എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ.. അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങള്‍; ചിത്രങ്ങളും ശബ്ദ സന്ദേശവും ഇങ്ങനെ; ഏറെ ദുഃഖകരമായ അനുഭവം; ദാരുണമായ മരണത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബക്ക് പോസ്റ്റ് ഇങ്ങനെ

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങളും അവസാന ശബ്ദ സന്ദേശവും പങ്കുവച്ച് സുഹൃത്തുകള്‍. അദ്ദേഹത്തിന്റെ അവസാന നിമിഷത്തെ ചിത്രങ്ങള്‍ പങ്കുവച്ചത് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയാണ്. അനില്‍ കുളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെടുത്ത ചിത്രങ്ങളാണ് ബാദുഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.
മരണത്തിന് കീഴടങ്ങും മുമ്പ് ക്രിസ്മസ് രാത്രി അനില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നത്. തന്നോടൊപ്പം ഒരുമിച്ച് സ്‌കൂളില്‍ പഠിച്ച സുഹൃത്തക്കളോടാണ് വോയ്സ് മെസേജിലൂടെ അനില്‍ സംസാരിക്കുന്നത്. സ്‌കൂള്‍ കാലം ഓര്‍ത്തെടുക്കുന്ന ശബ്ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേരുന്നത്. വൈകാരികമായാണ് സുഹൃത്തക്കളോട് അനില്‍ സംസാരിക്കുന്നത്.
അനില്‍ നെടുമങ്ങാടിന്റെ ശബ്ദസന്ദേശത്തിന്റെ പൂര്‍ണ രൂപം...
എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാന്‍കാലം വരെ ഷൂട്ടായിരുന്നു. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്...ഹാപ്പി ന്യൂ ഇയര്‍... എന്റെ പൊന്നു ചങ്കുകളെ.. എന്റെ ബിനു അവന്‍ ഗള്‍ഫില്‍ എന്തോ ആണ്. എന്റെ സുദീപ്... പേരെടുത്ത് പറഞ്ഞുകഴിഞ്ഞാല്‍ ഒരുപാട് പേരുണ്ട്. കാരണം നമ്മളെ മഞ്ച സ്‌കൂളില്‍ നമ്മള്‍ എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന ആള്‍ക്കാരാണ്. നമ്മള്‍ ഒരുമിച്ച് മൂന്ന് വര്‍ഷം... സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എന്‍ സി സി സാര്‍... ( പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്. അന്ന് സുദീപ്... എനിക്ക് തോന്നുന്നു സുദീപ് അന്ന് ഇ ഡിവിഷനിലാണ്. ഞാന്‍ സിയിലാണ്. സുദീപ് ഇയിലാണ്. ഇയൊക്കെ ഉണ്ട് അന്ന്. ഓ... എന്തൊരു കാലഘട്ടമല്ലേ...സിനിമ തീയറ്ററിലേ.. മഞ്ച സ്‌കൂളില്‍ പഠിക്കുമ്പം ഒരു മണിയ്ക്ക് ശേഷം ഒരിക്കലും സ്‌കൂളില്‍ ഇരുന്നിട്ടില്ല. എപ്പോഴും തീയേറ്ററിലാണ്. കമലഹാസന്റെ പടം, രജനീകാന്തിന്റെ പടം.. എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്ക്കിടയ്ക്ക് ഗ്രൂപ്പിലൊന്നും വരാന്‍ ഒക്കാത്ത അവസ്ഥയായത് കൊണ്ടാണ്... പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച് ഫിറ്റായിട്ട് എല്ലാവര്‍ക്കും ഹാപ്പി ക്രസ്മസ്, ഹാപ്പി ന്യൂയര്‍ എന്റെ മച്ചമ്പിമാരെ... ഗണേഷ്, നമ്മുടെ എച്ച് എസ് മാത്രം ഗ്രൂപ്പില്‍ ഇല്ലെന്ന് തോന്നുന്നു. സുരേഷ് ബാക്കി എല്ലാവര്‍ക്കും ഹാപ്പി ക്രസ്മസ്. ബാലചന്ദ്രന്.. ഞാന്‍ വല്ലപ്പോഴുമൊക്കെ വരാറുളളൂ. എല്ലാവരേയും കാണാറില്ല. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂഇയര്‍...
അനില്‍ നെടുമങ്ങാടിന്റെ ദാരുണമായ മരണത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പാണ് വേദനയാകുകയാണ്. മലങ്കര കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ മാധ്യമപ്രവര്‍ത്തകനായ സോജന്‍ സ്വരാജ് ആണ് അനിലിന്റെ അവസാന നിമിഷങ്ങള്‍ക്ക് ദൃക്‌സാക്ഷിയാകേണ്ടി വന്ന ഏറെ ദുഃഖകരമായ അനുഭവം
സോജന്‍ സ്വരാജിന്റെ കുറിപ്പ് ഇങ്ങനെ-
മലങ്കരയുടെ മനോഹാരിത കാണാന്‍ പോയി ഒരു മരണത്തിന് നേര്‍സാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിന്റെ പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണം യാദൃച്ഛികമായി കണ്‍മുന്നില്‍ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകള്‍ക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല.
ഉച്ചക്കഴിഞ്ഞ് 4.30 ഓടെയാണ് ഞങ്ങള്‍ നാലുപേരും കൂടി പി ആര്‍ പ്രശാന്ത് (മംഗളം), അഫ്‌സല്‍ ഇബ്രാഹിം (മാധ്യമം), അഖില്‍ സഹായി (കേരളകൗമുദി)യും ഞാനും കൂടി മലങ്കര ജലാശയം കാണാന്‍ തൊടുപുഴയില്‍ നിന്നും യാത്ര തിരിക്കുന്നത്. ക്രിസ്മസ് ദിനമായതിനാല്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പാര്‍ക്കും കണ്ട് ഫോട്ടോയെടുത്ത് ഡാം ഡോപ്പില്‍ പോയി മടങ്ങി വരുമ്‌ബോള്‍ കൃത്യം ആറു മണി.
സമയം കഴിഞ്ഞതിനാല്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ ഡാം ടോപ്പിലുള്ള ആളുകളോട് തിരികെ വരാന്‍ വിസിലടിച്ച് ആവശ്യപ്പെടുന്നു. മറ്റൊരു ജീവനക്കാരന്‍ അവിടേയ്ക്കുള്ള പ്രവേശന കവാടം അടയ്ക്കുന്നു. ഇവിടെ നിന്നിറങ്ങി പത്തു ചുവട് മുന്നോട്ട് വയ്ക്കുമ്‌ബോഴേയ്ക്കും തൊട്ടു മുന്നിലെ റോഡരുകില്‍ ചെറിയൊരു ആള്‍ക്കുട്ടം വലുതാകുന്നത് കാണാം. രണ്ടു മൂന്നു പേര്‍ ജലാശയത്തിനരുകിലുണ്ട്. കാര്യം തിരക്കിയപ്പോള്‍ ഒരാള്‍ വെള്ളത്തില്‍ പോയതാണന്നറിഞ്ഞു.
നിമിഷങ്ങള്‍ക്കകം ഒരു യുവാവ് ബൈക്കില്‍ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കല്‍ക്കെട്ടുകള്‍ ഓടിയിറങ്ങി. പടികള്‍ ഇറങ്ങുന്നതിനിടയില്‍ തന്നെ അയാല്‍ മുണ്ടും ഷര്‍ട്ടും ഊരിയെറിഞ്ഞ് കരയില്‍ നിന്നവര്‍ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാള്‍ ഒരു മനുഷ്യശരിരവും കാലില്‍ പിടിച്ച് മടങ്ങിയെത്തി. ഞാനും അഫ്‌സലും കുറച്ച് മുന്നില്‍ നടന്നിരുന്നതിനാല്‍ ഇതിനടുത്ത് തന്നെയുണ്ടായിരുന്നു.
ആളെ കരയ്‌ക്കെത്തിക്കുമ്‌ബോഴേയ്ക്കും ഞാനും ഓടിയെത്തി കരയിലുണ്ടായിരുന്ന വെള്ളത്തില്‍ വീണയാളിന്റെ സുഹൃത്തുക്കള്‍ക്കും പൊലീസുകാര്‍ക്കും ഒപ്പം പിടിച്ച് കയറ്റി. ഉയരം കൂടിയ കലുങ്കിന്റെ കുത്തുകല്ലിലൂടെ ഏറെ ശ്രമകരമായി ശരീരം എത്തിച്ച് റോഡരുകില്‍ കിടത്തി. പുഴയില്‍ നിന്നെടുക്കുമ്‌ബോള്‍ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി.
പിടിച്ച് കയറ്റുന്നതിനിടയില്‍ പല തവണ മുഖവും തലയുമെല്ലാം കൈകളിലൂടെ കടന്ന് പോയി പക്ഷേ അപ്പോഴൊന്നും എനിക്കോ മറ്റുള്ളവര്‍ക്കോ അത് നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ആണെന്ന് മനസിലായില്ല. അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് അല്‍പം പിന്നിലായിരുന്ന അഖിലും ആശാനും അവിടേയ്ക്ക് എത്തിയിരുന്നു. ആശാനാണ് ( പ്രശാന്ത് ) പറയുന്നത് ഇതൊരു സിനിമാ നടനല്ലേ എന്ന്, അതേ കമ്മട്ടിപ്പാടത്തിലെ ', അഖില്‍ സഹായിയും പറഞ്ഞു. അതു കേട്ട് കൂടെയുണ്ടായിരുന്ന സുഹുത്തുക്കള്‍ പറഞ്ഞു,
' അതേ അനില്‍ നെടുമങ്ങാട് ' ഇവിടെ അടുത്ത് ഷൂട്ടിന് വന്നതാണ്. കരയിലെത്തിച്ച ഉടനെ, മുങ്ങിയെടുത്ത യുവാവ് പറഞ്ഞു, 'ഞാന്‍ കൈ പിടിച്ച് നോക്കിയിരുന്നു പോയതാണെന്ന് തോന്നുന്നു '. അപ്പേഴേയ്ക്കും മുട്ടം സി.ഐയും എസ്.ഐയുടെയും നേതൃത്തിലുള്ള പോലീസ് സംഘം എത്തിയിരുന്നു. അവരുടെ കൂടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് വാഹനം പാഞ്ഞു.
പ്രതീക്ഷയില്ലന്ന് അവിടെ കൂടിയ പലരും പറഞ്ഞെങ്കിലും ഞങ്ങള്‍ പ്രതീക്ഷ കൈവിടാതെ ആശുപത്രിയിലേയ്ക്ക് തിരിച്ചു. അ പാതിയടഞ്ഞ കണ്ണുകള്‍ തുറന്നു എന്ന് കേള്‍ക്കാന്‍, വെള്ളത്തിന്റെ മാത്രം തണുപ്പുണ്ടായിരുന്ന ശരീരത്തിന് ജീവനുണ്ട് എന്ന് കേള്‍ക്കാന്‍.
പക്ഷേ, അയ്യപ്പനും കോശിയിലെ അദ്ദേഹത്തിന്റെ തന്നെ സിഐ കഥാപാത്രം കോശിക്ക് ' ചാവാതിരിക്കാന്‍ ' ഒരു ടിപ്പ് പറഞ്ഞു കൊടുത്തത് പോലെ അദ്ദേഹത്തിനും ജീവിക്കാന്‍ കാലം ഒരു ടിപ്പ് പറഞ്ഞു കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. മണിക്കൂറുകള്‍ കണ്ടതും ആസ്വദിച്ചതുമായ മലങ്കരയുടെ മനോഹാരിതയുമെല്ലാം മനസില്‍ നിന്നും ഒരു നിമിഷം കൊണ്ട് ഡിലീറ്റ് ആയെങ്കിലും കൈകളിലെ ആ തണുപ്പ് മാത്രം വിട്ടുമാറുന്നില്ല.
https://www.facebook.com/Malayalivartha