പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്നതിനിടെ, കോൺഗ്രസിനെതിരെ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി: സ്വർണക്കൊള്ളയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണം ഉയർത്തി കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തന്ത്രം...

ശബരിമല സ്വർണക്കൊള്ളക്കേസിൽ പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്നതിനിടെ, കോൺഗ്രസിനെതിരെ കടുത്ത രാഷ്ട്രീയ നീക്കത്തിനൊരുങ്ങുകയാണ് ബിജെപി. സ്വർണക്കൊള്ളയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണം ഉയർത്തി കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ തന്ത്രം.
ഈ നീക്കം എങ്ങനെയെല്ലാം നടപ്പാക്കാമെന്നതടക്കമുള്ള കാര്യങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ബിജെപി കോർ കമ്മിറ്റിയോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനത്തിനൊപ്പം തന്നെ, ശബരിമല സ്വർണക്കൊള്ള കേസ് മുന്നിൽ വെച്ച് പ്രതിപക്ഷത്തിനെതിരെ ആക്രമണം ശക്തമാക്കാനുള്ള രാഷ്ട്രീയ രൂപരേഖയും യോഗത്തിൽ രൂപപ്പെടുത്തുമെന്ന് സൂചനയുണ്ട്.
ശബരിമലക്കേസിൽ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയെ കണ്ടതടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പടയൊരുക്കം. സ്വർണക്കൊള്ളയിൽ കോൺഗ്രസ്ബന്ധം ആരോപിച്ച് മുൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലൂടെ പോരിന് തുടക്കമിട്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha























