കാര്യങ്ങള്‍ മാറുന്നു... മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് കല്ലുകടിയാകുന്നു; ഇതിനെതിരെ കെ.പി.സി.സി അധ്യക്ഷനും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും രംഗത്തു വരുന്നു

തോറ്റങ്കിലെന്ത്? അധികാര കൊതി മാറുമോ? പികെ. കുഞാലിക്കുട്ടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഇതിനെതിരെ കെ.പി.സി.സി അധ്യക്ഷനും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും രംഗത്തു വന്നേക്കും. പാണക്കാട് കുടുംബത്തിലെ ഒരംഗം തന്നെ ഇതാദ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തി.
തീരുമാനത്തിനെതിരെ യൂത്ത് ലീഗ് രംഗത്ത് വന്നത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തോട് ഇ ടി മുഹമ്മദ് ബഷീറും ഡോ. എം കെ മുനീറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടനക്കുള്ളില്‍ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി ഇല്ലെങ്കില്‍ മുനീറാണ് ലീഗിനെ സംസ്ഥാനത്ത് നയിക്കേണ്ടത്. ഇതിനുള്ള സാധ്യതയാണ് അടഞ്ഞത്.
കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും നയിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം വെച്ച് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നൂവെന്ന ലീഗിന്റെ തീരുമാനം വരുന്നത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന്റെ യഥാര്‍ഥ കാരണം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ലീഗ്‌യു.ഡി.എഫ്. നേതൃത്വം. കോണ്‍ഗ്രസുമായി അലോചിക്കാതെയാണ് ലീഗ് തീരുമാനം പ്രഖ്യാപിച്ചത്.ഇതില്‍ മുല്ലപ്പള്ളി അസ്വസ്ഥനാണ്. എം.പി. സ്ഥാനം രാജി വച്ച് അടൂര്‍ പ്രകാശും കെ. മുരളീധരനും നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എതിര്‍ത്തയാളാണ് മുല്ലപ്പള്ളി. അപ്പോള്‍ മുല്ലപ്പള്ളി കുഞ്ഞാലികുട്ടിയെ എതിര്‍ക്കാതിരുന്നാല്‍ അത് കോണ്‍ഗ്രസില്‍ കലാപത്തിന് വഴിവച്ചേക്കും.
കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന രീതിയില്‍ സി.പി.എമ്മും, ബി.ജെ.പിയുമടക്കമുള്ള എതിരാളികള്‍ കുഞ്ഞാലിക്കുട്ടിയുടെ വരവിനെ ഇതിനകം തന്നെ പ്രചാരണ ആയുധമാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞുപോയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലീഗിനെ കുഞ്ഞാലിക്കുട്ടി നയിച്ചിട്ടും യു.ഡി.എഫിന് കാര്യമായി നേട്ടമൊന്നുമുണ്ടാക്കാനായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് എതിരാളികളുടെ പ്രചാരണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് ഒന്നും നടക്കില്ലെന്ന തിരിച്ചറിവ് ലീഗുകാര്‍ക്കുണ്ട്. കോണ്‍ഗ്രസിനേയുംയു.ഡി.എഫിനേയും ലീഗ് നയിക്കുന്നതിന്റെ സുചനയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ആരോപണമുണ്ട്. എതിരാളികളുടെ ഈ പ്രചാരണത്തെ തടഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കുകളായ ഹിന്ദു,െ്രെകസ്തവ വോട്ടുകള്‍ തങ്ങളെ കൈവിടുമെന്ന് കോണ്‍ഗ്രസും ഭയക്കുന്നുണ്ട്. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കോണ്‍ഗ്രസ് ലീഗിന്റെ ചട്ടുകമായെന്ന സി.പി.എം. പ്രചാരണം പലയിടങ്ങളിലും ബാധിച്ചുവെന്നാണ് കോണ്‍ഗ്രസ് കരുതുന്നു. തെക്കന്‍ കേരളത്തിലടക്കം വലിയ രീതിയില്‍ വോട്ട് കുറഞ്ഞത് ഇതു കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ബി ജെ പി വളര്‍ന്നതും ഇതുകൊണ്ടു തന്നെ. സി പി എമ്മിന്റെ ആ പ്രചാരണം വിജയം കണ്ടതോടെയാണ് ലീഗിനെ കോണ്‍ഗ്രസ് നയിക്കുന്നൂവെന്ന തുടര്‍ പ്രസ്താവനകളുമായി മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ വരവ് അതിന് ശക്തിപകരുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയാല്‍ അടുത്ത പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടി മുഹമ്മദ് റിയാസും അധികാരം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രിയാവാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് കെ.ടി. ജലീലും ഇതിനകം തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇതോടെ വരുംദിവസങ്ങളിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചാ വിഷയവും കുഞ്ഞാലിക്കുട്ടിയുടെ രാജി തന്നെയാവും.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാജി പ്രഖ്യാപിച്ച് മത്സര രംഗത്തേക്ക് വരാനാണ് കുഞ്ഞാലിക്കുട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന വിവാദങ്ങളുടെ ശക്തികുറക്കുക എന്നതായിരുന്നു ഇപ്പോഴുള്ള കുഞ്ഞാലിക്കുട്ടിയുടെ രാജി പ്രഖ്യാപനത്തിന് പിന്നില്‍. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് കൂടി നടത്താമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. എന്നാല്‍ ലീഗിനുള്ളില്‍ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രാജിയില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജി തീരുമാനം ഞെട്ടിക്കുന്നതാണെന്നും നേതൃത്വം മറുപടി പറയാനാവാത്ത പ്രതിസന്ധിയിലാണെന്നും പറഞ്ഞ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെ, വാഴക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തന്നെ ഇതില്‍ പ്രതിഷേധിച്ച് പിരിച്ചുവിട്ടു. രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ച് തീരുമാനം പുനഃപരിശോധിക്കണമന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍. എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന തീരുമാനത്തിനെതിരേ പ്രതിപക്ഷത്ത് നിന്നടക്കം വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് പാണക്കാട് കുടുംബത്തില്‍ നിന്നും സമാനമായ എതിര്‍പ്പ് ഉണ്ടായിരിക്കുന്നത്.
തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പുകളുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു നേതാവ് പരസ്യമായി രംഗത്തെത്തുന്നത്.
"
https://www.facebook.com/Malayalivartha