ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോവളത്തെ ജനങ്ങൾ ആർക്കൊപ്പം? കോവളത്തെ മുത്തുകൾ ആരാണ് പെറുക്കിയെടുക്കുക,

കോവളം എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലോടിയെത്തുക സുന്ദരമായ കടൽത്തീരത്തിന്റെ സൗന്ദര്യമാണ്. ആർക്ക് വേണമെങ്കിലും തങ്ങളുടെ മനോധർമ്മം അനുസരിച്ച് കോവളത്തിന്റെ സൗന്ദര്യത്തെ വാഴ്‌ത്താം. എന്നാൽ, അവിടെയൊരു പ്രശ്നമുണ്ട്, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോവളം എങ്ങോട്ട് ചായുമെന്ന് ചോദിച്ചാൽ അവിടത്തെ ജനങ്ങൾ പൊട്ടി ചിരിക്കും. രാഷ്ട്രീയപ്പാർട്ടികൾ നെറ്റി ചുളിക്കും. കാരണം മറ്റൊന്നുമല്ല, കോവളത്തെ വോട്ടർമാർ മനസ് തുറന്നിട്ടില്ലെന്നത് തന്നെ. തിരഞ്ഞെടുപ്പിന് കേവലം 11 ദിവസം മാത്രം നിൽക്കെ കോവളത്തിന്റെ മനസ് പരൽ മീനിനെ പോലെ വഴുതി മാറിക്കൊണ്ടിരിക്കുകയാണ്.
കടലിന്റെ തിരമാലകൾ ചെറുതും വലുതമായി തീരത്തടിക്കുന്നത് പോലെ കോവളത്തെ തിരഞ്ഞെടുപ്പ് അലകളും സാഹചര്യത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതിനാൽ വിജയം അവകാശപ്പെടുക സങ്കീർണവുമാണ്. സിറ്റിംഗ് എം.എൽ.എയായ കോൺഗ്രസിന്റെ എം.വിൻസെന്റ് തനിക്ക് വിജയം ഉറപ്പാണെന്ന് തീർത്തുപറയുന്നു.
ആഴക്കടൽ മത്സ്യബന്ധന വിവാദം അടക്കം കോൺഗ്രസ് ആയുധമാക്കുമ്പോൾ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇത്തവണ ഇടതുമുന്നണി വോട്ട് തേടുന്നത്. 2016ൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഇടതുമുന്നണി ഉറച്ചുവിശ്വസിക്കുന്നു. ജനതാദളിന്റെ (എസ്) ഡോ.എ.നീലലോഹിതാസ് ആണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. എൻ ഡി.എ സ്ഥാനാർത്ഥിയായി വിഷ്‌ണുപുരം ചന്ദ്രശേഖരനാണ് മത്സരിക്കുന്നത്.
ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡല പുനർനിർണയത്തിൽ തിരുവല്ലം നേമത്തായപ്പോൾ ബാലരാമപുരം കോവളത്തായി. നാടാർ സമുദായത്തിനാണ് ഇവിടെ മുൻതൂക്കം. ഈഴവ സമുദായമാണ് രണ്ടാം സ്ഥാനത്ത്. ലത്തീൻ കത്തോലിക്ക വിഭാഗം മൂന്നാമതും.
എന്നാൽ, മുമ്പും കോവളത്ത് ത്രികോണ മത്സരം നടന്ന ചരിത്രമുണ്ട്. എൽ.ഡി.എഫ് സീറ്റ് നിഷേധിച്ചപ്പോൾ 2006ൽ നീലലോഹിതദാസ് സ്വതന്ത്രനായി മത്സരിച്ചാണ് ആദ്യത്തെ ത്രികോണ മത്സരത്തിന്റെ തുടക്കം കുറിച്ചിരുന്നത്. കോൺഗ്രസുകാരനായിരുന്ന റൂഫസ് ഡാനിയൽ കളം മാറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായെങ്കിലും വിജയം കോൺഗ്രസിനൊപ്പം നിന്നു. 38,764 വോട്ട് നേടിയാണ് അന്നത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ജോർജ് മേഴ്സിയർ നിയമസഭയിലെത്തിയത്. നീലൻ 27,939 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി.
1991ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജോർജ് മസ്ക്രീൻ വിജയിച്ചതിനുശേഷം യു.ഡി.എഫ് രണ്ട് തവണ വിജയിച്ചതും ത്രികോണപ്പോരിലാണ്. 1996ലും 2001ലും ഡോ.എ. നീലലോഹിതദാസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത് യു.ഡി.എഫുമായി നേരിട്ടുള്ള മത്സരത്തിലായിരുന്നു.
എന്നാൽ, 2016ൽ വീണ്ടും ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. കോവളം ടി.എൻ.സുരേഷ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എത്തിയതോടെയായിരുന്നു ഇത്. കോൺഗ്രസിലെ എം. വിൻസെന്റ് 60,268 വോട്ടിന് വിജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ജമീല പ്രകാശത്തിന് 57,653 വോട്ടാണ് ലഭിച്ചത്. ടി.എൻ. സുരേഷ് 30,987 വോട്ട് പിടിച്ച് കരുത്ത് കാട്ടുകയും ചെയ്തു. എൻ.ഡി.എക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് കോവളത്ത് നിന്ന് ലഭിച്ചതും അന്നാണ്. പക്ഷേ, അത്രയും വോട്ട് നേടിക്കൊടുത്ത ടി.എൻ. സുരേഷ് ഇപ്പോൾ എൽ.ഡി.എഫ് ഘടകകക്ഷിയായ എൽ.ജെ.ഡിയിലാണ്.
https://www.facebook.com/Malayalivartha
























