അമ്പരപ്പോടെ മുന്നണികള്‍... തോറ്റ് കൊടുത്ത് മറ്റുള്ളവരെ ജയിപ്പിക്കുക എന്ന തന്ത്രം മാറ്റി ബിജെപി; ബിജെപിയുടെ അക്കൗണ്ടില്‍ ജയിച്ചവരൊക്കെ ഇനി ഫലമറിയും; ബൂത്ത് തലംമുതല്‍ ശക്തമായ പ്ലാനിംഗ്; ചുമതലയേറ്റെടുത്ത് ആര്‍എസ്എസും; ശോഭ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയിലേക്ക്

മറ്റുള്ള മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്ന പതിവ് പല്ലവി ഇത്തവണ ബിജെപി പയറ്റില്ല. സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി വോട്ട് ലഭിക്കാനാകും ബിജെപി ശ്രമിക്കുക. ഇതോടെ ബിജെപിയുടെ വോട്ട് കൊണ്ട് ജയിച്ച പലരും വെട്ടിലാകും.
സിപിഎമ്മിനോടുള്ള വിരോധം കാരണം പലപ്പോഴും ഇതിന്റെ ഗുണഫലം ലഭിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. എന്നാല്‍ അത് വേണ്ട, ആര് ജയിച്ചാലും തോറ്റാലും വോട്ട് പരമാവധി കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് ആര്‍എസ്എസിന്റെ സഹായവുമുണ്ടാകും.
സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിനും ബാക്കി 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ബിജെപിക്ക് ആര്‍എസ്എസിന്റെ പൂര്‍ണ സഹായമെത്തും ഇക്കുറി. കഴിഞ്ഞദിവസം ബിജെപി കോര്‍ കമ്മിറ്റിയംഗങ്ങള്‍ ആര്‍എസ്എസ് കൊച്ചിയിലെ ആസ്ഥാനത്തെത്തി നേതൃത്വത്തെ കണ്ടിരുന്നു.
കേരളത്തില്‍ ബിജെപിക്ക് ആവശ്യത്തിനു മാത്രം സഹായം എന്നതായിരുന്നു ആര്‍എസ്എസ് എടുത്തിരുന്ന നിലപാട്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ബൂത്തു തലം മുതല്‍ ആര്‍എസ്എസ് സജീവമായി രംഗത്തിറങ്ങും. സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ആരു ജയിക്കുന്നുവെന്നു നോക്കേണ്ടതില്ലെന്നും ബിജെപിയുടെ വോട്ട് ഇരട്ടിയാക്കാനാണു ശ്രമിക്കേണ്ടതെന്നാണ് ആര്‍എസ്എസ് കൈമാറിയ സന്ദേശം.
30,000നു മുകളില്‍ വോട്ടുള്ള മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്റെ പ്രാന്തിയ വിഭാഗ് തല ചുമതലയിലുള്ളവരാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുക. ബിജെപിയുടെ സംവിധാനത്തിനു പുറമേയാണിത്. 3 ബൂത്തുകളെ ചേര്‍ത്തു പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബിജെപി തുടങ്ങിയ 'ശക്തികേന്ദ്ര' യ്ക്ക് ആര്‍എസ്എസ് മണ്ഡലം ചുമതലയുള്ളയാളും മേല്‍നോട്ടം വഹിക്കും.
അതേസമയം ശോഭ സുരേന്ദ്രന്റെ പരാതികള്‍ക്ക് ബിജെപിയില്‍ പരിഹാരമാകുന്നു. ശോഭ സുരേന്ദ്രനെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത. ശോഭ സുരേന്ദ്രന്‍ മാത്രമല്ല, സംസ്ഥാനത്തെ ആയിരത്തി അഞ്ഞൂറില്‍ പരം ജില്ലാ, മണ്ഡലം നേതാക്കളേയും നേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ സംസ്ഥാന നേതൃത്വം വന്നതിന് ശേഷം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ രീതിയില്‍ ഒതുക്കലുകള്‍ നടന്നു എന്നാണ് ആക്ഷേപം. ഇത്തരത്തില്‍ ജില്ലാ, മണ്ഡലം തലങ്ങളില്‍ ആയിരത്തി അഞ്ഞൂറോളം നേതാക്കള്‍ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നേരത്തോ ശോഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരേയും നേതൃത്വത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു വി മുരളീധരന്‍ കെ സുരേന്ദ്രന്‍ പക്ഷം. അതോടെ ശോഭ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ തള്ളിക്കളയാം എന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിന്റെ അത്രയും സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. ഇതും ഇപ്പോഴത്തെ കേന്ദ്ര ഇടപെടലിന് കാരണമായിട്ടുണ്ട്.
ഇത്തവണ സംസ്ഥാന സമിതി യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിച്ച ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കെ സുരേന്ദ്രന്‍ സമാപന പ്രസംഗത്തില്‍ ആവര്‍ത്തിച്ചതോടെ മഞ്ഞുരുകുകയാണ്. പഴയ പിണക്കങ്ങളെല്ലാം മാറ്റി വച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇതോടെ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























