അത്രമേല്‍ സ്‌നേഹിച്ചുപോയി... ക്രിസ്തുമസ് ദിനത്തില്‍ 51 കാരി ശാഖ യാത്ര പറഞ്ഞത് ഭര്‍ത്താവ് നന്നാവാന്‍ എടുത്ത വ്രതം തീരുന്ന ദിനത്തില്‍; സ്ത്രീധനമായി അരുണ്‍ ചോദിച്ചത് 100 പവനും 50 ലക്ഷം രൂപയും; കാരക്കോണം ത്രേസ്യാപുരം വീട്ടിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

51 കാരിയെ 29കാരന്‍ വിവാഹം കഴിച്ചാല്‍ ആര്‍ക്കെന്ത് കുഴപ്പമാണ്. ചോദ്യം ന്യായമാണെങ്കിലും ഭര്‍ത്താവായ അരുണിന് പലപ്പോഴും അത് നാണക്കേടായി തോന്നിയതോടെയാണ് കല്ലുകടി തുടങ്ങിയത്. ആദ്യം സമ്പത്തും സൗന്ദര്യവും കണ്ട് ആവേശത്താല്‍ കെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങള്‍ കൈവിട്ടത്. അതേസമയം 51കാരിയായ ഭാര്യ ശാഖയാകട്ടെ ഭര്‍ത്താവായ അരുണിനെ ജിവന് തുല്യം സ്‌നേഹിച്ചു. അതിനായി പണവും സ്വത്തും എല്ലാം നല്‍കാന്‍ തയ്യാറായിരുന്നു. മാത്രമല്ല ഭര്‍ത്താവ് നന്നാവാന്‍ വ്രതം പോലും എടുക്കുകയും ചെയ്തു. എന്നാല്‍ ആ വ്രതം അവസാനിക്കുന്ന ദിനത്തിലാണ് ശാഖ കൊല്ലപ്പെട്ടത് എന്നത് സങ്കടം കൂട്ടുന്നു.
തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ശാഖയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തായി. അരുണിന്റെ ഇടപെടലുകളില്‍ സംശയം തോന്നുന്നുവെന്നും എപ്പോഴും വഴക്കിടാറുണ്ടെന്നും ശാഖ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. ഒരുമാസം മുന്‍പ് ഇലക്ട്രിക് അടുപ്പില്‍ വൈദ്യുതി കടത്തിവിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. 2 മാസം മുന്‍പാണ് ഇവര്‍ വിവാഹിതയായത്.
സംഭവത്തില്‍ ഭര്‍ത്താവ് നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനു പിന്നാലെ പോലീസ് അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നു വ്യക്തമായതായി എസ്പി പറഞ്ഞു. ചോദ്യംചെയ്യല്‍ തുടരുകയാണ്. പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിനയുടെയും മകളാണ് ശാഖ.
ഇന്നലെ പുലര്‍ച്ചെ 5ന് ആയിരുന്നു സംഭവം. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അരുണ്‍ അയല്‍ക്കാരെ അറിയിച്ചത്. ആള്‍ക്കാര്‍ എത്തിയപ്പോള്‍ ശാഖ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു. തറയില്‍ രക്തവും കാണപ്പെട്ടു. അലങ്കാരത്തിനായി മീറ്റര്‍ ബോര്‍ഡില്‍ നിന്നെടുത്ത വൈദ്യുത വയറുകളും ഉണ്ടായിരുന്നു.
ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബര്‍ 19ന് ആയിരുന്നു വിവാഹം. വിവാഹത്തില്‍ നിന്നു ശാഖയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. കഴിഞ്ഞ 10ന് ഇരുവരും ഗ്രാമപ്പഞ്ചായത്തില്‍ എത്തി വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരുണ്‍ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്.
വിവാഹ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം അരുണും, ശാഖയും വഴക്കിട്ടിരുന്നു. ഭാര്യയ്ക്കു പ്രായം കൂടുതലായതു കാരണം ചിത്രം കണ്ടു കൂട്ടുകാര്‍ കളിയാക്കുമെന്നാണ് അരുണ്‍ പറഞ്ഞത്. സ്വത്തു തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം.
ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബര്‍മരം കടുംവെട്ടിനു നല്‍കിയപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം അരുണിനു നല്‍കി. കാറും വാങ്ങിക്കൊടുത്തു. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാര്‍ എതിര്‍ത്തു. വീടുവിട്ട അരുണ്‍ വാടക വീട്ടിലായിരുന്നു താമസം. വിവാഹത്തിനു മുന്‍പ് 5 ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം. അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമം നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കസ്റ്റഡിയിലുള്ള അരുണിനെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
"
https://www.facebook.com/Malayalivartha