നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജി;ഇന്ന് വിധിയില്ല
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഹര്‍ജിയില്‍ ഇന്ന് വിധിയില്ല. നാളെ നിലപാട് അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.തിങ്കളാഴ്ച 12 മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയതായി ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പല തരത്തിലുള്ള നീതിയാണ് ഉള്ളതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പത്രികയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ തലശ്ശേരിയിലും ഗുരുവായൂരിലും എന്‍.ഡി.എ.ക്ക് സ്ഥാനാര്‍ഥിയില്ലാതായി. തലശ്ശേരിയില്‍ ബി.ജെ.പി. ജില്ലാപ്രസിഡന്റ് എന്‍. ഹരിദാസിന്റെയും ഗുരുവായൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ദേവികുളത്ത് എന്‍.ഡി.എ.ക്ക് മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ആര്‍. ധനലക്ഷ്മിയുടെ പത്രിക അപൂര്‍ണമാണെന്ന കാരണത്താലാണ് തള്ളിയത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എസ്. ഗണേശനെ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു.
എന്‍. ഹരിദാസ് നല്‍കിയ പത്രികയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഒപ്പോടുകൂടിയ ഫോം ഹാജരാക്കാന്‍ ബി.ജെ.പി. നേതാക്കള്‍ സമയംതേടിയെങ്കിലും അനുവദിച്ചില്ല. ഡമ്മി സ്ഥാനാര്‍ഥിയായി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക തയ്യാറാക്കിയിരുന്നെങ്കിലും അധ്യക്ഷന്റെ ഒപ്പില്ലായിരുന്നു. നിവേദിത നല്‍കിയ പത്രികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താലാണ് തള്ളിയത്. പേരും സീലും ഉണ്ടായിരുന്നെന്നും പത്രിക തള്ളിയത് നീതിയല്ലെന്നും കോടതിയെ സമീപിക്കുമെന്നും നിവേദിത കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു.അതെ സമയം തലശ്ശേരിയിലും, ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്നെയാണെന്ന് സമ്മതിച്ച സുരേന്ദ്രന്‍ ഹൈക്കോടതി വിധി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
” വളരെ വിവേചന പരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണഗതിയില്‍ നോമിനേഷനില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിച്ച് നോട്ടീസ് നല്‍കേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല. നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്നെയാണ്.അത് എങ്ങനെ സംഭവിച്ചുവെന്നത് ഞങ്ങള്‍ പരിശോധിക്കും. തലശ്ശേരിയിലെയും ഗുരുവായൂരിലെയും എന്‍.ഡി.എ വോട്ട് കണ്ട് രണ്ട് മുന്നണികളും മനപ്പായസം ഉണ്ണരുത് എന്നാണ് എനിക്ക് പറയാനുള്ളത്.കോടതി വിധി അനുകൂലമല്ലെങ്കില്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരുടെ കാര്യമെന്താണെന്ന് ഞങ്ങള്‍ തീരുമാനിച്ച് വോട്ടര്‍മാര്‍ക്ക് ആ സന്ദേശം നല്‍കും,” സുരേന്ദ്രന്‍ പറഞ്ഞു. താന്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ സര്‍ക്കാരിന്റെ ചെലവില്‍ അല്ലാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് ഉയരുന്ന പരിഹാസത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം അത്രപെട്ടെന്ന് അണയുന്നതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























