കോവൂർ കുഞ്ഞുമോൻ എംഎൽഎയെ കഴുത്തിനു പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ... സംഭവം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാനെത്തിയ വേളയിൽ...

കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.
ജനങ്ങളുടെ വലിയ തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫിസ് ഇതിനോടകം പ്രതികരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ തള്ളിമാറ്റിയത് വിഷയമാക്കി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
കുന്നത്തൂരില്‍ പ്രചാരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു തള്ളി മാറ്റിയത്. പാർട്ടിപ്രവർത്തകർക്കിടയിലൂടെ വന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടന്നു വരുകയായിരുന്നു എം.എൽ.എ. പെട്ടെന്നാണ് മുന്നിൽ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ പാഞ്ഞെത്തി എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ചത്.
മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ വിലക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് മുഖ്യമന്ത്രിക്ക് പിന്നിലേക്ക് മാറി ഉദ്യോഗസ്ഥൻ ആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. എം.എൽ.എയെപ്പോലും ആക്രമിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്മാരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളതെന്നും ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
എംഎല്‍എയുടെ ദേഹത്ത് കൈവെച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ ഇതിനോടകം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍, ഈ നാടു മുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളക്‌സുകളുമുണ്ട്.
ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, തന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണെന്നും ഉല്ലാസ് കോവൂര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഞ്ഞുമോന്റെ കഴുത്തില്‍ കുത്തി പിടിച്ച് പുറകോട്ടു തള്ളിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതിരിച്ചു. ഇത് കണ്ടിട്ടും മുഖ്യമന്ത്രി പാലിച്ച മൗനം അങ്ങേയറ്റം നിരാശപ്പെടുത്തി.
രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ ആണെങ്കിലും കുഞ്ഞുമോന്റെ മേല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊതുമധ്യത്തില്‍ കൈവെച്ചത് കുന്നത്തൂരെ മുഴുവന്‍ ജനങ്ങളേയും അപമാനിച്ചതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























