മലയാളി യുവാവിനെ തമിഴ്‌നാട്ടില്‍ നാട്ടുകാര്‍ തല്ലികൊന്നു; മരിച്ചത് തിരുവനന്തപുരം സ്വദേശി ദീപു; സുഹൃത്ത് അരവിന്ദിനും മര്‍ദ്ദനമേറ്റു; മോഷണശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതെന്ന് പോലീസ്; പക്ഷേ ഇതിന് സ്ഥിരീകരണമില്ല

മലയാളി യുവാവിന് തമിഴ്‌നാട്ടില്‍ ദാരുണാന്ത്യം. യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പളളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനെയും ജനക്കൂട്ടം ആക്രമിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മോഷണശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
ഇന്നലെയാണ് സംഭവത്തിന്റെ തുടക്കം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇവര്‍ മോഷണം നടത്തിയോ എന്ന് പൊലീസ് സ്ഥിരീകരിച്ചില്ല. ഇവരെ മര്‍ദ്ദിച്ച കുറച്ചുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. സംഭവം ആള്‍ക്കൂട്ട ആക്രമണമാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ അല്ലൂര് എത്തിയതെന്തിനെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha