തര്‍ക്കം മുറുകുമ്പോള്‍... ഉമ്മന്‍ ചാണ്ടി നേമത്ത് നിന്നും രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്റ് മുന്നോട്ടു വയ്ക്കുമെന്ന് സൂചന; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇത് അംഗീകരിക്കുമെന്ന് തന്നെയാണ് ഹൈക്കമാന്റ് വിശ്വസിക്കുന്നത്

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ രംഗത്തിറക്കാനും ഹരിപ്പാട്ട് ബാബു പ്രസാദിനെ ഇറക്കാനുമാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. ഇരുവരുമായി സംസാരിക്കാന്‍ മുല്ലപള്ളി രാമചന്ദ്രന് നിര്‍ദ്ദേശം നല്‍കി. അതിനിടെ വട്ടിയൂര്‍ക്കാവിന് വേണ്ടി കെ. മുരളിധരന്‍ ശ്രമം തുടങ്ങി.
കെ. മുരളീധരന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്റ് അറിയിച്ചെങ്കിലും ഹരിപ്പാട് നിന്നു തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല നിര്‍ബന്ധം പിടിച്ചാല്‍ കെ. മുരളിധരന് വട്ടിയൂര്‍ക്കാവില്‍ നറുക്ക് വീഴും. പുതുപ്പള്ളി വേണമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നുണ്ടെങ്കിലും ഹൈക്കമാന്റ് നിര്‍ബന്ധിച്ചാല്‍ അദ്ദേഹം പിന്‍മാറും. ഹൈക്കമാന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ ചാണ്ടിക്ക് പണ്ടേ ഹൈക്കമാന്റിനെ അനുസരിച്ചാണ് ശീലം.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്തേക്ക് ഉമ്മന്‍ ചാണ്ടി വരും എന്ന വാര്‍ത്ത തന്നെ അത്യന്തം നാടകീയമായിട്ടാണ് വന്നത്. വാര്‍ത്ത വന്ന ഉടനെ ഉമ്മന്‍ ചാണ്ടി തന്നെ നിഷേധക്കുറിപ്പിറക്കി. ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ രംഗത്തിറക്കുമെന്ന വാര്‍ത്തയാണ് ഉമ്മന്‍ ചാണ്ടിയെ ചൊടിപ്പിച്ചത് .പുതുപ്പള്ളിയില്‍ നിന്നും മാറി മകനെ അവനെ നിര്‍ത്തുമ്പോള്‍ അത് തന്റെ ഇമേജിനെ ബാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി കരുതുന്നു.എങ്കിലും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കും.
തദ്ദേശ തോല്‍വിയുടെ പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെ അതീവ ഗൗരവമായാണ് ഹൈക്കമാന്റ് കരുതുന്നത്. ഇതിന്റെ ഭാഗമായാണ് സംഘടനാ ചര്‍ച്ചകള്‍ക്കായി നേതാക്കളെ ഹൈക്കാമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ച മുന്‍പ് കേരളത്തിലെ നേതാക്കള്‍ ദില്ലിയിലെത്തിയത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ദില്ലിയിലെത്തിയിരുന്നു . കേരളഹൗസും എഐസിസി ആസ്ഥാനവും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍, കെസി വേണുഗോപാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 22 സിറ്റിംഗ് എംഎല്‍എമാരില്‍ ആരൊക്കെ മത്സരിക്കണമെന്ന് ആദ്യം തീരുമാനിച്ചു. പ്രമുഖരെ മാറ്റിപരീക്ഷിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് മുല്ലപള്ളിയാണ്. താരിഖ് അന്‍വറുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യം അദ്ദേഹം അവതരിപ്പിച്ചത്.
ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തല മാറിയേക്കുമെന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട് നടക്കുന്ന സമയത്താണ് മുല്ലപ്പള്ളിയുടെ ചോദ്യം. പി ജയരാജനെതിരെ വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിച്ചത് പോലെയുള്ള ഒരു പരീക്ഷണമാണ് ഹൈക്കമാന്റ് ആലോചിച്ചത്. രാഹുല്‍ഗാന്ധിയുടെ വരവ് കേരളത്തിന് ഗുണമായത് പോലൊരു പരീക്ഷണമാണ് മുല്ലപ്പള്ളിയുടെ മനസിലുള്ളത്.
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആഗ്രഹം മുല്ലപ്പള്ളി തുറന്നു പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഇതിന് എതിര്‍പ്പ് പറഞ്ഞതേയില്ല. നല്ല നിര്‍ദ്ദേശമെന്ന് തത്വത്തില്‍ എല്ലാവരും സമ്മതിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമാണ് പ്രധാനമെന്ന് പറഞ്ഞ നേതാക്കള്‍ ചര്‍ച്ച അവസാനിപ്പിച്ചു.
ഡല്‍ഹിയിലെ ചര്‍ച്ച അത്ര നിഷ്‌കകളങ്കമായിരുന്നില്ല. ദില്ലിയിലെ ആ ചര്‍ച്ചയാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. എ ഗ്രൂപ്പ് തുടക്കം മുതല്‍ ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുകയാണ്. ബിജെപിയുടെ സീറ്റില്‍ ഉമ്മന്‍ചാണ്ടി നിന്നാല്‍ താരപരിവേഷം വരുമെന്ന പറഞ്ഞ് നിഷ്‌കളങ്കരായ കോണ്‍ഗ്രസുകാര്‍ ആവേശം കൊണ്ടു.ബിജെപിക്ക് നേമത്ത് നിര്‍ത്താന്‍ താരപരിവേഷമുള്ള ഒരാളില്ല. അപ്പോള്‍ ഉമ്മന്‍ ചാണ്ടി യുടെ വിജയം അനായാസമാകും.
പുതുപ്പള്ളിയുമായുള്ള വൈകാരികബന്ധം ചൂണ്ടിക്കാട്ടി ആജീവനാന്തം ആ ബന്ധം തുടരുമെന്ന് വ്യക്തമാക്കി ചര്‍ച്ചകള്‍ അദ്ദേഹം അവസാനിപ്പിച്ചെങ്കിലും ഹൈക്കമാന്റിന്റെ മനസില്‍ അതിപ്പോഴും സജീവമാണ്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ ഐ ഗ്രൂപ്പ് നീക്കം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടി അത് മുളയിലേ നുള്ളി. മേല്‍നോട്ടസമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടി നിര്‍ണ്ണായക സ്ഥാനത്തെത്തിയതിലും രമേശിനെ തഴയുന്നുവെന്ന പ്രചാരണത്തിലും ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇത് മനസിലാക്കിയാണ് എ ഗ്രൂപ്പിന്റെ എല്ലാ നീക്കവും. അതായത് തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ ആരും കീഴടങ്ങില്ല., തന്ത്രങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്ന് ചുരുക്കം.
ഏതായാലും അത്ഭുതങ്ങള്‍ സംഭവിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അത് എന്തൊക്കെയാണെന്ന് വൈകാതെ അറിയാം.
"
https://www.facebook.com/Malayalivartha























