സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡി വി ഡികൾ പ്രതികൾക്കു നൽകും മുമ്പ് കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ഡിവൈസ് സഹിതം സിറ്റി സൈബർ സെൽ ഡിവൈഎസ്പി ഹാജരാകാൻ കോടതി ഉത്തരവ്. ഫെബ്രുവരി 15 ന് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഡിവൈഎസ്പി ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയാണ് ഉത്തരവിട്ടത്. ഫോറൻസിക് പരിശോധനക്ക് മുമ്പേ ഡി വി ഡികൾ കോടതിയിൽ പ്രദർശിപ്പിച്ചാൽ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഹാഷ് വാല്യു മാറുമോയെന്ന് ഫോറൻസിക് അഭിപ്രായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എസ്.പി ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതി നൽകിയ 2 ചോദ്യാവലിക്ക് ഫോറൻസിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഫെബ്രുവരി 2 നകം കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എ.ഷാനവാസിനോടാണ് വ്യക്തതാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. അപ്രകാരമാണ് ഫോറൻസിക് വിദഗ്ധ സാങ്കേതിക റിപ്പോർട്ട് ഹാജരാക്കിയത്. ഡി വി ഡി പകർപ്പുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറൻസിക് വിദഗ്ധ റിപ്പോർട്ട് പ്രകാരം പകർപ്പുകളെടുക്കാൻ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫയും കോടതിയിൽ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങൾ പകർത്തിയ 2 ഡിവിഡികൾ പ്രതികൾക്ക് നൽകും മുമ്പ് കോടതിയിൽ പ്രദർശിപ്പിച്ചാൽ തെളിവിൻ്റെ പവിത്രത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാൽ പ്രതികൾക്ക് നൽകേണ്ട ക്ലൗൺഡ് കോപ്പിയിൽ (അടയാള സഹിതം പകർപ്പ് ) കൃത്രിമം നടന്നുവെന്ന് പ്രതികൾ വിചാരണ കോടതിയിൽ തർക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. പകർപ്പ് നൽകും മുമ്പ് ഡിവിഡികളുടെ വെറാസിറ്റി (കൃത്യത) വിചാരണ വേളയിൽ തർക്കിക്കില്ലായെന്ന സത്യവാങ്മൂലം പ്രതികൾ സമർപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഡിവിഡികളുടെ പകർപ്പുകൾ ഫോറൻസിക് ലബോറട്ടറി പരിശോധനക്ക് ശേഷമേ പ്രതികൾക്ക് നൽകാവൂയെന്ന് പ്രോസിക്യൂഷനും കോടതിയിൽ നിലപാടെടുത്തിരുന്നു. ഡി വി ഡി ദൃശ്യങ്ങൾ കോടതിയിൽ വച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറൻസിക് ലാബിലേക്കയച്ച് പകർപ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. തുടർ നടപടികൾ ഡിസംബർ 30 നകം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
അസ്സൽ ഡി വി ഡികൾ തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കിയതിനാൽ പ്രതികൾക്ക് നൽകാനായുള്ള പകർപ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡി വി ഡി പകർപ്പ് ഹാജരാക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എം. ഒ.(തൊണ്ടി) നമ്പർ 30 ഉം 33 ഉം നമ്പരായി പോലീസ് സമർപ്പിച്ച 2 ഡി വി ഡികൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടിരുന്നത്. അതേ സമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെൻ്റ് (രേഖ) എന്താണെന്നും 2019 ൽ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മജിസ്ട്രേട്ട് എ . അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകർപ്പിന് പ്രതികൾക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഹാഷ് വാല്യു മാറ്റം വരുത്താതെ വേണം പകർപ്പെടുക്കാനെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയിൽ വച്ച് ദ്യശ്യങ്ങൾ കണ്ട ശേഷം മാത്രമേ പകർപ്പ് നൽകാനാവു. അല്ലാത്തപക്ഷം വിചാരണ വേളയിൽ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികൾ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകർപ്പ് എടുക്കണമെന്ന നിർദ്ദേശത്തോടെ ഫോറൻസിക് ലാബിലേക്കയച്ച് പകർപ്പ് ലഭ്യമാക്കാൻ നിർദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സർക്കാർ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങൾ 2020 ഡിസംബർ 15 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha























