കോവിഡിന്റെ മറ്റൊരു ദുരന്തം... മലയാളികള്‍ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങളുടെ ഉടമയായ അനില്‍ പനച്ചൂരാന്‍ ഇനി ഓര്‍മ്മയില്‍; വഴിയില്‍ കുഴഞ്ഞുവീണ പനച്ചൂരാനെ ആശുപത്രില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്; വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി കവിതകളുടെ ഉടമയായ അനില്‍ പനച്ചൂരാന്‍ യാത്രയായി. കവിതയെ ഗാനാലാപനത്തിന്റെ ഈണത്തില്‍ ലയിപ്പിച്ച കവിയും ഗാനരചയിതാവുമാണ് അനില്‍ പനച്ചൂരാന്‍. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയ അനില്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മാവേലിക്കര വി.എസ്.എം ആശുപത്രിയിലും തുടര്‍ന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയില്‍ വൈകിട്ടോടെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20നാണ് ജനനം.
അനില്‍കുമാര്‍ പി.യു എന്നാണ് യഥാര്‍ത്ഥ പേര്. കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂരാണ് അനില്‍ പനച്ചൂരാന്റെ അച്ഛന്‍ ഉദയഭാനുവിന്റെ തറവാട്. കമ്മംപള്ളി രാമന്‍പിള്ളയാശാനില്‍നിന്നു സംസ്‌കൃതം പഠിക്കാന്‍ നാരായണഗുരു അവിടെവന്നു താമസിച്ചിരുന്നു. അവിടെ ജനിച്ച അനില്‍ പിന്നീട് അച്ഛന്റെ ജോലിസ്ഥലമായ ബോംബെയിലേക്കു പോയി. രണ്ടാംക്ലാസിനു ശേഷം അനിലിനെ തിരികെ നാട്ടിലെത്തിച്ചു. കൊല്ലത്ത് മണ്‍റോ തുരുത്തിലെ അമ്മവീട്ടില്‍. കുറച്ചുകാലം കഴിഞ്ഞ് വീണ്ടും കായംകുളത്ത്.
പാരലല്‍ കോളജിലായിരുന്നു പ്രീഡിഗ്രി. അക്കാലത്ത് അച്ഛനൊപ്പം വീണ്ടും ഉത്തരേന്ത്യയിലേക്കു പോയി. അക്കാലത്തെ യാത്രകളും വായനയും നേരില്‍ക്കണ്ട ജീവിതങ്ങളുമൊക്കെയാണ് അനിലിലെ കവിയെ ഉരുവപ്പെടുത്തിയ മൂശയെന്നു പറയാം. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബിഎ മലയാളത്തിനു ചേരാനായിരുന്നു ആഗ്രഹം. പക്ഷേ അച്ഛന്‍ അനുവദിച്ചില്ല. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജില്‍ മകനെ ബികോമിനു ചേര്‍ത്തു അദ്ദേഹം. അക്കാലത്ത് എസ്എഫ്‌ഐയില്‍ സജീവമായി അനില്‍. ചെന്തീപ്പൂക്കള്‍ മൂടിയൊരു വാക പോലെ, അനിലിന്റെ സ്വപ്നങ്ങളില്‍ കവിതയും വിപ്ലവവും പൂത്തുനിറഞ്ഞു. ആ പൂക്കാലത്തിന്റെ നിഴലുകളാണ് പില്‍ക്കാലത്തു കേരളം ചോരത്തിളപ്പിന്റെ ശ്രുതിയിട്ടു പാടിയ 'ചോര വീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം' എന്ന പാട്ടിലടക്കം ചുവന്നുകിടക്കുന്നത്.
വലയില്‍ വീണ കിളികള്‍, സുരഭി, പ്രണയകാലം തുടങ്ങിയ കവിതകളിലൂടെ ക്യാംപസുകള്‍ക്ക് അനില്‍ പനച്ചൂരാന്‍ ലഹരിയായിരുന്ന കാലത്താണ് സിനിമയിലേക്കുള്ള വരവ്. 'മകള്‍ക്ക്' എന്ന ചിത്രത്തില്‍ പനച്ചൂരാന്റെ ഒരു കവിതയുള്‍പ്പെടുത്തി സംവിധായകന്‍ ജയരാജ്. അതാണ് സിനിമയിലെ തുടക്കം. പക്ഷേ അപ്പോഴൊന്നും സിനിമ അനിലിന്റെ പരിഗണനപ്പട്ടികയിലില്ലായിരുന്നു. അടുത്ത ചങ്ങാതിയും പ്രശസ്ത തിരക്കഥാകൃത്തുമായ എം. സിന്ധുരാജാണ് അനിലിനെ ലാല്‍ജോസിനു പരിചയപ്പെടുത്തിയത്. അങ്ങനെ 'അറബിക്കഥ'യിലെ 'ചോര വീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം' എന്ന ഗാനമുണ്ടായി. കെപിഎസിയുടെ പ്രശസ്തങ്ങളായ വിപ്ലവഗാനങ്ങള്‍ക്കു ശേഷം മലയാളി ആവേശത്തോടെ ഏറ്റുപാടിയ വിപ്ലവഗാനം.
അറബിക്കഥ ഇറങ്ങിയ സമയത്ത് ഇടതുനേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഫോണിലെ റിങ് ടോണ്‍ അതായിരുന്നു. പക്ഷേ കുറച്ചുകാലത്തിനു ശേഷം കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലകള്‍ നടന്നപ്പോള്‍, അതിനോടുള്ള പ്രതിഷേധമായി ഇനി ആ കവിത ചൊല്ലില്ലെന്നു പ്രഖ്യാപിച്ചു അനില്‍ പനച്ചൂരാന്‍. ആളുകള്‍ക്ക് പ്രചോദനമേകാന്‍ കഴിവുള്ള കവിതയാണത്. ചോര വീഴ്ത്താനുള്ള പ്രചോദനമാണ് നല്‍കുന്നതെന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ് ഇനി ആ കവിത ചൊല്ലില്ല എന്നു അനില്‍ പറഞ്ഞത്
പ്രണയഭംഗത്തിന്റെയും വ്യഥിത ജീവിതത്തിന്റെയും അമ്ലകവിതകള്‍ കൊണ്ട് ക്യാംപസുകളെ പൊള്ളിച്ച അനില്‍ പനച്ചൂരാന്‍ എഴുതിയ സിനിമാഗാനങ്ങള്‍ ഹൃദയഹാരികളായിരുന്നു. അവയെ മലയാളികള്‍ പ്രിയത്തോടെ ചേര്‍ത്തുപിടിച്ചു. 'അറബിക്കഥ'യിലെതന്നെ 'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ് ....' എന്ന പാട്ട് ഓരോ പ്രവാസിക്കും ഗൃഹാതുരതയുടെ മാന്ത്രികപ്പരവതാനിയായി.
'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ' എന്ന പാട്ട് വന്‍ഹിറ്റായി. 'അരികത്തായാരോ...' (ബോഡി ഗാര്‍ഡ്), 'നീയാം തണലിനുതാഴെ...' (കോക്ക്‌ടെയില്‍) തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട പ്രണയഗാനങ്ങളുെട പട്ടികയിലുണ്ട്. 'വെളിപാടിന്റെ പുസ്തകം' എന്ന ലാല്‍ജോസ് സിനിമയ്ക്കുവേണ്ടിയെഴുതിയ 'ജിമിക്കിക്കമ്മല്‍' എന്ന ഫാസ്റ്റ് പാട്ടിനു ലോകമെമ്പാടും ആരാധകരുണ്ടായി. പല രാജ്യങ്ങളില്‍, പല ഭാഷകള്‍ സംസാരിക്കുന്നവര്‍ അതേറ്റുപാടി ചുവടുവച്ചു.
"
https://www.facebook.com/Malayalivartha