ഉറങ്ങാൻ കിടന്ന വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ നിന്നും രാത്രിയിൽ സംഭവിച്ചത്! ഞെട്ടിത്തരിച്ച് വീട്ടുകാർ

രാത്രിയിൽ ഉറങ്ങാൻ ക്കിടന്ന വീട്ടമ്മയെ രാവിലെ കണ്ടെത്തിയത് കിണറ്റിൽ നിന്നും. പതിവായി പാൽ എത്തിക്കുന്ന വീട്ടമ്മയെ കാണാതായതോടെ നടന്ന അന്വേഷണത്തിനൊടുവിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. വീട്ടമ്മയെ അജ്ഞാത സംഘം കിണറ്റിൽ തള്ളിയതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ഇലന്തൂർ മിൽമാപടി ഭാസ്കരവിലാസത്തിൽ വിജയമ്മയെ (59) ആണ് ഇന്നലെ ഏഴരയോടെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്.സംഭവത്തെ പറ്റി വീട്ടമ്മ പറയുന്നത് ഇങ്ങനെയാണ്... മുഖംമൂടി ധരിച്ച രണ്ടംഗ അജ്ഞാത സംഘം ബലമായി വീട്ടിനകത്ത് തള്ളി കയറി. അകത്തു പ്രവേശിച്ച ഉടനെ തന്നെ വായിൽ തുണി തിരുകി. തുടർന്ന് സമീപവാസിയുടെ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.
നാല് വർഷം മുൻപ് ഭർത്താവ് ഭാസ്കരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം വിജയമ്മ തനിച്ചാണ് താമസം. വീടിനടുത്തുള്ള പാൽ സൊസൈറ്റിയിലും ചില വീടുകളിലും പാൽ എത്തിക്കുന്നത് വിജയമ്മയാണ്. ഇവിടങ്ങളിൽ പാൽ ലഭിക്കാതിരുന്നതിനെ തുടർന്ന് ഇളയ മകൾ സന്ധ്യയെ നാട്ടുകാർ വിവരമറിയിച്ചു. അവർ എത്തി തുറന്നു കിടന്ന വീട്ടിൽ നോക്കിയിട്ട് കാണാതിരുന്നതിനെ തുടർന്നാണ് സമീപവാസികളെ വിവരമറിയിച്ച് അന്വേഷണം തുടങ്ങിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വിജയമ്മയെ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയെങ്കിലും അനക്കമറ്റ നിലയിലായിരുന്നതിനാൽ പൊലീസിനെ വിവരമറിയിച്ചു.
അവരെത്തി വിജയമ്മയെ പുറത്തെടുക്കാൻ അഗ്നിരക്ഷാ സേനയെ വിളിക്കാനൊരുങ്ങുമ്പോഴാണ് കിണറ്റിനുള്ളിൽ നിന്ന് പ്രതികരണം ഉണ്ടായത്. വളരെ വേഗം പ്രദേശത്തെ യുവാക്കൾ കിണറ്റിൽ ഇറങ്ങി ഇവരെ പുറത്ത് എത്തിക്കുകയായിരുന്നു. കൈകാലുകൾ വിറങ്ങലിച്ച് ഭീതിപൂണ്ട നിലയിൽ കണ്ട വിജയമ്മയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ഈ വിഷയത്തിൽ കാര്യമായ ദുരൂഹതകൾ ഉള്ളതായി തോന്നുന്നില്ലെന്ന് ആറന്മുള എസ്എച്ച്ഒ ജി.സന്തോഷ് പറഞ്ഞു. എങ്കിലും വിജയമ്മ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വളരെ ദുരൂഹമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha