നെയ്യാറ്റിൻകരയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വളർച്ച ചെറുതൊന്നുമല്ല; ഹോട്ടൽ സപ്ലയറിൽ നിന്നും വ്യവസായ പ്രമുഖനിലേക്ക്, വളർച്ചയുടെ പടവുകൾ കയറിയ രാജശേഖരൻ, നെയ്യാറ്റിൻകരയിൽ ഭാഗ്യം തുണക്കുമോ?

വെല്ലുവിളികളുടെ വലിയൊരു ഭൂതകാലമുണ്ട് നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥി രാജശേഖരന്‍ നായര്‍ക്ക്. 10-ാം ക്ലാസ് പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് ആഗ്രഹമുണ്ടായിട്ടു കൂടിയും 17-ാം വയസില്‍ നാടുവിട്ടുപോകേണ്ടി വന്നു രാജശേഖരന്.
നാട്ടില്‍ നിന്നാല്‍ അക്കാലത്ത് ഗുണമുണ്ടാകില്ലെന്ന് കണ്ടാണ് നാടുവിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പത്താം ക്ലാസു കഴിഞ്ഞ് മുംബൈയിലേക്ക് ട്രെയിന്‍ കയറി ഹോട്ടല്‍ ജോലികള്‍ ചെയ്തു നടന്ന ആ പയ്യന്‍ ഇന്ന് വളര്‍ന്ന് കേരളം അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖനായി. ഇന്ന് അയാള്‍ അറിയപ്പെടുന്നത് ചെങ്കല്‍ രാജശേഖരനെന്നാണ്. പഴയ ആര്‍എസ്എസുകാരനായ രാജശേഖരനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല.
ശാഖയിലെ വ്യക്തിത്വ പരിശീലനത്തിന്റെ ഗുണം തന്നിലിപ്പോഴുമുണ്ടെന്ന് രാജശേഖരന്‍ പറയുന്നു. സംഘത്തിന്റെ വിവിധ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് താന്‍ നാടുവിടേണ്ടി വന്നത്, അത്തരമൊരു സാഹചര്യം ഇന്നും നിലനില്‍ക്കുന്നുവെന്ന് രാജശേഖരന്‍ പറയും.
മുംബൈയില്‍ ഹോട്ടലുകളില്‍ സപ്ലയര്‍ മുതല്‍ മാനേജര്‍ വരെയായി ജോലി ചെയ്തിട്ടുണ്ട് രാജശേഖരന്‍. എന്നാല്‍ അന്നുമുതല്‍ കാലങ്ങളായി സൂക്ഷിച്ചുവെച്ച സമ്പാദ്യവുമായി ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകള്‍ പഠിക്കാനും മറ്റും സമയം കണ്ടെത്തുകയും ചെയ്തു. ദിനേശ് അഗര്‍വാള്‍ എന്ന മാര്‍വാഡി ബിസിനസുകാരനെ കണ്ടുമുട്ടിയതാണ് ജിവിതത്തില്‍ വഴിത്തിരിവായത്. അഗര്‍വാളിന്റെ ഹോട്ടലിന്റെ കാര്യങ്ങള്‍ നോക്കി നടന്ന രാജശേഖരനെ അദ്ദേഹം മാനേജരാക്കി മാറ്റി.
18 വര്‍ഷത്തോളം അഗര്‍വാളിന്റെ ഹോട്ടലുകളുടെ മാനേജറായി ജോലി ചെയ്തതിന് ശേഷം അത്രയും കാലം കൊണ്ട് സമ്പാദിച്ച തുകയുമായാണ് രാജശേഖരന്‍ കേരളത്തിലേക്ക് തിരികെ എത്തുന്നത്. കോവളത്ത് ആര്‍ക്കും വേണ്ടാതെ കിടന്ന ചതുപ്പ് പ്രദേശം കുറഞ്ഞ വിലയ്ക്ക് വാങ്ങി അവിടെ റെസ്റ്റൊറന്റ് തുടങ്ങി. ഇന്നത് ഏറ്റവും മനോഹരമായ ബീച്ച് റിസോര്‍ട്ടായി മാറി. ഉദയ സമുദ്ര എന്ന പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള ഹോട്ടല്‍ എന്ന നിലയിലേക്ക് അതുവളര്‍ന്നു പന്തലിച്ചു.
'എന്റെ നാട്ടില്‍ കുടുംബങ്ങളിലൊക്കെ ഒരു ദുഃഖം നിലനില്‍ക്കുന്നുണ്ട്. പലരുടെയും മക്കള്‍ പുറത്താണ്, അമ്മയും അച്ഛനും വീട്ടില്‍ തനിച്ച്. അല്ലെങ്കില്‍ ഭര്‍ത്താവ് ജോലിക്കായി പുറത്തു പോകേണ്ടിവരുന്നു. എല്ലാ സാഹചര്യവും ഉള്ള വീടുകളിലും ഈ ദുഃഖം കാണാനാകും. അതാണു ഞാന്‍ കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ പ്രധാന കാരണം. കുറച്ചു പേരെങ്കിലും വീടുകളില്‍ നില്‍ക്കട്ടെ ഉറ്റവര്‍ക്കൊപ്പം.'- രാജശേഖരൻ പറയുന്നു.
2014-ലെ തിരഞ്ഞെടുപ്പ് കാലത്ത പ്രചാരണത്തിനായി കേരളത്തിലെത്തിയ മോദിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഉദയ സമുദ്രയിലാണ് താമസിച്ചത്. അന്ന് മോദിയുമായി പരിചയപ്പെട്ടു. ഗുജറാത്തിലേക്ക് വന്നാല്‍ ഹോട്ടല്‍ വ്യവസായത്തിന് ഭൂമിയും വൈദ്യുതിയും നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കിയിരുന്നു. എന്നാൽ അത് നിരസിച്ചിരുന്നു എന്നാണ് രാജശേഖരൻ പറയുന്നത്. 2019 ല്‍ വീണ്ടും കേരളത്തിലെത്തിയ പ്രധാനമന്ത്രി താമസിച്ചത് രാജശേഖരന്റെ ഉടമസ്ഥതയിലുള്ള ശംഖുമുഖത്തെ ഉദയ് സ്യൂട്ട്സിലാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന നടി രാധയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്ക്. കാര്‍ത്തിക, വിഘ്നേഷ്, തുളസി. മക്കളുടെ ഡിഗ്രി പഠനം വരെ മുംബൈയില്‍ തുടര്‍ന്നു. മൂന്നു പേരും വിദേശത്തുനിന്ന് എംബിഎയും ഹോട്ടല്‍ മാനേജ്മെന്റും കഴിഞ്ഞ് ഇപ്പോള്‍ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്നു. കാര്‍ത്തികയും തുളസിയും സിനിമാരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്റെ വളർച്ചയിൽ എന്റെ കുടുംബത്തിനും വലിയൊരു പങ്കുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
തനിക്ക് എന്താണോ ഈ നാട്ടില്‍ നിന്ന് ലഭിക്കാതെ പോയത് അത് ഈ നാട്ടിലെ ഭാവി തലമുറയ്ക്ക് ലഭിക്കാന്‍ അവസരമൊരുക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് രാജശേഖരന്‍ പറയുന്നത്. നാട്ടില്‍ വ്യവസായം വരണമെങ്കില്‍ മാറ്റം വരേണ്ടതുണ്ട്. ആളുകള്‍ക്കുള്ളിലുള്ള ഭയം മാറണം. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി ആയിരിക്കാം കേരളത്തെ ഇങ്ങനെ മാറ്റിയത്. അത് മനസിലാക്കിയാണ് ഞാന്‍ കേരളത്തിലേക്ക് വ്യവസായി ആയി എത്തിയത്. നല്ലരീതിയില്‍ വ്യവസായം തുടരുന്നതുപോലെ നാടിനെയും മാറ്റണമെന്ന ആഗ്രഹമുണ്ട്. അതിനുവേണ്ടിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്' രാജശേഖരന്‍ പറയുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ വിജയയാത്രയുടെ സമാപനവേദിയില്‍ അമിത് ഷായില്‍ നിന്നാണ് രാജശേഖരന്‍ നായരും ഭാര്യ രാധയും ബിജെപി അംഗത്വം സ്വീകരിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ രാജശേഖരന്‍ നായര്‍ ബിജെപിയുടെ നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. സിറ്റിംഗ് എംംഎല്‍എ കെ.ആന്‍സലനാണ് സിപിഎം സ്ഥാനാർത്ഥി. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ആര്‍. ശെല്‍വരാജാണ് യുഡിഎഫിനായി രംഗത്തുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 15000 വോട്ടുകള്‍ മാത്രമാണ് ബിജെപി നേടിയത്. തെരഞ്ഞെടുപ്പ് ഫലം എന്തായാലും എന്നും സംഘപരിവാറുകാരനായിരിക്കുമെന്ന് രാജശേഖരന്‍ നായര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























