'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാന സിനിമയായ 'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തുകയാണ്. ഏഴ് മാസത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. സിനിമയിലെ കുറേ ഭാഗങ്ങള്‍ വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. എന്നാല്‍, യു.കെയില്‍ യാതൊരു മാറ്റങ്ങളുമില്ലാതെ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച പതിപ്പ് തന്നെയാണ് റിലീസ് ചെയ്യുക.
യു.കെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം 15+ റേറ്റിങ്ങോടെ മാറ്റമില്ലാതെ റിലീസ് ചെയ്യുമെന്ന് 'എക്‌സി'ലൂടെ അറിയിച്ചത്. 'തമിഴ്‌നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സി ജോസഫ് വിജയ്' എന്ന അഭിസംബോധനയോടെയാണ് പ്രഖ്യാപനം. 'ജൂലൈ 24 മുതല്‍ യു.കെയിലെ തീയറ്ററുകളില്‍ 'ജനനായകന്‍' അണ്‍കട്ട്് പതിപ്പായി, സംവിധായകന്‍ ഉദ്ദേശിച്ചതുപോലെ തന്നെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഒരിക്കല്‍ കൂടി ദളപതി ആഘോഷം' എന്നാണ് വിതരണക്കാര്‍ കുറിച്ചത്.
ഇന്ത്യയില്‍ കാണാനാകാത്ത യഥാര്‍ഥ പതിപ്പ് ഒടിടിയിലെത്തുമെന്ന പ്രതീക്ഷയാണ് പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതേസമയം, നിര്‍മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍ ശനിയാഴ്ച ചിത്രം 'എ' സര്‍ട്ടിഫിക്കറ്റ് നേടിയതായി സ്ഥിരീകരിച്ചു. 'തിയറ്ററുകളില്‍ ഉടന്‍ കാണാം പ്രിയപ്പെട്ടവരേ..' എന്ന കുറിപ്പോടെയായിരുന്നു പ്രഖ്യാപനം. നേരത്തേ ചിത്രത്തിന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന ഉറപ്പാണ് അധികൃതര്‍ നല്‍കിയിരുന്നതെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു 'ജനനായകന്റെ' പദ്ധതി. എന്നാല്‍, സെന്‍സര്‍ നടപടികളിലെ തര്‍ക്കം കാരണം റിലീസ് നീണ്ടു. പരിശോധനാ സമിതിയിലെ ഒരംഗം പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് കൈമാറി. കോടതിയെ സമീപിച്ചിട്ടും ആശ്വാസമൊന്നും ലഭിക്കാതെ ഒടുവില്‍ ഏഴ് മാസത്തിന് ശേഷമാണ് 'എ' സര്‍ട്ടിഫിക്കറ്റോടെ റിലീസിന് അനുമതി ലഭിച്ചത്.
https://www.facebook.com/Malayalivartha

























