51കാരിയുടെ മരണം; 28ക്കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍; മരണം ദുരൂഹമെന്ന് പോലീസ്; ആശുപത്രിയില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മരണം സംഭവിച്ചിയിരുന്നു; മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയം; വീട്ടില്‍ ഫോറന്‍സിക് പരിശോധന

ആകെ മൊത്തം ദുരൂഹമാണ് കാരണക്കോണത്തെ മധ്യവയസ്‌കയുടെ മരണം. സ്ത്രീയുടെ വിവാഹവും ഭര്‍ത്താവിന്റെ പ്രായവും ബന്ധുകളുടെ നിലപാടുകളും എല്ലാം പോലീസിന്റെ സംശയം വര്‍ധിപ്പിക്കുകയാണ്. ഇന്നു രാവിലെയാണ് ഷോക്കേറ്റ നിലയില്‍ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
ഇന്ന് പുലര്‍ച്ചെയാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശാഖാകുമാരിയെ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് പറഞ്ഞാണ് അരുണ്‍, ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു എന്നതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ശാഖയ്ക്ക് ഷോക്കേറ്റു എന്നാണ് അരുണ്‍ നല്‍കിയ മൊഴി.
ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha