പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തി കസ്റ്റഡിയില്‍ തുടരും. രാഹുലിന്‍റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായിട്ടില്ല. ലാപ്ടോപ് എവിടെയെന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. വാങ്ങാൻ ഉദ്ദേശിച്ച ഫ്ലാറ്റിൻ്റെ ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. ഇന്ന് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ കോടതി 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രാഹുലിന്‍റെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും.
യുവതിയുടെ പരാതിയിൽ പറയുന്ന ഹോട്ടലിലും പാലക്കാടും എത്തിച്ച് തെളിവെടുക്കുന്നതിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അറസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുൽ പ്രതികരിച്ചില്ല. പ്രതിയെ എത്തിച്ച തിരുവല്ല കോടതിയിൽ അടക്കം യുവജന സംഘടനകളുടെ പ്രതിഷേധം ഇരമ്പി. റിമാൻഡിൽ കഴിഞ്ഞ മാവേലിക്കര സബ്ജയിലിൽ നിന്ന് രാവിലെ 10 മണിയോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായുള്ള പൊലീസ് വാഹനം പുറപ്പെട്ടു. ജയിലിൻ്റെ കവാടം മുതൽ പ്രതിക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് കനത്ത പൊലീസ് വലയത്തിലായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയും മജിസ്ട്രേറ്റ് കോടതിയും. വൈദ്യ പരിശോനയ്ക്ക് എത്തിച്ച രാഹുലിന് നേരെ ഡിവൈഎഫ്ഐ യുവമോർച്ച പ്രവർത്തകർ പാഞ്ഞടുത്തു.
തിരുവല്ല കോടതിക്ക് മുന്നിൽ രാഹുലിന് നൽകാൻ ട്രോഫിയുമായിട്ടാണ് യുവമോർച്ച പ്രവര്‍ത്തകര്‍ കാത്തുനിന്നത്. രോഷത്തിനൊപ്പം ഉയരുന്ന പ്ലക്കാർഡുകളും ഉണ്ടായിരുന്നു. ആദ്യ കേസിലെ അതിജീവിത സമൂഹ മാധ്യമത്തിൽ കുറിച്ച love you to Moon and back ബാനറുമായി ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് രാഹുലുമായി മുന്നോട്ട് പോയത്.
3 ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. തന്നെ കൊണ്ടു നടന്ന് പ്രദർശിപ്പിക്കാനാണ് ശ്രമമെന്നും കസ്റ്റഡിയിൽ നൽകരുതെന്നും രാഹുൽ അവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 15 ആം തീയതി വൈകിട്ട് വരെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി എസ്ഐടി സംഘം പോകുന്നതിനിടെ പ്രതിഷേധക്കാർ രാഹുലിന് നേരെ മുട്ടെയറിഞ്ഞു. രാഹുൽ ഒന്നും പ്രതികരിച്ചില്ല.
പത്തനംതിട്ട എ.ആർ.ക്യാമ്പിൽ രാഹുലിനെ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. ബലാത്സംഗം നടന്നുവെന്ന് പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ അടക്കം രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ചില ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 3 ദിവസത്തെ കസ്റ്റഡിലൂടെ മറഞ്ഞിരിക്കുന്ന ഉത്തരങ്ങൾ പുറത്തു വരുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടൽ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് കോൺഗ്രസ് വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് അധിക്ഷേപിച്ചത്. സംഭവത്തിൽ അതിജീവിത ഡിജിപിക്ക് പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചു.
ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്‍റെ കൂടുതൽ തെളിവുകള്‍ പുറത്ത്. അതിജീവിത എന്തുചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി. ‘നീ ചെയ്യുന്നത് ഞാൻ താങ്ങും, എന്നാല്‍ നീ താങ്ങില്ല’ – എന്നും രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തി. നാട്ടിലേക്ക് വന്നാൽ ആളുകളുമായി താൻ അതിജീവിതയുടെ വീട്ടിൽ വരുമെന്നും രാഹുൽ അയച്ച ഭീഷണി സന്ദേശത്തിൽ പറയുന്നു. ടെലഗ്രാമില്‍ നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
‘‘ആരെയാണ് നീ പേടിപ്പിക്കുന്നത്. പ്രസ് മീറ്റ് നടത്താന്‍ വെല്ലുവിളിക്കുകയാണ്. എനിക്കും എന്‍റെ കുടുംബത്തിനും ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഇങ്ങോട്ട് തന്ന ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും അതേ നാണയത്തില്‍ തിരിച്ചുകൊടുക്കും. പേടിപ്പിക്കാന്‍ നീ എന്നല്ല, ഈ ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. പേടിക്കാന്‍ ഉദ്ദേശ്യമില്ല. ഞാന്‍ മാത്രം മോശവും ബാക്കിയുള്ളവര്‍ പുണ്യാളത്തികളും ആയിട്ട് ഉള്ള ഒരു പരിപാടിയും ഇനി നടക്കില്ല. ഈ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുന്‍പ് വരെയൊക്കെ നടത്തിയെങ്കില്‍ അല്‍പം എങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഇപ്പോ എല്ലാത്തിന്‍റെയും എക്സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഇത് ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നുമല്ല, അത് നിന്റെ തോന്നലാണ്. നീ എല്ലാം ചെയ്തിട്ടു വാ. എന്നിട്ട് പിന്നെ നന്നായി ജീവിക്കെന്നേ...’’ – രാഹുൽ അയച്ച ഭീഷണിസന്ദേശത്തിൽ പറയുന്നു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യങ്ങളെല്ലാം അതിജീവിത രാഹുലിനോട് പറയുന്നതായി ചാറ്റില്‍ കാണാം. ‘‘ഈ സസ്പെൻഷൻ എങ്ങനെയെങ്കിലും പിൻവലിപ്പിച്ച് പാർട്ടിയിൽ തിരിച്ചു വന്ന് നിന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമമുണ്ടല്ലോ അത് കാണാം, അതൊന്നും അനുവദിക്കില്ല, ഞങ്ങളുടെയൊക്കെ ജീവിതം നശിപ്പിച്ച് നീ നിന്റെ ഇമേജ് തിരിച്ചുപിടിച്ച് പൊളിറ്റിക്കൽ കരിയർ തിരിച്ചുപിടിക്കാനുള്ള ശ്രമം ഞങ്ങൾ അനുവദിക്കില്ല’’ – അതിജീവിത നൽകിയ മറുപടിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ നീക്കങ്ങൾ നടത്തുന്നതിനിടെ. കോൺഗ്രസ് സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് അടുപ്പമുള്ളവരോടു രാഹുൽ പറഞ്ഞിരുന്നു.
പാർട്ടി പുറത്താക്കിയപ്പോഴും പാലക്കാട്ടെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും നഗരസഭയിലെ ഏതാനും കൗൺസിലർമാരും എംഎൽഎ ഓഫിസിലും പൊതുചടങ്ങുകളിലും ഒപ്പം നിന്നതു പിന്തുണയായി രാഹുൽ കണക്കാക്കി. അതേസമയം, പാർട്ടി നടപടി പിൻവലിക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായി മാത്രമാണ് മത്സരഭീഷണിയെ മുതിർന്ന നേതാക്കൾ കണ്ടത്. എന്നാൽ, അറസ്റ്റോടെ അത്തരം ചർച്ചകൾക്കെല്ലാം തൽക്കാലം വിരാമമായി.
ഉപതിരഞ്ഞെടുപ്പു സമയത്ത് നീലപ്പെട്ടിയിൽ കോൺഗ്രസുകാർ സ്വർണം കടത്തിയെന്ന് ആരോപിച്ച് പൊലീസ് പരിശോധന നടന്ന കെപിഎം റീജൻസി ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. അന്നു പൊലീസിനുണ്ടായ നാണക്കേട് ഒഴിവാക്കാൻ ജാഗ്രതയോടെ നീങ്ങണമെന്ന നിർദേശമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു പച്ചക്കൊടി ലഭിച്ചതോടെ ടീം സജ്ജമായി. മുൻകൂർ അനുമതി വേണ്ടെന്നും അറസ്റ്റ് ചെയ്ത ഉടൻതന്നെ സ്പീക്കറെയും നിയമസഭാ സെക്രട്ടേറിയറ്റിനെയും വിവരം ഇ–മെയിൽ ചെയ്ത് അറിയിക്കണമെന്നും നിർദേശം ലഭിച്ചു. ഇതുപ്രകാരം കത്തുകൾ ഡ്രാഫ്റ്റ് ചെയ്‌തുവച്ചു.
രാഹുൽ കഴിഞ്ഞ രണ്ടു ദിവസമായി പോകുന്ന സ്ഥലത്തൊക്കെ പൊലീസ് പിന്തുടർന്നിരുന്നു. സ്പെഷൽ ടീമിനെ സഹായിക്കുന്നതിനായി ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരനെ നിയോഗിച്ചത് സംഭവം നടക്കുന്നതിന് അൽപനേരം മുൻപു മാത്രമാണ്. രാത്രി 10നുതന്നെ സംഘം ഹോട്ടലിനു സമീപം തയാറായി നിന്നു. പക്ഷേ, രാഹുലിനൊപ്പമുള്ളവർ ഭക്ഷണം കഴിച്ച് പിരിയാൻ 12 മണി കഴിഞ്ഞു. 12.15നു സംഘം ഹോട്ടലിലെത്തി. 2002 നമ്പർ മുറിയിൽ ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന രാഹുൽ പരാതിയെക്കുറിച്ചു പറഞ്ഞപ്പോൾ നിഷേധിച്ചു. അഭിഭാഷകനെ ബന്ധപ്പെടണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ല. തുടർന്ന് പൊലീസിനൊപ്പം പോകാൻ രാഹുൽ തയാറായി. ആകെ എടുത്ത സമയം 15 മിനിറ്റ് മാത്രം.
ആദ്യമുയർന്ന രണ്ട് പീഡന പരാതികളിലും ഒളിവിലിരുന്ന് മുൻകൂർ ജാമ്യം നേടിയെങ്കിൽ മൂന്നാം പരാതിയിൽ അതിന് അവസരം നൽകാതെയായിരുന്നു പൊലീസ് നീക്കം. പാലക്കാട്ടുനിന്നു കസ്റ്റഡിയിലെടുത്ത രാഹുലുമായി പത്തനംതിട്ടയിലെ എആർ ക്യാംപിൽ എത്തിയ ശേഷമാണ് പത്തനംതിട്ട ജില്ലയിലെ പൊലീസ് പോലും വിവരം അറിയുന്നത്. അതിജീവിതയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തി ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ചാണ് എസ്ഐടി രാഹുലിനെ ചോദ്യം ചെയ്തത്. മൂന്നാം പരാതിയുടെ വിവരങ്ങൾ പുറത്തായാൽ രാഹുൽ വീണ്ടും ഒളിവിൽ പോകുമോ എന്നതും അന്വേഷണസംഘം കണക്കിലെടുത്തിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യുന്ന വിവരം അറിഞ്ഞത് പാലക്കാട് ജില്ലയിലെ പൊലീസിൽ രണ്ടു പേർ മാത്രം. ജില്ലാ പൊലീസ് മേധാവി അജിത്കുമാറും ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരനും. മുരളീധരനെ, രാഹുലിനെതിരെയുള്ള പീഡന പരാതികൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. രാഹുലിനെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖയിൽ ഒപ്പിട്ടതും എൻ.മുരളീധരനാണ്. പീഡന പരാതി അന്വേഷിക്കുന്ന എസ്ഐടി മേധാവി ജി.പൂങ്കുഴലി പാലക്കാട് എഎസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്നു പാലക്കാട്ട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്നു എൻ.മുരളീധരൻ.
സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഗർഭിണിയായപ്പോൾ അവഗണിച്ചു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയ ബന്ധങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് ഭീഷണി തുടർന്നു. രാഹുലിനെതിരെ പരാതി നൽകിയവർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ പറയുന്നു.
∙ പരാതിയിലെ പ്രധാന ഭാഗങ്ങൾ ഇതാണ്
‘‘വിവാഹം കഴിക്കാമെന്ന് രാഹുൽ നിരന്തരം വാഗ്ദാനം ചെയ്തിരുന്നു. 2024 ഏപ്രിൽ എട്ടിന് എന്നെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. മുറി ബുക്ക് ചെയ്യുന്നത് എന്തിനാണെന്നും റസ്റ്ററന്റിൽ ഇരുന്നു സംസാരിച്ചാൽ മതിയല്ലോ എന്നും ഞാൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്നും ആളുകൾ തിരിച്ചറിഞ്ഞ് സെൽഫി എടുക്കാൻ വരുമെന്നും രാഹുൽ പറഞ്ഞു. ഞാൻ മുറി ബുക്ക് ചെയ്തു. ഒറ്റയ്ക്കാണോ എന്ന് ഹോട്ടൽ ജീവനക്കാർ ചോദിച്ചപ്പോൾ കൂടെ ഒരാൾ ഉണ്ടെന്നു പറഞ്ഞു. ഹോട്ടലുകാർ നൽകിയ ഫോമിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്നെഴുതാതെ രാഹുൽ ബി.ആർ. എന്നെഴുതി. ഞാൻ ഐഡി കാർഡ് കൊടുത്തു. രാഹുലിന്റെ ഐഡി കാർഡും അവർ ചോദിച്ചു. ആളു വന്നിട്ടു കൊടുക്കാമെന്നു അവരോട് പറഞ്ഞശേഷം റൂമിൽ ചെന്ന് കാത്തിരുന്നു. രാഹുൽ എത്തിയപ്പോൾ റിസപ്ഷനിൽ ഐഡി കാർഡ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞു. നീ മണ്ടിയാണോ എന്നും, എന്റെ പേര് കൊടുത്താൽ ആളുകൾ ശ്രദ്ധിക്കില്ലേ എന്നും പറഞ്ഞു’’.
‘‘രാഹുൽ വന്നാൽ മുറിക്കു പുറത്തു പോയി സംസാരിക്കാമെന്നാണ് കരുതിയിരുന്നത്. രാഹുലിനെ ആദ്യമായാണ് കാണുന്നത്. മുറിയിലേക്ക് വന്നയുടനെ രാഹുൽ അടുത്ത് വന്നിരുന്ന് എന്നെ വട്ടംപിടിച്ചു. എന്റെ മുഖത്തുപോലും നോക്കിയില്ല. കിടക്കയിലേക്ക് തള്ളിയിട്ടശേഷം ക്രൂരമായി പീഡിപ്പിച്ചു. തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് അടിച്ചു, തുപ്പി. ഞാൻ കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഉപദ്രവിച്ചശേഷം അയാൾ വേഗം മുറിവിട്ടു പോയി. ഞാൻ എങ്ങനെയാണ് ബസ് കയറി വീട്ടിലെത്തിയത് എന്ന് അറിയില്ല. രാഹുൽ വീണ്ടും മൊബൈലിൽ സന്ദേശം അയയ്ക്കുന്നത് തുടർന്നു. ചെരുപ്പ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്റെ അനുജത്തിയുടെ കല്യാണം വരികയാണെന്നും അയാൾക്ക് വലിയ ബന്ധങ്ങളുണ്ടെന്നും ഓർമിപ്പിച്ചു. ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി’’.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിലെ അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് നോട്ടിസ് അയച്ച് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി നോട്ടിസ് അയച്ചത്. ഈ മാസം 19 ന് രാഹുല്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം. ഇതിന്‍മേല്‍ കോടതി വാദം പരിഗണിച്ച ശേഷമാകും ഉത്തരവ് ഉണ്ടാകുക.
കേസില്‍ അറസ്റ്റ് ചെയ്ത് 16 ദിവസത്തിനു ശേഷം ഡിസംബര്‍ 15 നാണ് ജില്ലാ കോടതി രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ വീണ്ടും വിഡിയോയിലൂടെ അതിജീവിതയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നും ഭയപ്പെടുത്തുന്നതിനു തുല്യമാണിതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയിൽ നല്‍കി പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലൻസ് കോടതിയിലാണ് വാജിവാഹനം നൽകിയിരിക്കുന്നത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്. നിര്‍ണായകമായ ഒരു നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്‍കാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് ഇന്ന് കോടതി അനുമതി നല്‍കി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിട്ടുണ്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസ്സറിൽ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റിയിട്ടുണ്ട്. മുൻ ദേവസ്വം പ്രസിഡൻറ് എ.പത്മകുമാറിൻെറ റിമാൻഡ് കാലാവധിയും നീട്ടി. ഈ മാസം 27വരെയാണ് റിമാന്‍ഡ് നീട്ടിയത്.
"https://www.facebook.com/Malayalivartha
























