കേന്ദ്ര ഏജൻസികൾക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ... ഓലപ്പാമ്പ് ഒന്നും കാണിച്ച് പേടിപ്പിക്കണ്ടെന്ന് താക്കീത്...

കിഫ്ബിയുമായി ചുറ്റിപ്പറ്റി കുറച്ച് അധികം കാലങ്ങളായി വിവാദങ്ങൾ പരക്കുകയാണ്. ഇന്നലെ കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഇപ്പോൾ അതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്.
കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെ പരിശോധന ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനമാണ് നടത്തുന്നത്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ആസ്ഥാനത്ത് ഇന്നലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ നോട്ടിസിനു കിഫ്ബി നൽകിയ മറുപടികൾക്കും രേഖകൾക്കും പിന്നാലെയായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ 5 വർഷം നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടി കഴിഞ്ഞ ആഴ്ചയാണ് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയത്.
അല്‍പമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡെല്ലാം നടത്തിയതെന്നും എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്. കേരളത്തില്‍ കിഫ്ബിയുടെ സഹായത്താല്‍ ഉയര്‍ന്നു വന്ന ആശുപത്രികളും സ്‌കൂളുകളും ജനം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്.
നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ നാട് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സിനും ബിജെപിക്കും കിഫ്ബിയോട് വല്ലാത്തൊരു ഇഷ്ടക്കേടാണ് ഉള്ളത്. നാട്ടില്‍ ഒരു വികസനവും നടക്കാന്‍ പാടില്ല എന്ന മനോഭാവമാണവര്‍ക്ക്. ഇങ്ങനൊരു മനോഭാവം നാട്ടിലെ ഒരു പ്രസ്ഥാനത്തിന് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു.
"കേരളസർക്കാർ ദുരിതകാലത്തും പദ്ധതികള്‍ നടപ്പിലാകുന്ന ഘട്ടം വന്നപ്പോള്‍ പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാനായി പുറപ്പാട്. കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്. റിസര്‍വ്വ് ബാങ്കാണ് അനുമതി നല്‍കിയത്", മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് കിഫ്ബിയെ തകർക്കാനായി കേന്ദ്രവും യുഡിഎഫും ചേർന്ന് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്സും ബിജെപിയും യുഡിഎഫും കിഫ്ബിക്കെതിരേ ചന്ദ്രഹാസമിളക്കി. ഇക്കാര്യത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ കേരളാ തല ബന്ധമുണ്ട്. ഈ ധാരണയുടെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ കിഫ്ബിക്കെതിരേ നടപ്പാക്കാന്‍ ശ്രമിച്ചത്.
എന്തോ കിഫ്ബിയ ചെയ്തുകളയും എന്ന മട്ടിലാണ് അവര്‍ വന്നതെന്നും എന്നാല്‍ കിഫ്ബി അവരുടെ അടിസ്ഥാന നിലപാടില്‍ ഉറച്ചു നിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം വേടിയ സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി ബോര്‍ഡിൽ ഉൾപ്പെട്ടവർ. അതുപോലുള്ള പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പിനെ കാട്ടി ഭയപ്പെടുത്താനാവില്ലെന്നും മുന്നറിയിപ്പ് നൽകി.
രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റില്‍ കിഫ്ബിയെ കുറിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് യുഡിഎഫ് എംപിമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച പോലെ അനുകൂല ഉത്തരം ലഭിച്ചില്ല. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് തന്നെ പറയേണ്ടി വന്നു.
മസാലബോണ്ട് കിഫ്ബി സ്വീകരിച്ചത് റിസര്‍വ്വ് ബാങ്കിന്റെ അനുതിയോടെയാണെന്നും പാര്‍ലമെന്റില്‍ നിന്ന് ഉത്തരം കിട്ടി. യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരം തകര്‍ന്നു വീഴുന്ന അവസ്ഥയാണ് കണ്ടതെന്നും അതില്‍ കോണ്‍ഗ്രസ്സിനും യുഡിഎഫനും ബിജെപിക്കും നിരാശയാണ്. ഈ ശക്തികളെല്ലാം യോജിച്ച് ഇപ്പോള്‍ ഇന്‍കം ടാക്‌സുകാരെ പറഞ്ഞയച്ചിരിക്കുകയാണ്" എന്നും മുഖ്യമന്ത്രി ആരോപിച്ചു.
https://www.facebook.com/Malayalivartha


























