ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ളവർ മലയാളികള്‍, ഈ കഴിവിനെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു; കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും എതിരെ മെട്രോ മാൻ

മലയാളികൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ളവരാണെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. മലയാളികളുടെ ഈ തുല്യമായ മാനവശേഷി നമ്മുടെ സംസ്ഥാനത്തിനു ഗുണകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലല്ലോയെന്ന കാര്യം തന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ടെന്ന് മെട്രോമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാറി മാറി വന്ന സര്‍ക്കാറുകള്‍ ഇത്രകാലവും ഈ ഒരു അടിസ്ഥാന പ്രശ്നത്തെ സംബോധന ചെയ്തില്ല എന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോമാൻ ഇ ശ്രീധരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
"ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ളവരാണ് മലയാളികള്‍. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും തൊട്ട് മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും അമേരിക്കയിലും വരെ അതിവൈദഗ്ധ്യം ആവശ്യമുള്ള സര്‍വ്വ മേഖലകളിലും മലയാളികളുണ്ട്. നീല്‍ ആംസ്റ്റ്രോങ്ങ് ചന്ദ്രനിലിറങ്ങിയപ്പോള്‍ അവിടെ ഒരു മലയാളിയുടെ ചായക്കടകണ്ടു എന്ന കഥ പോലെ സംരംഭങ്ങളുടെ രംഗത്തും കേരളത്തിനു വെളിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് മലയാളികളുണ്ട്.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ ഏറ്റവും ചിന്തിപ്പിക്കുന്ന ഒരു ഘടകമാണ് അതുല്യമായ ഈ മാനവശേഷി നമ്മുടെ സംസ്ഥാനത്തിനു ഗുണകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലല്ലൊ എന്നത്. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവുമുള്ള നമ്മുടെ യുവതീ യുവാക്കള്‍ക്ക് കുടുംബം പുലര്‍ത്താന്‍ അന്യ സംസ്ഥാനങ്ങളിലേക്കൊ രാജ്യങ്ങളിലേക്കൊ പോകാതെ നിവൃത്തിയില്ലാതായിരിക്കുന്നു.
മാറി മാറി വന്ന സര്‍ക്കാറുകള്‍ ഇത്രകാലവും ഈ ഒരു അടിസ്ഥാന പ്രശ്നത്തെ സംബോധന ചെയ്തില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ പ്രശ്നം ഏറ്റവും ഫലവത്തായി പാലക്കാടിനും കേരളത്തിനു തന്നെ മുഴുവനായും ഗുണകരമായി പരിഹരിക്കാന്‍ സാധിക്കണം.
ഒരു നാടിന്റെ വികസനത്തിനു ഏറ്റവും ആവശ്യം ദിശാബോധമുള്ള ഭരണകര്‍ത്താക്കളാണല്ലൊ. കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയാകുന്നതും ഈ ഒരൊറ്റ കാര്യമാണ്. നമ്മുടെ ദേശീയ പാതകളിലൂടെ യാത്ര ചെയ്‌ത് നോക്കണം, അല്ലെങ്കില്‍ ഒരു വ്യവസായസംരംഭം തുടങ്ങാന്‍ അനുമതിക്കായി ഒരു സര്‍ക്കാര്‍ ഓഫീസിലേക്കൊന്ന് പോകണം. നമ്മുടെ ഇന്‍ഫ്രാസ്റ്റ്രക്ചറും വ്യവസായ സൗഹൃദത്വവും വളരെ പിന്നിലാണ് എന്ന് വ്യക്തമാകും.
സിംഗപ്പൂരിനെ പോലൊരു രാജ്യത്തിന്റെ വളര്‍ച്ച നോക്കിയാല്‍ നമുക്കുള്ള പല സൗകര്യങ്ങളും അവര്‍ക്ക് ഉണ്ടായിരുന്നില്ല. വിദ്ധ്യാഭ്യാസത്തിലും തൊഴില്‍ നൈപുണ്യത്തിലുമൊക്കെ അവര്‍ പിന്നിലായിരുന്നു. എന്നാല്‍ മികച്ച റൊഡുകള്‍, പാലങ്ങള്‍, ഓടകള്‍, ജലവിതരണ സംവിധാനം ഇവയൊക്കെ അവര്‍ ഒരുക്കി. നിക്ഷേപകര്‍ക്കും വ്യവസായങ്ങള്‍ക്കുമായി അവര്‍ വാതില്‍ തുറന്നിട്ടു. പിന്നെ നാം കണ്ടത് ചരിത്രമാണ്.
പാലക്കാടിന്റെയും കേരളത്തിന്റെയും വികസനത്തിനും സമാന കാര്യങ്ങള്‍ ചെയ്യാനുള്ള അനുഭവ സമ്ബത്തും ആര്‍ജ്ജവവും ഉള്ള സംഘടനയാണ് ഭാരതീയ ജനതാ പാര്‍ട്ടി. വികസനത്തിനു സമാനതകളില്ലാത്ത പുതിയൊരു പാത തുറന്നിട്ട ശ്രീ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവച്ച മുദ്രാ ലോണുകള്‍ സ്റ്റ്രാര്‍ട്ടപ് ഇന്‍ഡ്യ തുടങ്ങി പുതിയ സംരംഭകര്‍ക്ക് ഏറ്റവും അനുകൂലമായ കാലമാണിത്.
സംരംഭങ്ങള്‍ തുടങ്ങാനും വിജയിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെയും ഇന്‍ഡോറിന്റെ വികസനത്തെ വെല്ലുന്ന നഗരമായി നമ്മുടെ പാലക്കാടിനെ മാറ്റാനും നമുക്ക് തോളോടു തോള്‍ ചേര്‍ന്ന് പോരാടാം. നമ്മുടെ അടുത്ത തലമുറക്കെങ്കിലും സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ ഇല്ലാതാകട്ടെ".
https://www.facebook.com/Malayalivartha


























