം ചുറ്റിക്കറങ്ങി തിരികെ എത്തുമ്പോഴേക്കും കോൺഗ്രസ്സ് ആയൂർവേദ ചികിത്സയെങ്കിലും പൂർത്തിയാക്കി ഗോദാ യിൽ ഇറങ്ങും എന്നു കരുതാം. ബി ജെ പി വിഭാഗീയതയുടെ മുറിവുണക്കി വന്നാൽ ആരായിരിക്കും പ്രധാനമായി എൽഡിഎഫിനെ എതിരിടാൻ പോകുന്നത് എന്ന് കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha