ഡല്‍ഹി വിറയ്ക്കുമ്പോള്‍... റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണത്തിലെ ഞെട്ടലില്‍ നിന്നും മാറും മുമ്പ് ഡല്‍ഹിയില്‍ ചെറു സ്‌ഫോടനം; നിര്‍ത്തിയിട്ടിരുന്ന 3 കാറുകളുടെ ചില്ലു തകര്‍ന്നതല്ലാതെ കാര്യമായ അപകടമില്ല; ഏറെ കരുതലോടെ രാജ്യ തലസ്ഥാനം

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകസമരം അതിരുവിട്ട് ചെങ്കോട്ട ആക്രമണത്തിലെത്തിച്ചു. പോലീസും സുരക്ഷ ഭടന്‍മാരും നോക്കി നില്‍ക്കവേയാണ് ഒരുകൂട്ടമാളുകള്‍ ചെങ്കോട്ടയില്‍ അവരുടെ കൊടി പാറിച്ചത്. അതിന് ശേഷം ചെങ്കോട്ടയിലും ഡല്‍ഹിയിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. അതിനിടയ്ക്കാണ് ഡല്‍ഹിയെ അമ്പരപ്പിച്ച ഇന്നലത്തെ സ്‌ഫോടനം.
ഇസ്രയേല്‍ എംബസിക്കു സമീപമാണ് തീവ്രത കുറഞ്ഞ സ്‌ഫോടനം നടന്നത്. വിജയ് ചൗക്കില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് 2 കിലോമീറ്ററോളം അകലെ എപിജെ അബ്ദുല്‍ കലാം മാര്‍ഗില്‍ വൈകിട്ട് 5.05നു സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരുക്കില്ല. നിര്‍ത്തിയിട്ടിരുന്ന 3 കാറുകളുടെ ചില്ലു തകര്‍ന്നു.
ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിമാനത്താവളങ്ങളിലും പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇന്ത്യ, ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ 29ാം വാര്‍ഷികം ഇന്നലെയായിരുന്നു. മുന്‍പ് 2012 ഫെബ്രുവരി 13ന് ഇസ്രയേല്‍ എംബസിക്കു മുന്‍പിലുണ്ടായ സ്‌ഫോടനത്തില്‍ ഡിഫന്‍സ് അറ്റാഷെയുടെ ഭാര്യ ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇറാനു പങ്ക് ആരോപിക്കപ്പെട്ട സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനോ യഥാര്‍ഥ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല.
അതേസമയം കര്‍ഷക പ്രക്ഷോഭത്തെ ചൊല്ലി ഇന്നലേയും സംഘര്‍ഷമുണ്ടായി. കര്‍ഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ സിംഘുവിലേക്ക് ഇരച്ചുകയറിയ ഇരുനൂറോളം പേരുടെ സംഘവും കര്‍ഷകരും തമ്മില്‍ പൊലീസ് നോക്കിനില്‍ക്കെ ഏറ്റുമുട്ടി. പ്രദേശവാസികളെന്ന് അവകാശപ്പെട്ടെത്തിയ സംഘം പ്രക്ഷോഭം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്കു നേരെ കല്ലെറിഞ്ഞു. ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു. വടികളുമായി കര്‍ഷകര്‍ തിരിച്ചടിച്ചു. പ്രദേശത്തെ ടെന്റുകളും ലംഗറുകളും തകര്‍ക്കാനുള്ള ശ്രമവും തടഞ്ഞു.
ആദ്യം ഇടപെടാതിരുന്ന പൊലീസ്, പിന്നീട് പ്രക്ഷോഭ കേന്ദ്രത്തിലേക്കു കടന്ന് ഇരുകൂട്ടരെയും നേരിട്ടു. ഏതാനും കര്‍ഷകരെ വളഞ്ഞിട്ടുതല്ലി. കര്‍ഷകരില്‍ ചിലര്‍ വാളുകളുമായി പാഞ്ഞടുത്തപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഉച്ചയ്ക്കു മണിക്കൂറുകളോളം പ്രദേശം സംഘര്‍ഷഭൂമിയായി. കര്‍ഷകരടക്കം ഒട്ടേറെപ്പേര്‍ക്കും 10 പോലീസുകാര്‍ക്കും പരുക്കേറ്റു.
ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണു പൊലീസിന്റെ ഒത്താശയോടെ എത്തിയതെന്നു കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദ് ആരോപിച്ചു. മറ്റൊരു സമരകേന്ദ്രമായ തിക്രിയിലും പുറത്തു നിന്നുള്ളവരും കര്‍ഷകരും തമ്മില്‍ നേരിയ ഏറ്റുമുട്ടലുണ്ടായി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അംബാല, കര്‍ണാല്‍ എന്നിവയടക്കം ഹരിയാനയിലെ 17 ജില്ലകളില്‍ ഇന്നു വൈകിട്ട് 5 വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍നിന്നു പരമാവധി ആളുകള്‍ സമരകേന്ദ്രങ്ങളിലെത്താന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു.
അതേസമയം ചെങ്കോട്ടയിലെ റിപ്പബ്‌ളിക്ദിന സംഘര്‍ഷത്തിന്റെ മറവില്‍ സമര കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകരെ തുരത്താനുള്ള സര്‍ക്കാരിന്റെ ശ്രമം പൊളിഞ്ഞു. ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയെന്നറിഞ്ഞ് ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമര കേന്ദ്രങ്ങളിലേക്കെത്തി.
ഡല്‍ഹി യു.പി അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള യു.പി സര്‍ക്കാരിന്റെ നീക്കം വെള്ളിയാഴ്ച പുലര്‍ച്ചയോടെ പൊലീസും ജില്ലാ ഭരണകൂടവും ഉപേക്ഷിച്ചു. ജലവിതരണവും വൈദ്യുതിയും അധികൃതര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. നൂറുകണക്കിന് കര്‍ഷകര്‍ ഗാസിപ്പൂരില്‍ ഉപരോധം ശക്തമാക്കി.
"
https://www.facebook.com/Malayalivartha























