ഇനിമേലാല്‍ കളിയിറക്കരുത്... പുറമേ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രിമാരും സ്പീക്കറുമെല്ലാം രാജ്ഭവനിലെത്തി അനുനയിപ്പിച്ചു; സര്‍ക്കാരിന്റെ അന്ത്യ നാളുകളില്‍ ഗവര്‍ണറെ പിണക്കിയില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുത്; സര്‍ക്കാര്‍ അനുമതി ചോദിച്ച രീതിയില്‍ എണ്ണിയെണ്ണി പറഞ്ഞ് ഗവര്‍ണര്‍

അങ്ങനെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായിരുന്ന പടല പിണക്കം അവസാനിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നല്‍കാനൊരുങ്ങുകയാണ് ഗവര്‍ണര്‍. ദിവസങ്ങളായി സര്‍ക്കാരും ഗവര്‍ണറുമായി നിലനിന്ന പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി നടന്ന ചര്‍ച്ചയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനത്തിന് അനുമതി നല്‍കാമെന്നുള്ള തീരുമാനമറിയിച്ചത്. സമ്മേളനത്തിന് അനുമതി നല്‍കണമെന്ന് സ്പീക്കറും ചര്‍ച്ചയ്ക്കിടെ ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ അനുമതി ചോദിച്ച രീതിയില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി.
വിമര്‍ശിച്ചവര്‍ തന്നെ പത്തി മടക്കി രാജ്ഭവനിലെത്തിയതോടെയാണ് മഞ്ഞുരുകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. ആസമയത്ത് ഗവര്‍ണറെ പിണക്കുന്നത് ഗുണകരമാകില്ല. നിര്‍ണായക ഘട്ടത്തില്‍ ഗവര്‍ണര്‍ കാല് മാറിയാല്‍ ആകെ പ്രശ്‌നമാകും. ഇതോടെയാണ് സ്പീക്കറും മന്ത്രിമാരും രാജ്ഭവനിലെത്തിയത്.
കര്‍ഷകപ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഈ മാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിങ്കളാഴ്ച അനുമതി നല്‍കുമെന്നാണ് സൂചന.
23ന് സഭ ചേരണമെന്ന ശുപാര്‍ശ, അടിയന്തര സാഹചര്യം എന്തെന്ന് ചോദിച്ച് ഗവര്‍ണര്‍ മടക്കിയിരുന്നു. അത് ഭരണഘടനാവിരുദ്ധ നടപടിയെന്ന് വിലയിരുത്തിയ സര്‍ക്കാര്‍, വീണ്ടും 31ന് സമ്മേളനം ശുപാര്‍ശ ചെയ്ത്, ഗവര്‍ണര്‍ക്ക് കീഴ്‌പ്പെടാനില്ലെന്ന സൂചന നല്‍കി. എങ്കിലും നയപ്രഖ്യാപനമുള്‍പ്പെടെ ഗവര്‍ണര്‍ സഭയില്‍ വായിക്കേണ്ടതിനാല്‍ അനുനയിപ്പിക്കാനും സര്‍ക്കാര്‍ വഴി തേടി.
ക്രിസ്മസ് ദിനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിയമമന്ത്രി എ.കെ. ബാലനും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും കേക്കുമായി രാജ്ഭവനിലെത്തി. ഇന്നലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഗവര്‍ണറെ കണ്ടു.ഇതിനുശേഷമാണ് മഞ്ഞുരുകലിന്റെ സൂചനയുണ്ടായത്. സഭ വിളിച്ചുചേര്‍ക്കുന്നതിലല്ല തന്റെ എതിര്‍പ്പെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പലപ്പോഴും അറിയിക്കുന്നില്ലെന്ന പരിഭവം ഗവര്‍ണര്‍ പ്രകടിപ്പിച്ചു. കേന്ദ്ര കാര്‍ഷിക നിയമം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നതുള്‍പ്പെടെ വിശദീകരിച്ച മന്ത്രിമാര്‍ സഭ വിളിച്ചുചേര്‍ക്കുന്നതിന്റെ പശ്ചാത്തലം ബോദ്ധ്യപ്പെടുത്തി. ചില സംശയങ്ങളാണ് ഉന്നയിച്ചതെങ്കിലും അനുമതി നിഷേധിച്ചുവെന്ന പ്രചാരണമുണ്ടായതിലും രാജ്ഭവന് അതൃപ്തിയുണ്ട്.
എട്ടിന് ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍ നയപ്രഖ്യാപനം അവതരിപ്പിക്കാന്‍ ഗവര്‍ണറെ ക്ഷണിക്കാന്‍ കൂടിയാണ് സ്പീക്കര്‍ എത്തിയത്. കൂട്ടത്തില്‍ 31ന് സഭ ചേരേണ്ട സാഹചര്യം വിശദീകരിച്ചതായി അറിയുന്നു. 31ന് സഭ വിളിച്ചുചേര്‍ക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശയ്ക്ക് പുറമേ, സാഹചര്യം വിശദീകരിക്കുന്ന പ്രത്യേക കത്തും മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് കര്‍ഷകസമരത്തില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു.കൂടിക്കാഴ്ചയില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും വച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പിന്നീട് പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറുമായി ഏറ്റുമുട്ടലില്ല. ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടലിന്റെ ആവശ്യമില്ല. അതിനാല്‍ വി. മുരളീധരന്റെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha