കാലടി സര്‍വകലാശാലയില്‍ വീണ്ടും അധ്യാപക നിയമനത്തിനെതിരെ പരാതി; മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനെതിരെയാണ് പരാതി

കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപക നിയമനത്തിനെതിരേ വീണ്ടും പരാതി ലഭിച്ചു. ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഭാഗത്തിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനെതിരെയാണ് പരാതി വന്നിരിക്കുന്നത്. ഉദ്യോഗാര്‍ഥിയായ സ്മിത ഡാനിയേല്‍ ഗവര്‍ണര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. യോഗ്യത ഇല്ലാത്ത വ്യക്തിയെയാണ് നിയമിച്ചതെന്ന് പരാതിക്കാരിയായ സ്മിത ചൂണ്ടിക്കാട്ടി.
മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മുസ്‌ലിം സംവരണം-1, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം-1, ധീവര വിഭാഗം-1 എന്നിങ്ങനെയായിരുന്നു ഉണ്ടായിരുന്ന ഒഴിവുകള്‍. ഇതിലേക്കുള്ള ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ചുരുക്കപ്പട്ടികയിലെ ആദ്യ മൂന്നു പേര്‍ മുസ്‌ലിം സംവരണ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ രണ്ടുപേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ധീവര വിഭാഗത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
എം.ബി. രാജേഷിന്റെ ഭാര്യ നിനിതയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത് മുസ്‌ലിം വിഭാഗത്തിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിലാണ്. ഈ വിഭാഗത്തില്‍ രണ്ടു പേരാണ് ചുരുക്കപ്പട്ടികയില്‍ ഉൾപ്പെട്ടിരുന്നത്. ഇതില്‍, തനിക്കായിരുന്നു കൂടുതല്‍ യോഗ്യതയെന്നാണ് സ്മിത ഡാനിയേല്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ നിയമനം ലഭിച്ചിരിക്കുന്ന വ്യക്തിക്ക് യോഗ്യതയില്ലെന്നും സ്മിത ചൂണ്ടിക്കാട്ടുന്നുണ്ട്.
നെറ്റ് പോലുമില്ലാത്ത ഉദ്യോഗാര്‍ഥിയാണെന്നും എം.എ. മലയാളം ഒന്നാം റാങ്ക്, പി.എച്ച്.ഡി.,നെറ്റ്, ജെ.ആര്‍.എഫ്., സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, യു.ജി.സിയുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരുന്ന തനിക്ക് നിയമനം നല്‍കാതെ വളരെ താഴ്ന്ന യോഗ്യതയുള്ള ആള്‍ക്ക് നിയമനം നല്‍കിയെന്നാണ് സ്മിതയുടെ ആരോപണം. ഗവര്‍ണര്‍ക്കും കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കുമാണ് സ്മിത പരാതി നൽകിയത്.
\
https://www.facebook.com/Malayalivartha


























