പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി; വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായി നാട്ടുകാർ; കൂട്ടുകാരിൽ നിന്നടക്കം അരുണിനു അപമാനമേൽക്കുന്ന സ്ഥിതി വിശേഷമുണ്ടായി; ശാഖയെ കൊലപ്പെടുത്തിയത് വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴെന്ന് കാര്യസ്ഥന്‍

ശാഖാകുമാരിയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ മുമ്പും ഭർത്താവ് ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസം മുൻപാണ് വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ അരുൺ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഈ വിവാഹത്തിന് അരുണിന്റെ ബന്ധുക്കൾ ആരും പങ്കെടുത്തിരുന്നില്ലെന്നും മൊഴികളുണ്ട്.
ശാഖാകുമാരിയെ പല തവണ കൊലപ്പെടുത്താൻ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്സായ രേഷ്മ വെളിപ്പെടുത്തി. വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നും രേഷ്മ പറയുന്നു. കൂട്ടുകാരിൽ നിന്നടക്കം അരുണിനു അപമാനമേൽക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവർ വഴക്കിട്ടതായും രേഷ്മ മൊഴി നൽകി.
വിവാഹം റജിസ്റ്റർ ചെയ്യാൻ അരുൺ തയാറാകാതിരുന്നത് ശാഖയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുൺ വഴങ്ങിയില്ലെന്നും രേഷ്മ പറയുന്നു. വിവാഹമോചനത്തിന് അരുൺ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററിൽ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ബോധപൂർവം ശാഖയെ പലതവണ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ അരുൺ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.
വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാൻ അരുൺ തീരുമാനിച്ചതെന്നു കാര്യസ്ഥന്‍ വിജയകുമാറും മൊഴി നൽകിയിരുന്നു. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതെന്നും വിജയകുമാർ മൊഴി നൽകി. ക്രിസ്മസ് വിളക്കുകൾ തൂക്കാൻ കണക്ഷൻ എടുത്തിരുന്ന വയറിൽനിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്.
ഷോക്കേറ്റ് വീണെന്നാണ് അരുൺ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകൾ കണ്ടെന്നും അയൽവാസികൾ പൊലീസിനു മൊഴി നൽകി. ശാഖയുടെ പേരിലുള്ള നിരവധിയായ സ്വത്തുവകകൾ മോഹിച്ചാണ് അരുൺ ഈ വിവാഹത്തിനു തയാറായതെന്നു ശാഖാകുമാരിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.
പുലര്‍ച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. എന്നാൽ അരുണിന്റെ മറുപടിയിലും പെരുമാറ്റത്തിലും ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെയാണ് അരുണിനു കുരുക്ക് വീണത്. കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തതോടെ ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുണ്‍ പൊലീസിനോട് ഏറ്റുപറയുകയും ചെയ്തു.
https://www.facebook.com/Malayalivartha