പൊട്ടിച്ചിരിച്ച് സഖാക്കള്‍... മന്ത്രി എംഎം മണിയുടെ മാസ് ഡയലോഗ് മാണി സി കാപ്പന് കൊണ്ടു; അറക്കുന്നതിന് മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ലെന്ന് കാപ്പനെ വിമര്‍ശിച്ച് എം.എം. മണി രംഗത്തെത്തിയതോടെ എല്ലാം ഓക്കെയായി; എം.എം.മണിക്ക് എന്തും പറയാന്‍ സ്വാതന്ത്യമുണ്ടെന്ന് കാപ്പന്

സാധാരണ ജനങ്ങള്‍ പറയാനാഗ്രഹിച്ചത് മന്ത്രി എംഎം മണി പറഞ്ഞതോടെ മാണി സി കാപ്പന്റെ കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. സിപിഎമ്മിന്റെ വോട്ട് കൊണ്ട് ജയിച്ച മാണി സി കാപ്പന്‍ താന്‍ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് അഹങ്കരിച്ചു.
എന്‍സിപിക്ക് എത്ര വോട്ട് ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും പാലയ്ക്ക് വേണ്ടി മുന്നണിയെ നാണം കെടുത്താനാണ് മാണി സി കാപ്പന്‍ നോക്കുന്നത്. അവസരം മുതലെടുക്കാന്‍ യുഡിഎഫും രംഗത്തെത്തി. ഇതോടെയാണ് ഒരൊറ്റ ഡയലോഗോടെ മന്ത്രി എംഎം മണി രംഗത്തെത്തിയത്.
പാലാ സീറ്റിന്റെ പേരു പറയാതെ മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് മന്ത്രി എം.എം.മണിയുടെ പരോക്ഷ വിമര്‍ശനമാണ് ഉണ്ടായത്. എല്‍ഡിഎഫില്‍ സീറ്റു ചര്‍ച്ച ആരംഭിച്ചിട്ടില്ല. ആരും അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാം. യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി രംഗത്തെത്തിയത്. പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലായില്‍ കെ.എം. മാണി സ്മൃതി സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മണി.
സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ഇടതുമുന്നണിയില്‍ ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം.
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തെ തുടര്‍ന്ന് പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ ഇടതുമുന്നണിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാടെന്തെന്ന് വ്യക്തമാക്കുന്നതുമായിരുന്നു മണിയുടെ പ്രസ്താവന.
അതേസമയം മന്ത്രി എം.എം.മണിക്ക് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നു മാണി സി.കാപ്പന്‍ എംഎല്‍എയുടെ മറുപടി. നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ അറക്കുന്നതിനു മുന്‍പു ചിലര്‍ പിടയ്ക്കുകയാണെന്ന മന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
ജോസ് കെ.മാണിയെ സിപിഎം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യട്ടെ. രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കും. അറപ്പ് ഏതു തരത്തിലാണെന്ന് അറിയില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. എല്‍ഡിഎഫ് ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്യും. യുഡിഎഫിന്റെ ചരിത്രം, വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് യുഡിഎഫ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഏതെങ്കിലും വികസനം കൃത്യമായി നടപ്പാക്കണമെങ്കില്‍ എല്‍ഡിഫിന്റെ ഭരണം കേരളത്തില്‍ വേണം.
എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനാ പത്രികയിലെ 600 ഓളം കാര്യങ്ങള്‍ നടപ്പാക്കി. വികസനകാര്യത്തില്‍ പി ജെ ജോസഫ് തൊടുപുഴയില്‍ തട്ടിപ്പ് ആണ് നടത്തുന്നത്. വികസന നായകന്റെ പരിവേഷം അണിഞ്ഞ് ജോസഫ് ജനങ്ങളെ പറ്റിക്കുകയാണ്. ഇവിടെ ഒരുവികസനവും നടത്തുന്നില്ല. കിഫ്ബി വഴി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആണ് യുഡിഎഫ് ശ്രമിക്കുന്നത്.
ശബരി റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ എല്‍ഡിഎഫ് മുന്‍കൈ എടുത്തിട്ടുണ്ട്. അതിന്റെ പകുതി തുക വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ്. ഇടുക്കി മെഡിക്കല്‍ കോളേജിന് 10 കോടി രൂപ കെഎസ്ഇബി നല്‍കി. പ്രതിപക്ഷ നേതാക്കന്മാരുടെ മണ്ഡലത്തിലടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി യാഥാര്‍ഥ്യമാക്കി. എന്നിട്ടും കിഫ്ബിക്ക് എതിരെ തെറ്റിധാരണ പരത്തുന്ന കാര്യങ്ങള്‍ ആണ് ഇവര്‍ പടച്ചുവിടുന്നതെന്നുമാണ് മന്ത്രി എം.എം. മണി പറഞ്ഞത്.
"
https://www.facebook.com/Malayalivartha























