ഡല്‍ഹിയില്‍ കാണണം... കൊല്ലത്തും തിരുവനന്തപുരത്തും രാഹുല്‍ ഗാന്ധി നടത്തിയ പിണറായി വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ സോണിയാ ഗാന്ധിക്ക് സി പി എം കേന്ദ്രകമ്മിറ്റിയുടെ പരാതി

എന്നെ നുള്ളി, എന്നെ പിച്ചി എന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയാ ഗാന്ധിയെ സമീപിച്ചത് സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ്. ബിജെപിക്കെതിരെ പൊരുതുന്ന സി പി എമ്മിന് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഖേദകരമായ പ്രസ്താവനയാണെന്നാണ് സീതാറാം യച്ചൂരി സോണിയാ ഗാന്ധിയെ അറിയിച്ചത്.
ഇത്തരം നീക്കങ്ങള്‍ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്നും യച്ചൂരി അറിയിച്ചു. അഖിലേന്ത്യാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലരുമായും യച്ചൂരി ആശയവിനിമയം നടത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിക്കും സോണിയക്കും മറ്റ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ പ്രതിഷേധം സംഘടിപ്പിക്കാനും ജനമധ്യത്തില്‍ താറടിക്കാനും സി പി എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. മത്സ്യ തൊഴിലാളികള്‍ക്കൊത്ത് കൊല്ലത്ത് നടത്തിയത് രാഹുല്‍ ഗാന്ധിയുടെ നാടകമാണെന്നും സി പി എം പ്രചരിപ്പിക്കും.
ഒരു യൂട്യൂബ് ചാനലിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി കൊല്ലത്ത് പോയതെന്നും സി പി എം ജനകീയ വിചാരണ നടത്തും. ഇത്തരം നാടകങ്ങള്‍ കേരളത്തില്‍ ചെലവാകില്ലെന്ന കൃത്യമായ മുന്നറിയിപ്പാണ് സി പി എം കോണ്‍ഗ്രസ്സിന് നല്‍കിയത്.
മുഖ്യമന്ത്രിയും സി പി എം സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറിയും രാഹുലിനെതിരെ രംഗത്തെത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കിയിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാന്‍ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാന്‍ തീരുമാനിച്ചെങ്കിലും അത് വേണ്ടെന്ന മുന്നറിയിപ്പാണ് ദേശീയ നേതൃത്വം നല്‍കിയത്. സി പി എമ്മിനെ ഒരു കാരണവശാലും പ്രകോപിപ്പികരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
രാഹുല്‍ ഗാന്ധി ആദ്യമായിട്ടാണ് പിണറായിക്കെതിരെ രംഗത്തെത്തിയത്. അതിരൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. ബി ജെ പിയും സി പി എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതാണ് സി പി എമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചത്.
ദേശീയ നേതൃത്വത്തില്‍ സി പി എമ്മിന്റെ നിലപാട് കോണ്‍ഗ്രസിനറിയാം എന്നാണ് സി പി എം പറയുന്നത്. എന്നിട്ടും തങ്ങളെ മോശപ്പെടുത്തിയെന്നാണ് സി പി എമ്മിന്റെ പരാതി. എന്നാല്‍ ബി ജെ പിക്കെതിരെ പിണറായി തിരുവനന്തപുരത്തും സംസാരിച്ചില്ല.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ആവര്‍ത്തിച്ചു. ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
രാജ്യത്ത് കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ചില സ്ഥലങ്ങളിലേക്ക് പോകാന്‍ രാഹുല്‍ മടി കാണിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ കോണ്‍ഗ്രസിന് ഭയമാണെന്ന് വരുത്തി തീര്‍ക്കാനാണ് സി പി എം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് ഭയമുള്ളതു കൊണ്ടാണ് മോദിയെ എതിര്‍ക്കാത്തതെന്ന് സി പി എം വ്യാപക പ്രചരണം നടത്തും.
ബിജെപിയെ നേരിടാന്‍ മടി കാണിക്കുന്ന രാഹുലിന് എല്‍ഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്. ആരെ സഹായിക്കാനാണ് ഈ സമീപനം. കോണ്‍ഗ്രസ് അതുകൊണ്ട് രക്ഷപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ രക്ഷപ്പെടുന്നത് ഇവിടെയുള്ള എല്‍ഡിഎഫിന്റെ ശക്തികൊണ്ടാണ്. ബിജെപിക്ക് പ്രതിരോധം തീര്‍ക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫുണ്ട്. നാടിനും ജനങ്ങള്‍ക്കും അതറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി ബന്ധം പിടിക്കപ്പെട്ടതിലുള്ള ജാള്യതയാണ് പിണറായിക്കുള്ളതെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ അതൊന്നും തുറന്നു പറയാനുള്ള ധൈര്യം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കില്ല.
https://www.facebook.com/Malayalivartha