മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ

കരുമം വാര്‍ഡില്‍ നിന്ന് ഹാട്രിക് വിജയം നേടിയ ജി.എസ്. ആശാ നാഥിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ ഈ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമാണെന്നും വലിയൊരു ഉത്തരവാദിത്തമാണ് തന്നില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ആശാ നാഥ് പ്രതികരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വച്ചാണ് തന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ആശാ നാഥ്, കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഭരണപക്ഷത്തിനെതിരെ ബിജെപി നടത്തിയ പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. അമ്മാവന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് പാപ്പനംകോട് വാര്‍ഡിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന ഒരു ബിരുദധാരി പെണ്‍കുട്ടി, എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരം നഗരസഭയുടെ ഉപാധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നു എന്നത് തിളക്കമാര്‍ന്ന ഒരു രാഷ്ട്രീയ വിജയഗാഥയാണ്.
2015-ല്‍ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രന്‍ ഷോക്കേറ്റു മരിച്ചതിനെത്തുടര്‍ന്ന് 2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആശാ നാഥ് കൗണ്‍സിലറായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് തുടങ്ങിയ ജനപിന്തുണ 2020-ലും ഇത്തവണ കരുമം വാര്‍ഡ് നിലവില്‍ വന്നപ്പോഴും ഒട്ടും ചോരാതെ നിലനിര്‍ത്താന്‍ ആശയ്ക്ക് സാധിച്ചു. മൂന്നാം വട്ടവും കൗണ്‍സിലിലേക്ക് എത്തിയതോടെ ഡെപ്യൂട്ടി മേയര്‍ കസേരയും ഈ യുവനേതാവിനെ തേടിയെത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ ബിജെപി നടത്തിയ എല്ലാ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ആശാ നാഥ്. സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകവൃന്ദമുള്ള ഇവര്‍, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിച്ച് 30,000-ത്തിലധികം വോട്ടുകള്‍ നേടി തന്റെ രാഷ്ട്രീയ സ്വാധീനം തെളിയിച്ചിട്ടുണ്ട്. ആര്‍. ശ്രീലേഖയെപ്പോലെയുള്ള പ്രമുഖരുടെ പേരുകള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നെങ്കിലും, രാഷ്ട്രീയ അനുഭവപരിചയവും ജനകീയതയും പരിഗണിച്ച് പാര്‍ട്ടി ഒടുവില്‍ ആശയെ ഈ സുപ്രധാന പദവിയിലേക്ക് നിശ്ചയിക്കുകയായിരുന്നു.
ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമാണെന്നായിരുന്നു ആശാ നാഥിന്റെ ആദ്യ പ്രതികരണം. കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ വച്ചാണ് താന്‍ ഈ വിവരമറിഞ്ഞതെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഈ ഭാരിച്ച ഉത്തരവാദിത്തം ജനങ്ങള്‍ക്കിടയില്‍ ഒരാളായി നിന്ന് വികസന പ്രവര്‍ത്തനങ്ങളിലൂടെ നിറവേറ്റുമെന്നും അവര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നുള്ള വി.വി. രാജേഷ് മേയറായും നേമം മണ്ഡലത്തില്‍ നിന്നുള്ള ആശാ നാഥ് ഡെപ്യൂട്ടി മേയറായും എത്തുന്നതോടെ തലസ്ഥാന നഗരത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ഭാഗമായ വാര്‍ഡില്‍ നിന്നുള്ള വി.വി. രാജേഷിനെ മേയറാക്കുന്നതിലൂടെയും, നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ നിന്നുള്ള ആശാ നാഥിനെ ഡെപ്യൂട്ടി മേയറാക്കുന്നതിലൂടെയും ഈ രണ്ട് എ-ക്ലാസ് മണ്ഡലങ്ങളിലും സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പോടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ തലപ്പത്ത് ബിജെപിയുടെ പുതിയ ഭരണസമിതി അധികാരമേല്‍ക്കും.
https://www.facebook.com/Malayalivartha


























