ഇനി വലിയ കളികളിലേക്ക്... ഒരിടവേളയ്ക്ക് ശേഷം കസ്റ്റംസ് കളം നിറയുന്നു; ഡോളര്‍ കടത്തു കേസ് കടുപ്പിക്കാനൊരുങ്ങി കസ്റ്റംസ്; നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് ഗള്‍ഫിലേക്ക് കള്ളപ്പണം കടത്തി ബിസിനസില്‍ നിക്ഷേപിച്ച വമ്പന്മാര്‍ക്കായി കസ്റ്റംസ് കുരുക്കു മുറുക്കുന്നു

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ വന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടുത്ത കാലത്ത് മൗനത്തിലായിരുന്നു. ഇടയ്ക്ക് ഡോളര്‍ കടത്ത് കേസ് പൊങ്ങി വന്നെങ്കിലും അത് തണുക്കുകയായിരുന്നു. എന്നാല്‍ കസ്റ്റംസ് ഡോളര്‍ കടത്ത് കേസ് കടുപ്പിക്കുകയാണ്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് ഗള്‍ഫിലേക്ക് കള്ളപ്പണം കടത്തി ബിസിനസില്‍ നിക്ഷേപിച്ച വമ്പന്മാര്‍ക്കായി കസ്റ്റംസ് കുരുക്കു മുറുക്കുകയാണ്. ഗള്‍ഫില്‍ നിക്ഷേപമുള്ള രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ഉന്നതരുടെ വിവരങ്ങള്‍ ശേഖരിച്ച കസ്റ്റംസ്, ചോദ്യംചെയ്യലിന് ഒരുങ്ങുകയാണ്. അന്വേഷണ ഏജന്‍സിയുടെ തുടര്‍നീക്കങ്ങള്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിയൊരുക്കുന്നതാകും.
ലൈഫ് ഇടപാടിലെ കോഴപ്പണം 1.90 ലക്ഷം ഡോളറാക്കി (1.40കോടി രൂപ) യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് വിദേശത്തേക്കു കടത്തിയ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രമുഖരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയത്. ഡോളര്‍ കടത്തിന് അകമ്പടി പോയത് സ്വപ്നയും സരിത്തുമായതിനാല്‍ ഇവരുടെ മൊഴികള്‍ക്ക് വിശ്വാസ്യതയുണ്ടെന്ന് കസ്റ്റംസ് പറയുന്നു. കേരളത്തിലെ ചില ഉന്നതര്‍ക്കു വേണ്ടിയായിരുന്നു ഡോളര്‍ കടത്തെന്നാണ് മജിസ്‌ട്രേറ്റിനു മുന്നിലും സ്വപ്ന മൊഴി നല്‍കിയത്.
മസ്‌കറ്റിലെ കോളേജില്‍ പ്രമുഖന് നിക്ഷേപമുണ്ടെന്ന വിവരത്തെതുടര്‍ന്ന് കോളേജുടമ ലസീര്‍ മുഹമ്മദിനെയും ഡീന്‍ ഡോ. കിരണിനെയും, സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസറിന്റെ പേരിലുള്ള സിം കാര്‍ഡ് സ്പീക്കര്‍ ഉപയോഗിക്കുകയും ഇതുവഴി പ്രതികളെ വിളിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുകയാണ്. കേന്ദ്രാനുമതി നേടിയ ശേഷം സ്പീക്കറെ ചോദ്യംചെയ്യാനാണ് കസ്റ്റംസ് നീക്കം.
കടത്തിയത് ആരുടെയൊക്കെ പണം, പണത്തിന്റെ സ്രോതസ് എന്ത്, ഇത്രയധികം പണം എങ്ങനെ ഡോളറാക്കി, വിദേശത്ത് ആര്‍ക്കൊക്കെ പണം കൈമാറി, ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു എന്നീ ചോദ്യങ്ങളാണ് കസ്റ്റംസ് തിരയുന്നത്.
അതേസമയം വിദേശത്തേക്ക് ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായാണ് മൊഴിയെടുക്കുക. സ്പീക്കര്‍ക്കെതിരെയുളള പ്രതികളുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് നീക്കം.
ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുളളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുളള സിം സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം. നയതന്ത്ര കളളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു.
നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാര്‍ഡ് എടുക്കുമ്പോള്‍ തന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നാസിന്റെ പേരിലുളള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ചതെന്നുമാണ് സ്പീക്കര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്‌ന ഉള്‍പ്പടെയുളള പ്രതികളെ താന്‍ വിളിച്ചിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ വച്ച് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു.
ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്പീക്കര്‍ക്കെതിരെ നിര്‍ണായകമായി മാറിയത്.
"
https://www.facebook.com/Malayalivartha

























