എം കെ രാഘവനെതിരെ സുൽഫിക്കർ മയൂരി; 'അദ്ദേഹവും വരത്തനാണ്, എന്തിനാണ് വൈരാഗ്യമെന്നറിയില്ല', എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാനാകില്ല

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് എലത്തൂരിലെ തർക്കങ്ങൾ തുടരുന്നതിനിടെ എം കെ രാഘവൻ എംപിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി രംഗത്ത്. രാഘവന് എന്തിനാണ് വൈരാഗ്യം എന്നറിയില്ലെന്നും. എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാനാകില്ല. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണമെന്നും സുൽഫിക്കർ മയൂരി വ്യക്തമാക്കി.
എം.കെ.രാഘവനും കോഴികോഡ് എത്തി മത്സരിച്ച വ്യക്തിയാണ്. അദ്ദേഹവും വരത്തനാണ്, മണ്ഡലത്തിലെ 80 ശതമാനം കോൺഗ്രസ് പ്രവർത്തകരും തനിക്കൊപ്പമുണ്ട് എന്നും സുൽഫിക്കർ മയൂരി വ്യക്‌തമാക്കി.
എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം കെ രാഘവൻ മുന്നേ പറഞ്ഞിരുന്നു. എലത്തൂരിൽ പ്രതിസന്ധി ഇപ്പോൾ രൂക്ഷമാണ്. കെ.പി സി സി നേതൃത്വം ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
എലത്തൂരിലെ കോൺഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്ഥാനാർത്ഥി വേണമെന്ന് നിലപാടായിരുന്നു സ്വീകരിച്ചത്. അവിടെ ആളും അർത്ഥവുമില്ലാത്ത ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതുമാണ്.
സ്വാഭാവികമായും എലത്തൂരിന്റെ ഇന്നത്തെ അവസ്ഥയിൽ യുഡിഎഫിന്റെ നല്ലൊരു സ്ഥാനാർത്ഥി വന്നാൽ ജയസാധ്യത ഉണ്ടെന്നാണ് അവിടുത്തെ പ്രാദേശികമായുള്ള വികാരമെന്നും എം കെ രാഘവൻ കൂട്ടിച്ചേർക്കുന്നു.
പക്ഷെ, എലത്തൂർ ഭാരതീയ നാഷണൽ ജനതദളിന് നൽകിയാൽ അംഗീകരിക്കുമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം ചെറിയ രീതിയിൽ സൂചന നല്കിയിരിയ്ക്കുകയാണ് . എലത്തൂർ നിയോജക മണ്ഡലത്തിലെ ചേളന്നൂർ പഞ്ചായത്ത് കോൺഗ്രസ് ഭരിക്കുന്നത് ഭാരതീയ നാഷണൽ ജനതാദളിന്റെ പിന്തുണയോടുകൂടിയാണ് . ചേളന്നൂരിൽ ഭാരതീയ നാഷണൽ ജനതദളിന് രണ്ട് അംഗങ്ങളാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























