നിപ്മര്‍ മികവിന്റെ കേന്ദ്രമാക്കുന്നതിന് 2.66 കോടി അനുവദിച്ചു... ഭിന്നശേഷി സഹായ ഉപകരണ കേന്ദ്രം, മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, മോഷന്‍ ആന്റ് ഗേറ്റ്ലാബ്

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്റെ (NIPMR) വികസനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി 2,66,46,370 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് 54,15,400 രൂപയും മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍ വികസിപ്പിക്കുന്നതിനായി 1,06,00,000 രൂപയും, മോഷന്‍ ആന്റ ഗേറ്റ്‌ലാബ് സ്ഥാപിക്കുന്നതിനായി 1,06,30,970 രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നിപ്മറിനെ രാജ്യത്തിന് തന്നെ അഭിമാന സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഈ സ്ഥാപനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കാനുള്ള പദ്ധതികളാണ് രൂപകല്‍പന ചെയ്തു വരുന്നത്. അതിന്റെ ഭാഗമാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി സഹായ ഉപകരണത്തിനായി പ്രത്യേക കേന്ദ്രം
നിപ്മറില്‍ ഭിന്നശേഷി സഹായ ഉപകരണത്തിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കുകയാണ്. സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്റ് അസിസ്റ്റീവ് ടെക്‌നോളജി (Cetnre for mobiltiy and assistive technology - CMAT) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന 54,15,400 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വീല്‍ചെയറുകള്‍, രോഗിയെ കട്ടിലില്‍ നിന്നും ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് എന്നിടങ്ങളിലേയ്ക്ക് മാറ്റുന്നതിനുളള ട്രാന്‍സ്ഫര്‍ ഡിവൈസുകള്‍, ഇതര സഹായ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, അവ സംബന്ധിച്ച ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. നിലവില്‍ നിപ്മറില്‍ പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈകാല്‍ യൂണിറ്റ്, ഹാന്റ് സ്പ്ലിറ്റ് യൂണിറ്റ്, ഇയര്‍മോള്‍ഡ് ലാബ് എന്നിവയ്ക്ക് പുറമേയാണ് സി.എം.എ.ടി. എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കുന്നത്.
മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍
മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ വിപുലീകരണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനയാണ് 1,06,30,970 രൂപ അനുവദിച്ചത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക. വിര്‍ച്വര്‍ റിയാലിറ്റി യൂണിറ്റ് വിപുലീകരണം, അക്വാട്ടിക് റിഹാബിലിറ്റേഷന്‍ യൂണിറ്റ് വികസനം, ഓട്ടിസം കുട്ടികളുടെ കായിക വികസനത്തിനായുള്ള പദ്ധതികള്‍, കൗമാര പ്രായക്കാരായ ഓട്ടിസം കുട്ടികളുടെ തൊഴില്‍പരമായ വികസനത്തിനുള്ള പദ്ധതികള്‍, ദൃശ്യ ശ്രവണ യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.
നിപ്മറില്‍ മോഷന്‍ ആന്റ് ഗേറ്റ്‌ലാബ്
ഗുരുതര നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരിലെ ചലന, നടത്ത പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായാണ് നിപ്മര്‍ ഗേറ്റ് ആന്റ് മോഷന്‍ അനാലിസിസ് യൂണിറ്റ് (Gate and Motion Analysis Unit) സ്ഥാപിക്കുന്നത്. മോഷന്‍ ആന്റ് ഗേറ്റ്‌ലാബ് സ്ഥാപിക്കുന്നതിനായി 1.06 കോടി രൂപയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന അനുവദിച്ചിട്ടുള്ളത്.
രോഗിയുടെ ചലന, നടത്ത പ്രശ്‌നങ്ങള്‍ കൃത്യമായി വിലയിരുത്തി, പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപകടം, സ്‌ട്രോക്ക്, എന്നിവ കാരണം ചലനശേഷി നഷ്ടപെട്ട രോഗികളെ വിവിധ തെറാപ്പികളിലൂടെ ചലനശേഷി കൈവരിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പരിശോധന സംവിധാനങ്ങള്‍ക്കാണ് ഈ ലാബ് പ്രയോജനപ്പെടുക.
"
https://www.facebook.com/Malayalivartha























