ചങ്ക് പിടയ്ക്കുന്നു... അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനിച്ച് കുടുംബവും സുഹൃത്തുക്കളും; മരണത്തിലേക്ക് മുങ്ങിയിറങ്ങിയ അനില്‍ അവസാനമായി കുറിച്ചത് ഹൃദയത്തെ കൊള്ളിക്കുന്നത്; താന്‍ മരിക്കുവോളം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ കവര്‍ ചിത്രമായി സച്ചി എന്നുമുണ്ടാകും

തന്റെ പ്രിയ സംവിധായകനെ നിരീക്ഷിച്ചുകൊണ്ടാണ് താന്‍ തന്നെ മികച്ച നടനെന്ന നിലയില്‍ പ്രശസ്തനാക്കിയതെന്ന് കൂടിയാണ് തന്റെ അവസാന ഫേസ്ബുക്ക് കുറിപ്പില്‍ അനില്‍ പറയുന്നത്. തൊടുപുഴയിലെ മലങ്കര ഡാമിലെ കയത്തില്‍ പെട്ട് എന്നെന്നേക്കുമായി തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ അനിലിനെ കാത്ത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.
സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ 'അയ്യപ്പനും കോശി'യിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന നിസഹായനായ പൊലീസുകാരന്റെ റോള്‍ ഇത്രയും തന്മയത്തത്തോടെ കൈകാര്യം ചെയ്യാന്‍ ഒരുപക്ഷെ മറ്റൊരു നടനും സാധിക്കുമായിരുന്നില്ല.
ഹാസ്യവും ഗൗരവവും ഇടകലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും, പക്വത വന്ന പൊലീസുകാരന്റെ ഭാവവാഹാദികളും മലയാളി സിനിമാ പ്രേക്ഷകന്റെയുള്ളില്‍ ആഴത്തില്‍ തറക്കുകയായിരുന്നു. തന്റെ നാടക പശ്ചാത്തലവും ഹാസ്യാവതാരകന്‍ എന്ന നിലയിലുള്ള പരിചയസമ്പന്നതയും തന്നെയാണ് സിഐ സതീഷ് കുമാറായി മാറാന്‍ അനിലിനെ സഹായിച്ചത്.
ചിത്രം പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ അതോടൊപ്പം ചിത്രത്തിലെ അനിലിന്റെ പ്രകടനത്തെയും അവര്‍ നെഞ്ചിലേറ്റി. എന്നാല്‍ വിധി ഈ മഹാനടനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. തന്നെ ആ പ്രശംസകള്‍ക്കെല്ലാം അര്‍ഹനാക്കിയ സംവിധായകനെ പോലെ തന്നെ പറക്കാന്‍ തുടങ്ങിയപ്പോള്‍ ചിറകരിയപ്പെട്ട് വീണിരിക്കുന്നു അനില്‍ നെടുമങ്ങാട്.
താന്‍ അഭിനയിക്കേണ്ടിയിരുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിവെച്ച്...അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: 'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ.... ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം.... സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.' ഇതിന്റെ ആഴമാണ് ഇപ്പോള്‍ എല്ലാവരേയും ഒരുപോലെ വേദനിപ്പിക്കുന്നത്. "
https://www.facebook.com/Malayalivartha