'പോലീസുകാർ ഇനിയും നന്നാകാനുണ്ട്, ഒത്തിരിയൊത്തിരി. നാട്ടുകാര്‍ മാസ്കു വച്ചോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും നോക്കാന്‍ പോലീസിനെ നിയോഗിക്കുമ്പോള്‍ ഇത്തരക്കാരെ ഒഴിവാക്കുന്നതാകും സര്‍ക്കാരിന്‍റെ ആരോഗ്യത്തിന് നല്ലത്...' വൈറലായി കുറിപ്പ്

ജനങ്ങളോട് സൗഹൃദപരമായ ഇടപെടുന്ന പൊലീസുകാർ നമുക്ക് ചുറ്റും ഏറെയുണ്ടെങ്കിലും അതിന് വിപരീതമായി പലപ്പോഴും പല കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ടി.സി.രാജേഷ് സിന്ധു എന്ന യുവാവ്. പൊലീസുകാർ ഇനിയും നന്നാകാനുണ്ടെന്ന് വ്യക്തമാക്കി കൺമുന്നിൽ കണ്ട അനുഭവം പങ്കുവെച്ചുകൊണ്ട് രാജേഷ് സിന്ധു പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
രണ്ട് സുഹൃത്തുക്കളെ കാണാനാണ് മിനിയാന്ന് തമ്പാനൂരിൽവരെ പോയത്. മനോരമയുടെ എതിർഭാഗത്ത് ബൈക്ക് ഒതുക്കി സുഹൃത്തിനെ ഫോണിൽ വിളിക്കുമ്പോൾ പിന്നിൽ ഒരു ആക്ടീവ കൊണ്ടുവന്നു നിറുത്തി അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി നടപ്പാതയിലൂടെ പിന്നോട്ടു നടന്നു. അപ്പോൾതന്നെ ഒരു പോലീസ് ബുള്ളറ്റിൽ യൂണിഫോംധാരിയായ ഒരു പോലീസുകാരൻ എന്റെ ബൈക്കിനു മുന്നിൽ ബുള്ളറ്റ് നിറുത്തി ചെറുപ്പക്കാരനെ രൂക്ഷമായി നോക്കി ചാടിയിറങ്ങി. പോലീസുകാരൻ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നു മനസ്സിലാക്കിയ ചെറുപ്പക്കാരൻ ഒന്നുമറിയാത്തപോലെ നടന്നു നീങ്ങുകയാണ്.
നടപ്പാതയിലേക്കു കയറിയ പോലീസുകാരൻ കലിപ്പിലാണ് : "ഇവിടെ വാടാ..."
ചെറുപ്പക്കാരൻ തിരിച്ചു നടന്ന് പോലീസുകാരന്റെ അടുത്തേക്ക് വരുന്നു. അയാളോട് എന്തോ ചോദിച്ചുകൊണ്ട് പോലീസുകാരൻ മൊബൈലിൽ ആ ചെറുപ്പക്കാരന്റെ ചിത്രം പകർത്തിയശേഷം തിരിഞ്ഞു നടന്നു.
ചെറുപ്പക്കാരൻ: "സാറെന്തിനാണ് എന്റെ ഫോട്ടോ എടുക്കുന്നത്?"
പോലീസുകാരൻ: "പിന്നെ നിന്റെ തന്തേടെ ഫോട്ടോയെടുക്കണോ?" ഉറക്കെയാണ് ചോദ്യം.
ചെറുപ്പക്കാരൻ: "സാറെന്തിനാണ് എന്റെ അപ്പനും അപ്പൂപ്പനും വിളിക്കുന്നത്?"
പോലീസ്: "നീ ചെയ്തത് എന്താണെന്ന് നിനക്കറിയാമോ?"
ചെറുപ്പക്കാരൻ: "അതിന് പെറ്റിയടിച്ചോ. ഫോട്ടോയെടുക്കുന്നതും അച്ഛനു വിളിക്കുന്നതുമെന്തിനാണ്?"
ഇത്രയും സംഭാഷണം നടക്കുന്നത് എന്റെ തൊട്ടടുത്താണ്. പോലീസുകാരൻ ആ ചെറുപ്പക്കാരന്റെ അച്ഛനു വിളിക്കുന്നത് എന്റെ മുന്നിൽ നിന്നാണ്, അത് കേട്ട് ഞാനൊന്ന് അമ്പരന്നുനിൽക്കെയാണ് ബാക്കി സംഭാഷണം നടന്നത്. ഇരുവരേയും മാറിമാറിനോക്കി ഞാൻ ബൈക്കിൽതന്നെ ഇരിക്കുന്നു.
ചെറുപ്പക്കാരൻ വിടാൻ ഭാവമില്ലെന്നു കണ്ട പോലീസുകാരൻ: "ഞാനെന്തു പറഞ്ഞെന്നാണ്?"
ചെറുപ്പക്കാരൻ: "സാറൊന്നും പറഞ്ഞില്ലേ? ഈ ചേട്ടനോട് ചോദിച്ചു നോക്ക്?"
അങ്ങനെ ഞാനും സംഭവത്തിൽ കക്ഷിയായി.
പോലീസുകാരൻ എന്റെ നേരേ തിരഞ്ഞു. രൂക്ഷമായി നോക്കിക്കൊണ്ടും കട്ടക്കലിപ്പിലുമാണ് എന്നോടു ചോദ്യം: "ഞാനെന്താണ് ചെയ്തത്?"
ഞാൻ: "അയാളുടെ അച്ഛനു വിളിച്ചു."
ആ ഉത്തരം പ്രതീക്ഷിക്കാത്ത മട്ടിൽ പോലീസുകാരൻ ഒരു നിമിഷം നിശ്ശബ്ദനായി എന്നെ കടുപ്പിച്ചു നോക്കി നിന്നു. പിന്തുണ കിട്ടിയ ചെറുപ്പക്കാരന് ആവേശമായി.
ചെറുപ്പക്കാരൻ: "കണ്ടോ, സാറെന്തിനാണ് എന്റെ അച്ഛനു വിളിച്ചതെന്നാണ് ഞാൻ ചോദിച്ചത്..."
പോലീസുകാരൻ വീണ്ടും എന്നോട്: "ഇവൻ ചെയ്തതെന്താണെന്ന് നിങ്ങൾക്കറിയാമോ?"
ഞാൻ: "ഇല്ല!"
പോലീസുകാരൻ: "മൊബൈൽ ഫോണിൽ ഡയൽ ചെയ്ത് സ്‌കൂട്ടറോടിച്ചു."
ഞാൻ: "അത് തെറ്റാണ്. അതിനു കേസെടുക്കണം. പക്ഷേ, അച്ഛനു വിളിച്ചതെന്തിനാണ്?"
ഞാനും വിടാൻ ഭാവമില്ലെന്നു കണ്ടിട്ടാകണം പോലീസുകാരൻ എന്നെ വീണ്ടും കടുപ്പിച്ചുനോക്കി ബുള്ളറ്റിൽ കയറി. ചെറുപ്പക്കാരനോട് 'നിന്നെ ഞാൻ കാണിച്ചുതരാമെടാ...' എന്നും പറഞ്ഞ് ഒറ്റപ്പോക്ക്.
പോലീസുകാർ ഇനിയും നന്നാകാനുണ്ട്, ഒത്തിരിയൊത്തിരി. നാട്ടുകാര്‍ മാസ്കു വച്ചോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും നോക്കാന്‍ പോലീസിനെ നിയോഗിക്കുമ്പോള്‍ ഇത്തരക്കാരെ ഒഴിവാക്കുന്നതാകും സര്‍ക്കാരിന്‍റെ ആരോഗ്യത്തിന് നല്ലത്.
https://www.facebook.com/Malayalivartha

























