തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധം ; സംസ്ഥാനം മുഴുവൻ സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുവാൻ തീരുമാനം

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിഷേധ നടപടികൾ ശ്രദ്ധേയമാകുന്നു. തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരിക്കുകയാണ് പെണ്‍കുട്ടികളുടെ അമ്മ . കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്ന ആരോപണം ഉയർത്തിയിരുന്നു. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരം നടന്നത് . വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ഡിഎച്ച്‌ആര്‍എം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തകയും കവയിത്രിയുമായ ബിന്ദു കമലന്‍ എന്നിവരും തല മുണ്ഡനം ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി പാലക്കാട് എം. പി രമ്യ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും ഉണ്ട് .
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്നേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സത്യഗ്രഹ സമരത്തിനായിരുന്നു തുടക്കമിട്ടത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് തുടര്‍ സമരത്തിനൊരുങ്ങുന്നത് . സംസ്ഥാനം മുഴുവൻ സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. സ്ത്രീ സുരക്ഷ എവിടെയെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതിക്കരിച്ചു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ പറഞ്ഞു.
2017-ലായിരുന്നു സംഭവം നടന്നത്. പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയെ ജനുവരി 13-ന് മരിച്ചനിലയില്‍ കണ്ടെത്തി. ഇതേവര്‍ഷം മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുള്ള ഇളയസഹോദരിയെയും അട്ടപ്പള്ളത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇളയകുട്ടിയും മരിച്ചതോടെയാണ് സംഭവം ദുരൂഹതയിലേക്ക് കടന്നത് . തുടക്കം മുതല്‍തന്നെ വിവാദമായകേസില്‍ പ്രതികള്‍ക്ക് രാഷ്ട്രീയബന്ധമുള്‍പ്പെടെ ആരോപിക്കപ്പെട്ടിരുന്നു.
അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കാണിച്ച് 2019-ല്‍ കോടതി പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന്, പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. പ്രോസിക്യൂഷന്റെ വീഴ്ച വിവാദമായതോടെ സര്‍ക്കാരും അപ്പീല്‍ നല്‍കി. തുടര്‍ന്ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനര്‍വിചാരണയ്ക്ക് പാലക്കാട് പോക്‌സോ കോടതിയിലേക്ക് വിടുകയുംചെയ്തു.
https://www.facebook.com/Malayalivartha