ഏത് മുന്നണി ആയാലെന്താ മത്സരിക്കുന്നത് പാലായിൽ തന്നെയല്ലേ... സീറ്റ് വിട്ടു നൽകാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ച് മാണി. സി. കാപ്പൻ

മുന്നണി ഏത് തന്നെയായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ എംഎൽഎ. മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം നാളെ പവാർ-പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും മാണി. സി. കാപ്പൻ വ്യക്തമാക്കി. ഡൽഹിയിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണി. സി. കാപ്പൻ പ്രതികരണം നടത്തിയത്.
എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെ് ഒപ്പമാണ് മാണി. സി. കാപ്പൻ ശരദ് പവാറിനെ കണ്ട് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിലെ തീരുമാനം എന്താണെന്ന് നേതാക്കൾ പുറത്ത് പറയാൻ തയ്യാറായില്ല. നാല് സീറ്റിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്നും തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകുമെന്നും ടി. പി പീതാംബരൻ പ്രതികരിച്ചിരുന്നു. അതിനിടെ എൻസിപി, എൽഡിഎഫ് വിടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് പിന്നാലെയാണ് പാലാ സീറ്റിനെ ചൊല്ലി പ്രശ്‌നങ്ങൾ ഉണ്ടായത്. ഇതാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി മാറിയത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ടി. പി പീതാംബരനും നിലപാട് അറിയിച്ചു.
https://www.facebook.com/Malayalivartha























