ഗവര്‍ണര്‍ക്കുള്ള പണി നയപ്രഖ്യാപന പ്രസംഗത്തില്‍; പിണറായി ആരാ മോന്‍? പക്ഷേ ഗവര്‍ണറുടെ നിലപാടുകള്‍ തന്നെയാണ് നിര്‍ണായകം; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; ഇനി അറിയേണ്ടത് അത് ഗവര്‍ണര്‍ വായിക്കുമോ ഇല്ലയോ എന്നത്

സര്‍ക്കാരിന്റെ നിലപാടുകളെ അവഗണിക്കുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ അണിയറയില്‍ തന്ത്രങ്ങള്‍ മെനയുകയാണ് പിണറായി സര്‍ക്കാര്‍. ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശവും ഉള്‍പ്പെടുത്തി നിലപാട് കടുപ്പിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പരാമര്‍ശം.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പരാമര്‍ശം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും ഇടഞ്ഞതാണ്. സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
അതിനിടെ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമ നിര്‍മാണം നടത്താനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതിയ നിയമം കൊണ്ടുവരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23 ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍ ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതെ സമയം വിവാദ കൃഷിനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന മന്ത്രിസഭയുടെ ആവശ്യം നിരാകരിച്ച കേരള ഗവര്‍ണറുടെ നടപടി തികച്ചും തെറ്റും ഭരണഘടനാവിരുദ്ധവുമാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. മന്ത്രിസഭയും നിയമസഭയും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളാണ്. ഭരണഘടനാ ജനാധിപത്യത്തില്‍ നയങ്ങള്‍ രൂപീകരിക്കാനും തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്.
സര്‍ക്കാരിന്റെ ഔപചാരിക തലവന്‍ എന്ന നിലയ്ക്കുള്ള ഭരണഘടനാ പദവിയാണു ഗവര്‍ണര്‍ക്കുള്ളത്. അതിനാല്‍ത്തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാനും നടപ്പാക്കാനുമുള്ള പൊതുവായ ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. തന്റേതായ വിവേചനാധികാരം പ്രയോഗിക്കാനുള്ള ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരമില്ല. നിയമസഭ വിളിച്ചുകൂട്ടാനുള്ള ഗവര്‍ണറുടെ ബാധ്യതയെക്കുറിച്ചു വിശദീകരിക്കുന്നത് ഭരണഘടനയുടെ 174-ാം അനുഛേദത്തിലാണ്. ഈ അനുഛേദം വേര്‍തിരിച്ചു വായിക്കേണ്ട ഒന്നല്ല.
163-ാം അനുഛേദത്തിന്റെ താല്‍പര്യമനുസരിച്ചു മാത്രമേ ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ. മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ സഹായവും ഉപദേശവും സ്വീകരിച്ചുകൊണ്ടു വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ എന്ന് 163 (1) അനുഛേദം വ്യക്തമാക്കുന്നു. അതേസമയം, തനിക്കുള്ള വിവേചനാധികാരം പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മന്ത്രിസഭാ തീരുമാനം കണ്ണടച്ചു നടപ്പാക്കാനുള്ള ബാധ്യത അദ്ദേഹത്തിനില്ലെന്നും ഇതേ അനുഛേദത്തില്‍ സൂചനയുണ്ട്. ഇപ്പറഞ്ഞ അനുഛേദങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മന്ത്രിസഭയും നിയമസഭയും മറ്റും കൈക്കൊള്ളുന്ന തീരുമാനങ്ങളെ നിരാകരിച്ച് സ്വന്തം ഇഷ്ടമനുസരിച്ചു മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്നു വ്യക്തമാകും.
https://www.facebook.com/Malayalivartha