ഇ.ശ്രീധരന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു; സ്ഥാനമൊഴിഞ്ഞത് രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ സ്ഥാപനത്തിൽ നിന്നും; രാജി അംഗീകരിച്ച് ഡിഎംആര്‍സി

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇ.ശ്രീധരന്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുമെന്നു നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു.
15 മുതല്‍ പദവി വഹിക്കില്ലെന്നു കാണിച്ചുള്ള ശ്രീധരന്റെ രാജിക്കത്ത് ഡിഎംആര്‍സി അംഗീകരിച്ചു. 1997ല്‍ ഡിഎംആര്‍സിയില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശ്രീധരന്‍, 2012 ജനുവരി മുതല്‍ മുഖ്യ ഉപദേഷ്ടാവ് എന്ന ചുമതല വഹിക്കുകയായിരുന്നു.
രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മ്മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ മെട്രോമാനായി മാറിയത്. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇ ശ്രീധരന്‍ ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കിയത്.
സംസ്ഥാനത്ത് വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഒമ്ബത് വര്‍ഷം പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് ബിജെപിയിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് ഇ ശ്രീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
കുറച്ചുകാലമായി മനസില്‍ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ മതി. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും. കെ. സുരേന്ദ്രന്‍ ഇങ്ങോട്ട് വന്ന് പാര്‍ട്ടിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടതാണ്. ബിജെപിയുടെ പ്രകടന പത്രികയിലേക്ക് പല നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കേരള സര്‍ക്കാരിനെ കൊണ്ടും ഒന്നും സാധിക്കുന്നില്ല. എപ്പോഴും കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടുന്നതുകൊണ്ടാണ് ഇവിടെ കാര്യങ്ങളൊന്നും നടക്കാത്തത്. കേന്ദ്ര സര്‍ക്കാരിനോട് യോജിച്ചാണ് പോകേണ്ടത്. അത് ഇപ്പോള്‍ ബിജെപിക്കേ സാധിക്കൂ. കേരളത്തിന്റെ വികസനമല്ല മുന്നണികള്‍ നോക്കുന്നത്. പാര്‍ട്ടിയുടെ താല്‍പര്യമാണ് നോക്കുന്നത്. രാഷ്ട്രീയം പറയുക അല്ല. അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.
താന്‍ വരുന്നതോടെ ബിജെപിയുടെ ഇമേജ് മാറും. സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ വരണം. ആളുകള്‍ക്ക് ജോലി വേണം. പുറമേ നിന്ന് ആളു വന്ന് പണിയെടുക്കുന്ന സാഹചര്യം മാറണം. 20 കൊല്ലമായി ഒരു വ്യവസായവും കേരളത്തില്‍ വന്നിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























