ഇടനിലക്കാരന്റെ സ്ഥാനത്ത് നിന്ന് വൻ കമ്മിഷനടി... കെൽട്രോണിനെ പൊലീസ് കരാറുകളിൽ നിന്നു പുറത്താക്കി... പൊലീസ് ഓഡിറ്റിൽ നിന്നാണ് കെൽട്രോൺ പുറത്തായത്... തിരിമറി നടത്തിയത് കോടികൾ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ നൂറുകണക്കിന് പൊല്ലാപ്പുകളിലും പുലിവാലിലും കുടുങ്ങിയിരിക്കുകയാണ് നമ്മുടെ സർക്കാർ. ഇഎംസിസിയും പിൻവാതിൽ നിയമനവും കത്തികയറുമ്പോൾ അതിനിടയിൽ അടുത്ത കുരിശായി മാറിയിരിക്കുകയാണ് കെൽട്രോൺ.
ഇടനിലക്കാരുടെ വേഷത്തിൽ നിന്നു വൻ കമ്മിഷനടിക്കുന്നു എന്ന ആരോപണത്തിൽ കെൽട്രോണിനെ പൊലീസ് കരാറുകളിൽ നിന്നു പുറത്താക്കി. ഇതുവരെ ടെൻഡർ ഇല്ലെങ്കിലും കെൽട്രോണിന് കരാറുകൾ ലഭിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇനി ടെൻഡർ ഇല്ലാതെ കെൽട്രോണിനു കരാർ നൽകേണ്ടതില്ലെന്നും സർക്കാർ ഉത്തരവിട്ടു.
ടെൻഡർ ഇല്ലാതെ വേണ്ടപ്പെട്ട കമ്പനികൾക്കു കരാർ നൽകുന്ന കെൽട്രോണിന്റെ സ്ഥിരം ഇടപാടാണ് ഇതോടെ പരിസമാപ്തി കണ്ടത്. ഇനി മുതൽ പൊലീസുമായി ബന്ധപ്പെട്ട എല്ലാ ടെൻഡറും പൊലീസിന് നേരിട്ടു വിളിക്കാൻ സാധിക്കും. കെൽട്രോണിന് സ്വന്തമായി വികസിപ്പിച്ച ഉൽപന്നം ഉണ്ടെങ്കിൽ മാത്രം ആ ടെൻഡറിൽ പങ്കെടുക്കാമെന്നും സർക്കാർ അറിയിച്ചു.
കേരള പൊലീസിന്റെ ഇന്റലിജൻസ് ഡേറ്റ ശേഖരിച്ചു സൂക്ഷിക്കാൻ കെൽട്രോൺ ഏർപ്പാടാക്കിയ സോഫ്റ്റ്‌വെയർ കമ്പനിയാണു കെൽട്രോണിനു എട്ടിന്റെ പണി കൊടുത്തത്.
നാലര വർഷമായി ഈ സോഫ്റ്റ്‌വെയറിലാണ് അതീവ സുരക്ഷ സംബന്ധിക്കുന്ന ഇന്റലിജൻസ് വിവരം ശേഖരിച്ചു വച്ചിരുന്നത്. എന്നാൽ കെൽട്രോൺ ടെൻഡർ വിളിക്കാതെയാണു പുറമെയുള്ള ഈ കമ്പനിയെ ഏർപ്പാടാക്കിയത്.
ഇതിലും നല്ല സോഫ്റ്റ്‌വെയർ ഡേറ്റ സൂക്ഷിക്കാൻ ലഭ്യമാണെന്നും അതിനാൽ ഈ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ശക്തമായി. തുടർന്ന് ഇടപാടിനെ കുറിച്ച് വിശദമായ ഓഡിറ്റ് നടത്തി.
ഓഡിറ്റ് റിപ്പോർട്ടിൽ ടെൻഡർ ഇല്ലാതെ കെൽട്രോണിനു മേലിൽ കരാർ നൽകാൻ പാടില്ലെന്നു ശുപാർശ ചെയ്തു. മാത്രമല്ല, പൊലീസിനെ സംബന്ധിക്കുന്ന എല്ലാ ടെൻഡറും പൊലീസിനു നേരിട്ടു വിളിക്കാൻ അനുമതി നൽകണമെന്നും നിർദേശം ഉണ്ടായി.
അതിന്റെ അടിസ്ഥാനത്തിലാണു കെൽട്രോണിന്റെ കള്ളക്കച്ചവടം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിട്ടത്. ഇനി പിൻവാതിലിലൂടെ വേണ്ടപ്പെട്ട കമ്പനികൾക്കു കരാർ ഏൽപ്പിക്കാൻ കെൽട്രോണിനു സാധിക്കില്ല.
എന്നാൽ പുതിയ സോഫ്റ്റ്‌വെയർ അടുത്ത സാമ്പത്തിക വർഷം മാത്രമേ വാങ്ങുകയുള്ളൂ എന്നും അതിനായി ഒരു കോടി രൂപ മാത്രമാണു പ്രാഥമികമായി വകയിരുത്തിയിട്ടുള്ളതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം സർക്കാർ അംഗീകരിച്ചാൽ മാത്രമേ പുതിയ സോഫ്റ്റ്‌വെയർ വാങ്ങൂ.
അതുവരെ ഇപ്പോഴത്തെ സോഫ്റ്റ്‌വെയർ ആയിരിക്കും ഉപയോഗിക്കുക. പൊലീസിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പൊലീസ് നേരിട്ടു ടെൻഡർ വിളിച്ചു കരാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹിയിലെ സ്റ്റാർടപ് കമ്പനിയുടെ സോഫ്റ്റ് വെയറാണു വാങ്ങുന്നതെന്നാണു പൊലീസ് ഉന്നതർ പറയുന്നത്. എന്നാൽ ഒരു അമേരിക്കൻ കമ്പനിയുടെ സോഫ്റ്റ്‌വെയറിന്റെ ഗുണനിലവാര പരിശോധനയാണ് അതീവ രഹസ്യമായി ഇന്റലിജൻസ് ആസ്ഥാനത്ത് നടന്നത്.
കെൽട്രോണിനെ മറയാക്കി കോടികളുടെ പിൻവാതിൽ കരാറുകളാണ് ഇഷ്ടപ്പെട്ട കമ്പനികൾക്ക് ഉദ്യോഗസ്ഥ സംഘം വർഷങ്ങളായി നൽകിയിരുന്നത്. ഏതു കരാറും ടെൻഡറില്ലാതെ കെൽട്രോണിനെ ഏൽപിക്കാമെന്നാണ് സർക്കാരിന്റെ ഉത്തരവ്.
സ്വന്തമായി ഉൽപന്നം ഇല്ലെങ്കിൽ പോലും കെൽട്രോൺ അതിൽ ചാടി വീഴും. ഏതെങ്കിലും ഉന്നതനു വേണ്ടപ്പെട്ട കമ്പനിയെ വിളിച്ചു കരാറും നൽകും. തുകയുടെ 12.5%മാണ് കെൽട്രോൺ കമ്മിഷനായി വാങ്ങുന്നത്. ഇത് കെൽട്രോണിന്റെ ലാഭമായി ഔദ്യോഗിക രേഖകളിലും കാണാം.
കമ്പനി ആവശ്യപ്പെടുന്ന തുകയ്ക്കാണു കെൽട്രോൺ കരാർ ഏർപ്പാടാക്കുന്നത്. അതിനാൽ അവർക്കു വൻ ലാഭം ഉറപ്പായും ലഭിക്കും. അതിന്റെ ഒരു വിഹിതം ഉന്നത ഉദ്യോഗസ്ഥ സംഘത്തിനു രഹസ്യമായി ലഭിക്കുന്നതായാണു ലഭിച്ച വിവരം. കെൽട്രോണിനെ ഈ ഇടപാടിൽ നിന്നു പുറത്താക്കുന്നതോടെ ഇത്തരം ഒത്തുകളികളും അവസാനിക്കും എന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha