കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടില്‍ ജനിച്ച നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ പൂഴനാട് പ്ലാവിള വീട്ടില്‍ ഷംന (21) പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകളുണ്ട്. ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫ് പൊലീസിനോടു പറഞ്ഞത്. മൂന്നു വര്‍ഷം മുന്‍പായിരുന്നു അല്‍ത്താഫിന്റെയും ഷംനയുടെയും വിവാഹം. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇറച്ചിക്കട തൊഴിലാളിയായ ഭര്‍ത്താവ് അല്‍ത്താഫ് ഉച്ചയ്ക്കു വീട്ടിലെത്തിയപ്പോള്‍ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു.
ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെ ചെരിപ്പെടുക്കാന്‍ മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണി അല്‍ത്താഫ് കണ്ടത്. പരിശോധിച്ചപ്പോള്‍ തുണിക്കുള്ളില്‍ ചോരക്കുഞ്ഞായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു.
https://www.facebook.com/Malayalivartha
























