മാസ് കളിയുമായി ബിജെപി! കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ല... ഇത്തവണത്തെ ടേണിംഗ് പോയിന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ ബിജെപിക്ക്... കോണ്‍ഗ്രസ് മുക്ത കേരളം ബിജെപിയുടെ ലക്ഷ്യമല്ലെന്നും, അത് ലീഗ് തന്നെ ചെയ്യുന്നു... ഇനി ഒറ്റകെട്ടായി കേരളത്തിൽ താമര വിരിയിക്കാൻ ബിജെപി

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എല്‍ ഡി എഫിന്റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'തിരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകും. അതാകും ഇത്തവണത്തെ ടേണിംഗ് പോയിന്റ്'- അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളം ബിജെപിയുടെ ലക്ഷ്യമല്ലെന്നും, അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ശോഭ സുരേന്ദ്രന്‍ സജീവമായി തിരിച്ചെത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും,ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികളായി, ന്യൂനപക്ഷത്തിൽപ്പെട്ടവരെയും അനുഭാവികളായ പൊതുസ്ഥാനാർഥികളെയും കണ്ടെത്താൻ ബിജെപി. പാർട്ടിയോട് താൽപര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ മിടുക്കരായ യുവാക്കളെയും സമൂഹത്തിൽ സ്വാധീനമുള്ളവരെയും രംഗത്തിറക്കാനാണ് കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന ആർഎസ്എസ്–ബിജെപി സമന്വയ യോഗത്തിലും കോർ കമ്മിറ്റി യോഗത്തിലുമുണ്ടായ തീരുമാനം. ജില്ലാകമ്മിറ്റികൾക്കാണ് ചുമതല. മുഴുവൻ സീറ്റുകളിലും ബിജെപി പ്രവർത്തകരായ സ്ഥാനാർഥികളല്ല വേണ്ടത്. പാർട്ടിയുടെ ബഹുജന അടിത്തറ ശക്തമാക്കാനുള്ള അവസരം കൂടിയായി തിരഞ്ഞെടുപ്പ് മാറ്റണം. സഭാനേതാക്കൾ മറ്റു മുന്നണി നേതാക്കളുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും ആനുകൂല്യങ്ങൾ അനർഹമായി മറ്റുള്ളവർ വർഷങ്ങളായി തട്ടിയെടുക്കുന്നുവന്ന ചിന്ത താഴേത്തട്ടിൽ ശക്തമാണെന്നാണ് വിലയിരുത്തൽ. വിഷയം സംഘപരിവാർ നേതാക്കളുമായി ബന്ധപ്പെട്ടവർ പല വേദികളിലായി ചർച്ച ചെയ്തിരുന്നു. ശബരിമല വിഷയത്തിൽ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനാണ് സിപിഎം ശ്രമം. ന്യൂനപക്ഷ വോട്ടുകൾ വരികയും പോകുകയും ചെയ്യുമെന്നും ഹിന്ദുവോട്ട് സ്ഥിരമെന്നുമുള്ള അവരുടെ ധാരണ തിരുത്തുന്ന വിധത്തിലുള്ള പ്രചാരണ പരിപാടികൾക്ക് രൂപം നൽകും.
ബരിമല വിഷയത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹിന്ദുവോട്ട് നേടിയെടുത്ത യുഡിഎഫിന് ഇത്തവണ അതിനുള്ള സാധ്യത ഉണ്ടാക്കി കൊടുക്കരുത്. 2016ലെ വോട്ടുനില 2019ലും എൻഡിഎ നിലനിർത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് വളർച്ചയുണ്ടായത് നേട്ടമാണ്. ബിജെപിയുടെ നേതാക്കളായല്ല, ജനകീയ നേതാക്കളാകാൻ തയാറുള്ളവർ സ്ഥാനാർഥികളായാൽ മതിയെന്ന നിർദേശവും ഉയർന്നു. മത്സരിക്കാൻ താൽപര്യപ്പെടുന്നവർ ആ പ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷം എന്തു ചെയ്തുവെന്ന് പരിശോധിക്കും. മണ്ഡലം ശ്രദ്ധിച്ചവരെയാണ് സ്ഥാനാർഥിത്വത്തിന് പരിഗണിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ പിന്നീട് ആ മേഖലയിലുള്ള ഏതെങ്കിലും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചതാണ് പ്രധാന യോഗ്യത. അതതു മണ്ഡലത്തിലുള്ളവർക്കും ജില്ലയിലുള്ളവർക്കുമാണു മുൻഗണന.
ഇതുവരെയുളള സൂചനകളനുസരിച്ച് പാർട്ടി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാർ, എ.എൻ.രാധാകൃഷ്ണൻ എന്നിവർ മത്സരിക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം.കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരത്തിനിറങ്ങിയാൽ സുരേന്ദ്രൻ സ്ഥാനാർഥിയാകാൻ സാധ്യതയില്ല. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ സീറ്റ് ഒഴിവാക്കി വി.മുരളീധരനെ മത്സരിപ്പിക്കുന്നതിൽ കേന്ദ്രനേതൃത്വത്തിന് താൽപര്യമില്ലെന്നാണു റിപ്പോർട്ട്. വിദേശരാജ്യങ്ങളുമായുളള നിരവധി പദ്ധതികളുടെ ചുമതല മന്ത്രിക്ക് നൽകിയിട്ടുണ്ട്. രാജ്യസഭാംഗവും നടനുമായ സുരേഷ്ഗോപി തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യം അറിയിച്ചെങ്കിലും സ്ഥാനാർഥിയാകാൻ ഇല്ലെന്നാണ് ഇപ്പോഴത്തെ നിലപാടെന്നറിയുന്നു.
മുൻ ഡിജിപി ജേക്കബ് തോമസ് മത്സരത്തിനുണ്ടാകും. സ്ഥാനാർഥികളെ സംസ്ഥാന നേതൃത്വം നിർദേശിക്കുമെങ്കിലും ദേശീയ നേതൃത്വത്തിന്റേതാണ് അന്തിമ തീരുമാനം. 3, 4 തീയതികളിൽ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സന്ദർശനശേഷം ഘടകകക്ഷികളുമായുളള സീറ്റ് വിഭജന ചർച്ചയും സ്ഥാനാർഥി പരിഗണനപട്ടിക തയാറാക്കലും ആരംഭിക്കും. പുതിയ കേരളത്തിനായി വിജയയാത്ര എന്ന മുദ്രാവാക്യവുമായി കെ.സുരേന്ദ്രൻ കാസർകോട്ടുനിന്ന് അടുത്തമാസം 20ന് ആരംഭിക്കുന്ന കേരളയാത്രയ്ക്ക് മുൻപ് സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് സാധ്യത. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനാണ് യാത്രാപരിപാടികളുടെ ചുമതല.
https://www.facebook.com/Malayalivartha























