പിണറായിക്ക് ആശ്വാസം; ലോക്‌നാഥ് ബെഹ്‌റ തുടരും; മാറേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പോലീസ് തലപ്പത്ത് ഉടന്‍ അഴിച്ചു പണിയില്ല; ടോമിന്‍ തച്ചങ്കരി കാത്തിരിക്കണം; അക്ഷ്യൂഹങ്ങള്‍ക്ക് അവസാനം

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ആശ്വാസം നല്‍കുന്ന തീരുമാനമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഡി.ജി.പ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ആ സ്ഥാനത്ത് തന്നെ തുടരും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാറേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.
ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥലം മാറ്റണമെന്ന നിലവിലെ നിര്‍ദേശം ഡിജിപിക്ക് ബാധകമല്ലെന്നും ബെഹ്‌റയുടെ കാര്യത്തില്‍ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം മാറ്റണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബെഹ്‌റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് ബെഹ്‌റയുടെ കാര്യത്തില്‍ ബാധകമല്ലെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിലപടു വ്യക്തമാക്കിയതോടെ ബെഹ്‌റയ്ക്ക് ഡിജിപിയായി തുടരാം.
സ്ഥലം മാറ്റം ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിയുളളവരെ സ്വന്തം ജില്ലയില്‍ നിയമിക്കരുത്, ഒരു പദവിയില്‍ മൂന്ന് വര്‍ഷമായവരെ മാറ്റണം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അച്ചടക്ക നടപടിക്ക് വിധേയമായവരെയും വിരമിക്കാന്‍ ആറ് മാസം മാത്രം അവശേഷിക്കുന്നവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ഏതെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമെന്ന് കത്തില്‍ എടുത്ത് പറയുന്നില്ല. എന്നാല്‍ കത്തിനൊപ്പം ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. ഇതില്‍ പറയുന്നത് ഐ ജി വരെയുളള ഉദ്യോഗസ്ഥര്‍ക്കാണ് നിയമം ബാധകമെന്നാണ്. അങ്ങനെയെങ്കില്‍ ലോക്നാഥ് ബെഹ്‌റയ്ക്ക് പോലീസ് മേധാവി സ്ഥാനത്ത് തുടരുന്നതില്‍ തടസമുണ്ടാവില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
അതെ സമയം തന്നെ പോലീസ് മേധാവി കസേരക്കായുള്ള ചരട് വലികള്‍ ശക്തമാണ്. അടുത്ത ജൂണില്‍ ലോക്‌നാഥ് ബെഹ്‌റ വിരമിക്കുകയാണ്. വിരമിക്കാന്‍ ആറ് മാസം മാത്രമുള്ളപ്പോള്‍ സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്‌റയ്ക്ക് തുണയായി. ഭരണത്തിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന ബെഹ്‌റയെ തെരഞ്ഞെടുപ്പിലും കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ബെഹ്‌റ മാറിയാല്‍ ഡി ജി പി ആയി പരിഗണിക്കപ്പെടേണ്ടവരില്‍ ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്‌കുമാര്‍ എന്നിവരാണ് ഉള്ളത്. ഋഷിരാജ് ജൂലായില്‍ വിരമിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്ന അരുണ്‍കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങുമെന്നു കരുതുന്നില്ല. ഈ സാഹചര്യത്തില്‍ ടോമിന്‍ തച്ചങ്കരിക്കും, സുദേഷ്‌കുമാറിനും ആണ് അവസരം ഒരുങ്ങുന്നത്. ഇവരില്‍ ആരാകും ഡി ജി പി എന്നത് ആണ് അറിയേണ്ടത്.ഇതിനായുള്ള കിടമത്സരം പിന്നാമ്പുറത്ത് തകൃതിയായി നടക്കുകയാണ്. ഡി.ജി.പി ആകാന്‍ ഏറ്റവും അധികം സാധ്യത ടോമിന്‍ തച്ചങ്കരിക്കു തന്നെയാണ്. സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമാണ് ടോമിന്‍ തച്ചങ്കരിക്കുള്ളത്.
https://www.facebook.com/Malayalivartha