ഒരേയൊരു ആഴ്ച മാത്രം... ശശികല ജയില്‍ മോചിതയായ ശേഷം തമിഴകം ആകെ മാറുന്നു; ജയിലില്‍ നിന്നും നേരെ റിസോട്ടിലേക്ക് പോയ ചിന്നമ്മയെ കൊണ്ടുപോയത് പാര്‍ട്ടിയുടെ കൊടിവച്ച കാറില്‍ പുഷ്പവൃഷ്ടിയും ആരതിയുമായി; ചിന്നമ്മയുടെ വരവ് തമിഴകത്തെ ഇളക്കി മറിക്കും

തമിഴ് രാഷ്ട്രീയത്തില്‍ ഇനി ചിന്നമ്മയായ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ കാലമായിരിക്കും. അതിനുള്ള കരുക്കള്‍ നീക്കി ശശികല ജയില്‍ മോചിതയായി. കാറിനു മുന്നില്‍ അണ്ണാ ഡിഎംകെ പതാക, ചിന്നമ്മ വാഴ്ക വിളികള്‍, പുഷ്പവൃഷ്ടിയും ആരതിയും തുടങ്ങിയ കലാപരിപാടികളുമായാണ് ശശികല ജയില്‍മോചിതയായി ആശുപത്രി വിട്ടത്. തമിഴക രാഷ്ട്രീയത്തില്‍ നിറഞ്ഞു കളിക്കുമെന്ന വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ്. ബെംഗളൂരു നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ നന്ദിഹില്‍സിനു സമീപത്തെ റിസോര്‍ട്ടില്‍ ഒരാഴ്ച വിശ്രമിച്ചശേഷം ചെന്നൈയിലേക്കു തിരിക്കും.
ഇതിനിടെ, ശശികല സഞ്ചരിച്ച കാറിനു മുന്നില്‍ അണ്ണാഡിഎംകെ പതാക കെട്ടിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദവും തുടങ്ങി. പതാക ഉപയോഗിക്കാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നു മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. എന്നാല്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയെന്ന നിലയിലാണു ശശികല പതാക ഉപയോഗിച്ചതെന്നു ടി.ടി.വി.ദിനകരന്‍ പ്രതികരിച്ചു.
മാപ്പപേക്ഷ എഴുതി നല്‍കിയാല്‍ ടി.ടി.വി. ദിനകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് ആലോചിക്കാമെന്ന അണ്ണാ ഡിഎംകെ ഡപ്യൂട്ടി കോഓര്‍ഡനേറ്റര്‍ കെ.പി. മുനിസ്വാമിയുടെ പ്രസ്താവനയും ചര്‍ച്ചയായി. ശശികല കുടുംബവുമായി ഒരു ബന്ധത്തിനുമില്ലെന്നാണു മുഖ്യമന്ത്രി എടപ്പാടി ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയായതു 27നാണ്. കോവിഡ് ബാധിച്ച് 20 മുതല്‍ ചികിത്സയിലായിരുന്നതിനാല്‍ ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തിയാണു മോചന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.10നു ആശുപത്രിയുടെ പ്രധാന വാതില്‍വരെ ചക്രക്കസേരയിലാണെത്തിയത്. ശശികലയെ കണ്ടതോടെ, പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ജയലളിത നേരത്തേ ഉപയോഗിച്ചിരുന്ന വാഹനത്തിലാണു ശശികല താല്‍ക്കാലിക താമസ സ്ഥലത്തേക്കു പോയത്.
2017 ഫെബ്രുവരിയില്‍ ജയിലിലേക്കു പോകുമ്പോള്‍ ശശികല അണ്ണാഡി എംകെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട്, ഒപിഎസ്-ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചപ്പോള്‍ ജനറല്‍ കൗണ്‍സില്‍ യോഗം ശശികലയെ പുറത്താക്കി. ഇതിനെതിരെ ശശികല നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ശശികലയുടെ ജയില്‍ മോചനത്തോടെ ഒരു ഇടവേളക്ക് ശേഷം തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുകയാണ്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തന്നെയാണെന്നും പാര്‍ട്ടി യോഗം വിളിക്കാനുള്ള യഥാര്‍ത്ഥ അധികാരം ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്കാണെന്നും വ്യക്തമാക്കി ടിടിവി ദിനകരന്‍ രംഗത്തെത്തി.
അണ്ണാഡിഎംകെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും ദിനകരന്‍ അറിയിച്ചു. അതിനുള്ള അധികാരം ശശികലയ്ക്കാണുള്ളത്. കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പാര്‍ട്ടി കൊടി ഉപയോഗിക്കാന്‍ എല്ലാവിധ അര്‍ഹതയും ശശികലയ്ക്കുണ്ടെന്നും വാദിച്ചു.
അണ്ണാഡിഎംകെയുടെ കൊടിവെച്ച കാറില്‍ ശശികല സഞ്ചരിച്ചതില്‍ എതിര്‍പ്പുമായി പാര്‍ട്ടി തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിനകരന്റെ പ്രതികരണം. എന്നാല്‍ അതേ സമയം പാര്‍ട്ടി കൊടി ഉപയോഗിക്കാന്‍ ശശികലയ്ക്ക് അര്‍ഹതയില്ലെന്ന് പ്രതികരിച്ച പാര്‍ട്ടി പ്രതിനിധികള്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
ബംഗ്ലൂരുവിലുള്ള ശശികല ജയ സമാധിയിലേക്കാകും ആദ്യം എത്തുക. സമാധിയില്‍ പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണും. മറീനയില്‍ ശശികലവിഭാഗം ശക്തി പ്രകടനത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച തയ്യാറാവാന്‍ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എന്തായാലും അടുത്തയാഴ്ച തമിഴകം നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha























