ബിന്ദു കൃഷ്ണ എന്തു പിഴച്ചു...തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ ഡിസിസി അധ്യക്ഷന്‍മാരെ അഴിച്ചുപണിയാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

അഴിച്ചുപണിതാലൊന്നും രക്ഷപ്പെട്ടുന്നതല്ല കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. ബൂത്തു തലം മുതല്‍ കെസിപിസി വരെ ഓരോ നേതാവും ഈ പാര്‍ട്ടിയിലെ ഓരോ ഗ്രൂപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയ്ക്കു പിന്നാലെ ഡിസിസി അധ്യക്ഷന്‍മാരെ അഴിച്ചുപണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസില്‍.
ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം ഡിസിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും കൊല്ലത്തെ ബിന്ദു കൃഷ്ണയും പാലക്കാട്ടെ വികെ ശ്രീകണ്ഠനും എറണാകുളത്തെ ടിജെ വിനോദും പുറത്താകുമെന്നാണ് സൂചന.തൃശൂരും കോഴിക്കോടും ഒഴികെ ഡിസിസികളില്‍ പുതിയ പ്രസിഡന്റുമാരെ ഒരു മാസത്തിനുള്ള കണ്ടെത്തി ജില്ലാ തലത്തില്‍ കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് നീക്കം.
ഓരോ ജില്ലാ അധ്യക്ഷനും ഓരോ ഗ്രൂപ്പിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും നേതാവിന്റെയും പ്രതിനിധിയാണെന്നിരിക്കെ കോണ്‍ഗ്രസില്‍ അഴിച്ചുപണിയൊന്നും എളുപ്പമാകില്ല. അങ്ങു കേന്ദ്രം മുതല്‍ നേതാവില്ലാത്ത പാര്‍ട്ടിയാണ് ഇക്കാലത്തെ കോണ്‍ഗ്രസ്. ദുര്‍ബലയായ സോണിയാ ഗാന്ധിയും നേതൃപാടവമില്ലാത്ത രാഹുല്‍ ഗാന്ധിയും പോകണോ വരണമോ എന്നറിയാതെ തേങ്ങി നില്‍നില്‍ക്കുന്ന പ്രിയങ്കാ ഗാന്ധിയും. എഐസിസി എന്നൊന്ന് കോണ്‍ഗ്രസില്‍ ഉണ്ടോ എന്നു പോലും സംശയം. പ്രായാധിക്യം ചെന്ന വര്‍ക്കിംഗ് കമ്മിറ്റി കോവിഡ് ഭയന്നു ഒരുമിച്ചു കൂടിയിട്ട് മാസങ്ങളായി.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു ശേഷം ദേശീയ നേതൃകമ്മിറ്റി കിടക്കപ്പുറത്തുതന്നെയാണ്. വര്‍ക്കിംഗ് ഒന്നും നടക്കാത്തതിനാല്‍ അതിനെ വര്‍ക്കിംഗ് കമ്മിറ്റിയെന്ന് വിളിക്കുന്നതു തന്നെ മണ്ടത്തരം. എകെ ആന്റണിയും വയലാര്‍ രവിയും എംപിമാരായതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അവരൊന്നും നിരുവിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രക്ഷപ്പെടുത്താനാകില്ല.
കേരളത്തിലേക്കു വന്നാല്‍ മുല്ലപ്പള്ളിയ്ക്ക് മുല്ലപ്പള്ളിയുടെ,സ്വന്തം വായും വഴിയും വായ്മൊഴിയും. രമേശ് ചെന്നിത്തല ഉന്നം വയ്ക്കുന്ന വെടിയൊന്നും കൊള്ളേണ്ടിടത്തു കൊള്ളുന്നില്ല.രമേശ് അങ്ങനെയങ്ങു മിടുക്കനാകേണ്ട എന്ന മട്ടില്‍ ഉമ്മന്‍ ചാണ്ടി അങ്ങേരുടെ വഴിയേ പോകുന്നു.എല്ലാവരോടും പകയോടെ എന്ന മട്ടില്‍ കെ മുരളീധരന്‍ മുല്ലപ്പള്ളിക്കെതിരെ തലങ്ങും വിലഞ്ഞും ആഞ്ഞടിക്കുന്നു. കെ സുധാകന്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം കെപിസിസി ആസ്ഥാനം ഉന്നം വെച്ച് അമ്പ് തൊടുത്തു വിടുന്നു.
ഒരിക്കല്‍പോലും കൈ അനക്കിയും കൈ നനഞ്ഞും കഷ്ടപെടാതെ ഉന്നതപദവികളില്‍ എത്തിയവരാണ് പിസി ചാക്കോയും കെവി തോമസും പിജെ കുര്യനും. ഡല്‍ഹിയില്‍ പദവി ഇല്ലാതായതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെത്തി മത്സരിക്കാന്‍ കരുക്കള്‍ നീങ്ങിയിരിക്കുകയാണ് ഈ വയോധികന്‍മാര്‍.മൂന്നു പേര്‍ക്കും കേരളത്തില്‍ മന്ത്രി സ്ഥാനമാണ് നോട്ടം. സമയമാകുമ്പോള്‍ അവരെ താങ്ങിനിറുത്താനും താങ്ങി ഇരുത്താനും അവരുടെ സമുദായ നേതൃത്വവും ഒപ്പം കാണും എന്നതാണ് മറ്റൊരു ശാപം.
യുഡിഎഫ് ഏകോപനസമിതിയെ അലങ്കരിക്കുന്ന എംഎം ഹസന്‍. അങ്ങേര്‍ക്ക് എന്താണ് നിലവില്‍ മുന്നണിയിലെ റോള്‍ എന്നതില്‍ ഗവേഷണം വേണ്ടിവരും.കേരളത്തിലെ കളിയിലൊന്നും രസമില്ലാതെ അന്താരാഷ്ട്ര കളിയിലും കലാപരിപാടിയിലും മാത്രം മുഴുകി കഴിയുന്ന ശശി തരൂര്‍. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇവിടെ ഡിസിസി അഴിച്ചു പണിയുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും വിമതരില്ലാതെ സ്വന്തം കൈപ്പത്തിയില്‍ ഒറ്റ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പറ്റാതെ വന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരേ പഞ്ചായത്ത് വാര്‍ഡില്‍ നാലു വിമതന്‍ വരെ മത്സരിച്ച പാര്‍ട്ടി. ഇത്തരത്തില്‍ വിമതന്‍മാര്‍ കളം നിറഞ്ഞാടിയതോടെ എല്‍ഡിഎഫും ബിജെപിയും കരയിലിരുന്നു മീന്‍പിടിച്ചു മടങ്ങി.
വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാകും സെക്രട്ടറിമാരും ഉള്‍പ്പെടെ 300 സംസ്ഥാന ഭാരവാഹികള്‍ കേരളത്തിലെ മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. ജില്ലാ തലത്തിലുമുണ്ട് വൈസ് പ്രസിഡന്റ്മാരും സെക്രട്ടറിമാരും ഉള്‍പ്പെടെ നൂറു പേര്‍ വീതം. നേതാക്കളുടെ കുറവല്ല കേരളത്തിലെ കോണ്‍ഗ്രസിന്റെ ശാപം. മറിച്ച് പാര്‍ട്ടിയിലെ അനൈക്യവും മുന്നണിയെ ഒരുമിപ്പിച്ചും അച്ചടക്കത്തിലും കൊണ്ടുപോകാനുള്ള പ്രാപ്തിക്കുറവുമാണ് പ്രശ്നം.
കാസര്‍ഗോട്ട് ഹക്കീം കുന്നില്‍, കണ്ണൂരില്‍ സതീഷ് പാച്ചേനി,വയനാട്ടില്‍ ഐസി ബാലകൃഷ്ണന്‍,മലപ്പുറത്ത് വിവി പ്രകാശ്, കോഴിക്കോട്ട് യു രാജീവന്‍, തൂശൂരില്‍ എംപി വിന്‍സെന്റ്, എറണാകുളത്ത് ടിജെ വിനോദ്, ഇടുക്കിയില്‍ ഇബ്രാഹീംകുട്ടി കല്ലാര്‍,കോട്ടയത്ത് ജോഷി ഫിലിപ്പ്, ആലപ്പുഴയില്‍ എം ലിജു, പത്തനംതിട്ടയില്‍ ബാബു ജോര്‍ജ് തുടങ്ങിയവരൊക്കെ മാറ്റി പുതിയ പുതിയ ഡിസിസി പ്രസിഡന്റുമാരെ കൊണ്ടുവന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് വിവരമുള്ളവരൊന്നും കരുതുന്നില്ല.
അച്ചടക്കമില്ലാത്ത നേതാക്കളും അച്ചടക്കമില്ലാത്ത അണികളുമുള്ള ഈ പാര്‍ട്ടിക്ക് എങ്ങനെ ഇലക്ഷനെ ഒരുമയോടെ നോക്കി നടത്താനാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതന്‍മാര്‍ ജയിക്കുകയും ഒറിജിനല്‍ തോല്‍ക്കുകയും ചെയ്തപ്പോള്‍ ഭരണം പിടിക്കാന്‍ വിമതരുടെ പിന്നാലെ പായുകയാണ് കോണ്‍ഗ്രസ്.
എത്രയോ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ വിമതനെ പ്രീണിപ്പിച്ച് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നെട്ടോട്ടം പായുന്നു. ഈ നിലയില്‍ മറ്റിടങ്ങളില്‍ മത്സരിച്ച വിമതര്‍ക്കെതിരെ ഡിസിസി നേതാക്കള്‍ക്ക് എങ്ങനെ അച്ചടക്ക നടപടി സ്വീകരിക്കാനാകും.
കാശുവാങ്ങി സ്ഥാനാര്‍ഥികളെ നിറുത്തിയെന്ന ആരോപണമാണ് പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയരുന്നത്. പഞ്ചായത്ത് വാര്‍ഡുകളില്‍ വരെ ഇത്തരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചുമതല വഹിച്ചിവര്‍ കാശുവാങ്ങി സീറ്റ് വിറ്റതായി ആക്ഷേപം ഉയരുന്നു.
ജനങ്ങളിലേക്ക് ഇറങ്ങാതെ ഭരണത്തിന്റെ വിഹിതവും അധികാരത്തിന്റെ സുഖവും പറ്റുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളത്. യുഡിഎഫ് സംവിധാനം പൊളിച്ചെഴുതിയപ്പോള്‍ കേരള കോണ്‍ഗ്രസ് എം പുറത്തായി. അകത്തുണ്ടായിരുന്ന ലീഗ് കോണ്‍ഗ്രസിനെ ഭരിക്കുന്ന കാഴ്ച.
ലീഗ് യുഡിഎഫില്‍ സമഗ്രാധിപത്യം പിടിക്കുമെന്നു കണ്ടാല്‍ ഇതര സമുദായ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ബിജെപിയിലേക്കും ചോര്‍ന്നു പോകും എന്ന തിരിച്ചറവു പോലും കോണ്‍ഗ്രസിനില്ല. മുകള്‍തട്ട് മുതല്‍ പൊളിച്ചെഴുതാതെ ഡിസിസിയെ അഴിച്ചുപണിതാല്‍ കുറേക്കൂടി കുളമാകുകയേ ഉള്ളൂ കോണ്‍ഗ്രസ്. അഴിച്ച ശേഷം പുതുക്കിപ്പണിയാനുള്ള സമയം നിയമസഭാ തെരഞ്ഞെടുപ്പിനു ബാക്കിയില്ല കോണ്‍ഗ്രസ് മനസിലാക്കുന്നില്ല.
"
https://www.facebook.com/Malayalivartha